Type Here to Get Search Results !

Bottom Ad

കേരളത്തില്‍ ബി.ജെ.പിയെ കാലുറപ്പിക്കാന്‍ അനുവദിക്കരുത്; കാമ്പയിനുമായി 'വേക്കപ്പ് കേരളം'


കാസര്‍കോട്: കേരളത്തെ മതത്തിന്റെ പേരില്‍ വിഭജിക്കാന്‍ ശ്രമിക്കുന്ന ബിജെപിയെ മഞ്ചേശ്വരം, കാസര്‍കോട് ഉള്‍പ്പെടെയുള്ള 10 മണ്ഡലങ്ങളില്‍ വിജയിപ്പിക്കാന്‍ അനുവദിക്കരുതെന്നാവശ്യപ്പെട്ട് കാമ്പയിന്‍ നടത്തുമെന്ന് സാംസ്‌കാരിക കൂട്ടായ്മയായ വേക്കപ്പ് കേരളം ഭാരവാഹികള്‍ വ്യക്തമാക്കി. കാസര്‍കോട്ട് നടത്തിയ വാര്‍ത്താസമ്മേളനത്തിലാണ് ഇക്കാര്യം അറിയിച്ചത്. വേക്കപ്പ് കേരളയുടെ ഭാഗമായ എഴുത്തുകാരിയും സാമൂഹിക പ്രവര്‍ത്തകയുമായ ഡോ. ഖദീജ മുംതാസും കെ. അജിതയും ചേര്‍ന്നാണ് ഈനിലപാട് വ്യക്തമാക്കിയത്. നാടിന്റെ രാഷ്ട്രീയ സുരക്ഷയ്ക്ക് മുന്‍ഗണന നല്‍കി കാസര്‍കോട്ടെ ഇരു മണ്ഡലങ്ങളിലുമുള്ള വോട്ടര്‍മാര്‍ മതനിരപേക്ഷ രാഷ്ട്രീയ പാര്‍ട്ടികള്‍ക്ക് വോട്ട് ചെയ്യണമെന്ന് അവര്‍ അഭ്യര്‍ഥിച്ചു.

വര്‍ഗീയ വിഭജന തന്ത്രം പ്രയോഗിച്ചാണ് എന്‍.ഡി.എയും ബി.ജെ.പിയും മുന്നേറുന്നതെന്നും ഇതു സമൂഹത്തില്‍ ഭിന്നത സൃഷ്ടിക്കുന്നതിലേക്കാണ് നയിക്കുന്നതെന്നും അവര്‍ ആരോപിച്ചു. ന്യൂനപക്ഷങ്ങളെ മാത്രമല്ല, സാമൂഹികമായി പിന്നാക്കം നില്‍ക്കുന്ന ജാതിവിഭാഗങ്ങളെയും ഒറ്റപ്പെടുത്താനുള്ള ശ്രമമാണ് രാജ്യവ്യാപകമായി നടക്കുന്നതെന്ന് നേതാക്കള്‍ ചൂണ്ടിക്കാട്ടി. ഇത്തരം രാഷ്ട്രീയ പ്രവണതകള്‍ക്ക് കേരളം വഴങ്ങരുതെന്നും അവര്‍ കൂട്ടിച്ചേര്‍ത്തു.

നേമം, പാലക്കാട്, തൃശൂര്‍, ചാത്തന്നൂര്‍, ഗുരുവായൂര്‍ തുടങ്ങിയ മണ്ഡലങ്ങളിലാണ് പ്രധാനമായും ബി.ജെ.പിക്കെതിരെ ശക്തമായ പ്രചാരണ പ്രവര്‍ത്തനങ്ങള്‍ സംഘടിപ്പിക്കാന്‍ തീരുമാനിച്ചിരിക്കുന്നത്. സംസ്ഥാനത്തെ രാഷ്ട്രീയ സാഹചര്യങ്ങള്‍ക്കിടെ വോട്ടര്‍മാരെ ബോധവത്കരിക്കുന്നതിനായി ജില്ലയില്‍ വ്യാപക പ്രചാരണ പരിപാടികള്‍ക്ക് തുടക്കമിട്ടതായി ഭാരവാഹികള്‍ അറിയിച്ചു. ബോധവത്കരണ യോഗങ്ങള്‍, സാംസ്‌കാരിക പരിപാടികള്‍, ലഘുലേഖ പ്രചാരണ ക്യാമ്പയിനുകള്‍ എന്നിവ ജില്ലയില്‍ വിവിധ കേന്ദ്രങ്ങളില്‍ സംഘടിപ്പിക്കും. ദേശീയ തലത്തില്‍ പ്രവര്‍ത്തിക്കുന്ന ഓള്‍ ഇന്ത്യാ പീപ്പിള്‍സ് മൂവ്‌മെന്റിന്റെ (എഐപിഎം) ഭാഗമായാണ് കേരളത്തില്‍ വേക്കപ്പ് കേരളം പ്രവര്‍ത്തിക്കുന്നത്. സാഹിത്യകാരന്‍ സച്ചിദാനന്ദനാണ് ഇതിന്റെ ചെയര്‍മാന്‍. രാഷ്ട്രീയ പാര്‍ട്ടികളില്‍ നിന്ന് തികച്ചും സ്വതന്ത്രമായ നിലപാടിലാണ് സംഘടന മുന്നോട്ട് പോകുന്നതെന്നും ഭാരവാഹികള്‍ വ്യക്തമാക്കി. പത്രസമ്മേളനത്തില്‍ എന്‍ സുബ്രഹ്മണ്യന്‍, രവി പാലൂര്‍, അമ്പലത്തറ കുഞ്ഞികൃഷ്ണന്‍ എന്നിവരും പങ്കെടുത്തു.




Tags

Post a Comment

0 Comments

Top Post Ad

Below Post Ad