Type Here to Get Search Results !

Bottom Ad

യു.ഡി.എഫ് പ്രചാരണ സംഘത്തെ തടഞ്ഞ സി.ഐ.ടി.യു പ്രവര്‍ത്തകന്‍ വീട്ടിലെത്തി ഖേദം പ്രകടിപ്പിച്ചു


തൃക്കരിപ്പൂര്‍ നിയോജക മണ്ഡലം യു.ഡി.എഫ് സ്ഥാനാര്‍ഥി സന്ദീപ് വാര്യരെ കാണാനെത്തി ചെറുവത്തൂരില്‍ യു.ഡി.എഫിന്റെ പ്രചാരണ പരിപാടി തടഞ്ഞ സി.ഐ.ടി.യു പ്രവര്‍ത്തകന്‍ കൃഷ്ണന്‍. തെറ്റുപറ്റിയതാണെന്നും ഒരു നിമിഷത്തെ ആവേശത്തില്‍ ചെയ്ത പ്രവര്‍ത്തിയില്‍ വലിയ കുറ്റബോധമുണ്ടെന്നും കൃഷ്ണന്‍ പറഞ്ഞതായി സന്ദീപ് വാര്യര്‍ ഫേസ്ബുക്കില്‍ പങ്കുവച്ചു. കൂടിക്കാഴ്ചയുടെ വീഡിയോയും സന്ദീപ് വാര്യര്‍ പങ്കുവച്ചിട്ടുണ്ട്. രാഷ്ട്രീയത്തിന് മുകളില്‍ മനുഷ്യത്വം ജയിക്കുന്നുവെന്നും ഇതാണ് രാഹുല്‍ ഗാന്ധി പറഞ്ഞ സ്നേഹത്തിന്റെ രാഷ്ട്രീയം എന്നും സന്ദീപ് വാര്യര്‍ കുറിച്ചു.

''രാഷ്ട്രീയത്തിന് മുകളില്‍ മനുഷ്യത്വം ജയിക്കുമ്പോള്‍; തൃക്കരിപ്പൂരില്‍ സ്‌നേഹത്തിന്റെ ഒരു പുതിയ അധ്യായം... കഴിഞ്ഞ ദിവസം ചെറുവത്തൂര്‍ ബസ് സ്റ്റാന്റില്‍ യു.ഡി.എഫ് പ്രചാരണ സംഘത്തിന് നേരെയുണ്ടായ ആ കൈയേറ്റം നമ്മെ എല്ലാവരെയും വേദനിപ്പിച്ച ഒന്നായിരുന്നു. എന്നാല്‍ ഇന്ന് എന്റെ വീടിന്റെ ഉമ്മറത്ത് ആ പഴയ 'രാഷ്ട്രീയ ശത്രുത' പടിയിറങ്ങിപ്പോകുന്നതിന് ഞാന്‍ സാക്ഷിയായി. ആക്രമണത്തിന് നേതൃത്വം നല്‍കിയ സി.ഐ.ടി.യു പ്രവര്‍ത്തകന്‍ കൃഷ്ണന്‍ വീട്ടിലെത്തി. തനിക്ക് സംഭവിച്ചത് വലിയൊരു തെറ്റാണെന്നും ആ നിമിഷത്തെ ആവേശത്തില്‍ ചെയ്ത പ്രവര്‍ത്തിയില്‍ വലിയ കുറ്റബോധമുണ്ടെന്നും അദ്ദേഹം നിറകണ്ണുകളോടെ പറഞ്ഞു. രാഷ്ട്രീയ വൈരത്തിനപ്പുറം തൃക്കരിപ്പൂരിന്റെ മണില്‍ നമ്മള്‍ കാത്തുസൂക്ഷിക്കുന്ന ആ പഴയ അയല്‍പക്ക ബന്ധവും സൗഹൃദവുമാണ് അവിടെ തിരികെ വന്നത്. ഇതാണ് രാഹുല്‍ ഗാന്ധി പറഞ്ഞ സ്നേഹത്തിന്റെ രാഷ്ട്രീയം' -സന്ദീപ് വാര്യര്‍ ഫേസ്ബുക്കില്‍ കുറിച്ചു.

യു.ഡി.എഫ് സ്ഥാനാര്‍ഥി സന്ദീപ് വാര്യര്‍ക്ക് വേണ്ടി പ്രചരണം നടത്തുന്ന കാല്‍നട പ്രചാരണ പ്രവര്‍ത്തകരെയായിരുന്നു ചെറുവത്തൂര്‍ ബസ് സ്റ്റാന്റില്‍ സി.പി.എം- സി.ഐ.ടി.യു സംഘം തടഞ്ഞത്. വിവരമറിഞ്ഞ സ്ഥലത്തെത്തിയ സന്ദീപ് വാര്യര്‍ക്കുനേരെയും കയ്യേറ്റത്തിന് ശ്രമം നടന്നു. പ്രചാരണ സാമഗ്രികള്‍ നശിപ്പിക്കുകയും അക്രമം അഴിച്ചുവിടുകയും ചെയ്തിരുന്നു. ബുധനാഴ്ച രാവിലെ 9.30ന് ചെറുവത്തൂര്‍ ബസ് സ്റ്റാന്റിലാണ് സംഭവം. കഴിഞ്ഞ കുറച്ചുദിവസങ്ങളായി സന്ദീപ് വാര്യര്‍ക്ക് വേണ്ട് അഞ്ചു യുവാക്കള്‍ ദേഹത്ത് ബോര്‍ഡുകള്‍ കെട്ടി കാല്‍നടയായി പ്രചാരണം നടത്തിവരികയായിരുന്നു. ഈ പ്രചാരണ സംഘം ചെറുവത്തൂര്‍ ബസ് സ്റ്റാന്റിലെത്തിയപ്പോഴാണ് ബസ് സ്റ്റാന്റ് കലക്ഷന്‍ ഏജന്റും സി.പി.എം പ്രവര്‍ത്തകനുമായ കൃഷ്ണന്റെ നേതൃത്വത്തില്‍ സി.ഐ.ടി.യു ചുമട്ടു തൊഴിലാളികളടങ്ങിയ സംഘം തടയുകയും കയ്യേറ്റം ചെയ്യുകയും ചെയ്തത്.




Tags

Post a Comment

0 Comments

Top Post Ad

Below Post Ad