കാസര്‍കോട്: ഗെയിമിംഗ് ആപ്പ് വഴി ഒന്നരലക്ഷം രൂപയും മൊബൈല്‍ ഫോണും തട്ടിയെടുത്തതില്‍ മനംനൊന്ത് യുവാവ് വിഷം കഴിച്ച് ആത്മഹത്യക്ക് ശ്രമിച്ചു. അമ്പലത്തറ പാറപ്പള്ളി ഗുരുപുരത്തെ 25കാരനാണ് ആത്മഹത്യാശ്രമം നടത്തിയത്. യുവാവിന്റെ പരാതിയില്‍ കാസര്‍കോട് മുട്ടം സ്‌കൂളിനടുത്ത അന്‍സാറിനെതിരെ കാസര്‍കോട് പൊലീസ് കേസെടുത്തു.
ചെങ്കള ഇ.കെ നായനാര്‍ സഹകരണാസ്പത്രിയില്‍ ചികിത്സയില്‍ കഴിയുന്ന ഗുരുപുരം സ്വദേശിയില്‍ നിന്ന് ജില്ലാ മെഡിക്കല്‍ ഓഫീസറും കാസര്‍കോട് ഫസ്റ്റ് ക്ലാസ് മജിസ്ട്രേറ്റും മൊഴി രേഖപ്പെടുത്തി. പണം നിക്ഷേപിച്ചാല്‍ വന്‍ ലാഭം ലഭിക്കുമെന്ന് വിശ്വസിപ്പിച്ച് അന്‍സാര്‍ ഗുരുപുരം സ്വദേശിക്ക് ഒരു ഗെയിം ആപ്പ് പരിചയപ്പെടുത്തുകയും ഇതില്‍ പണമടക്കാന്‍ ആവശ്യപ്പെടുകയും ചെയ്തിരുന്നു.
കഴിഞ്ഞ മാസം 28 മുതല്‍ പല ദിവസങ്ങളിലായി 1,16,000 രൂപ ഗൂഗിള്‍ പേ വഴി നിക്ഷേപിച്ചു. 19,000 രൂപ സുഹൃത്ത് വഴിയും നല്‍കി. യുവാവിന്റെ 15,000 രൂപ വില വരുന്ന മൊബൈല്‍ ഫോണും കൈക്കലാക്കി. തട്ടിപ്പായിരുന്നുവെന്ന് പിന്നീട് തിരിച്ചറിഞ്ഞതോടെ യുവാവ് പണവും മൊബൈല്‍ ഫോണും തിരികെ നല്‍കാന്‍ അന്‍സാറിനോട് ആവശ്യപ്പെട്ടെങ്കിലും ലഭിച്ചില്ല. തുടര്‍ന്നാണ് പൊലീസില്‍ പരാതി നല്‍കിയത്.

Post a Comment
0 Comments