Type Here to Get Search Results !

Bottom Ad

ടൂറിസത്തിന് വിപുലപദ്ധതികള്‍; സമഗ്ര വികസനം ലക്ഷ്യമിട്ട് കാസര്‍കോട് ബ്ലോക്ക് പഞ്ചായത്ത്


കാസര്‍കോട്: സമഗ്ര വികസനം ലക്ഷ്യമിട്ട് കാസര്‍കോട് ബ്ലോക്ക് പഞ്ചായത്ത് ഭരണസമിതിയുടെ 2026-27 വാര്‍ഷിക ബജറ്റ് വൈസ് ചെയര്‍പേഴ്സണ്‍ ഉഷ അര്‍ജുന്‍ അവതരിപ്പിച്ചു. 16,38,27,000 രൂപ വരവും 15,90,61,000 രൂപ ചെലവും 47,66,000 രൂപ മിച്ചവും പ്രതീക്ഷിക്കുന്ന ബജറ്റാണ് അവതരിപ്പിച്ചത്. ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് അബ്ദുല്ലക്കുഞ്ഞി ചെര്‍ക്കള അധ്യക്ഷത വഹിച്ചു.

സേവനം ജനങ്ങളിലേക്ക് എത്തിക്കുന്നതിന് ഓഫീസുകളിലെ ഭൗതിക സാഹചര്യങ്ങള്‍ മെച്ചപ്പെടുത്തുന്നതിന്റെ ഭാഗമായി വിവിധ പദ്ധതികള്‍ക്കായി 67.7 ലക്ഷം രൂപ ബജറ്റില്‍ വകയിരുത്തി. കൃഷിയെയും കര്‍ഷകരെയും കര്‍ഷക തൊഴിലാളികളെയും ചേര്‍ത്തുനിര്‍ത്തുന്നതിനായി ഈ മേഖലയില്‍ വലിയ ശ്രദ്ധ ബജറ്റിലുണ്ട്. ഗുണമേന്മയുള്ള നടീല്‍ വസ്തുക്കളുടെ വിതരണം, മണ്ണിനനുസൃതമായ കൃഷി, കൃഷി പരിപാലനം, വിളവെടുപ്പ്, വിപണനം എന്നിവ വരെയുള്ള ഘട്ടങ്ങളുടെ ഏകോപനം ആധുനിക ഡിജിറ്റല്‍ സാങ്കേതിക വിദ്യകളുടെ സഹായത്തോടെ കര്‍ഷകര്‍ക്ക് പ്രയോജനപ്രദമാകുന്ന വിധത്തില്‍ 94.5 ലക്ഷം രൂപ പദ്ധതികള്‍ക്കായി വകയിരുത്തി.

> സാമ്പത്തിക സാമൂഹിക പരിസ്ഥിതിക ആവശ്യങ്ങള്‍ കണക്കിലെടുത്ത് സുസ്ഥിര മൃഗപാലനവും ക്ഷീരവികസനവും പ്രോത്സാഹിപ്പിക്കുന്നതിന്റെ ഭാഗമായി 47.8 ലക്ഷം രൂപ വകയിരുത്തി. ശുദ്ധമായ പാല്‍, ഗുണനിലവാര വര്‍ധന, മൂല്യവര്‍ധിത ഉല്‍പ്പന്ന നിര്‍മ്മാണം എന്നിവ ലക്ഷ്യമിടുന്ന പദ്ധതികള്‍ നടപ്പാക്കും.

>ചെറുകിട വ്യവസായങ്ങള്‍, കുടുംബശ്രീ സൂക്ഷ്മസംരംഭങ്ങള്‍, ഇ.എസ്.എസ്, പി.എം.ഇ.ജി.പി, എ.എസ്.എച്ച്.എ പദ്ധതികള്‍ വഴി സംരംഭകത്വം പ്രോത്സാഹിപ്പിക്കും. വനിതാ സംരംഭകര്‍ക്ക് സബ്സിഡിയോടുകൂടിയ ബാങ്ക് വായ്പ, നൈപുണ്യ വികസനം, പുതിയ സാങ്കേതികവിദ്യകളുടെ ഉപയോഗം എന്നിവയ്ക്ക് മുന്‍ഗണന നല്‍കും. ഈമേഖലയ്ക്കായി 55.5 ലക്ഷം രൂപ വകയിരുത്തി.

> ദാരിദ്ര്യ ലഘൂകരണം പ്രാവര്‍ത്തികമാക്കുക എന്നതിലഷ്ഠിതമായി നൂതന പദ്ധതികള്‍ ആവിഷ്‌കരിക്കും. ഭൂരഹിരതരായ കുടുംബങ്ങള്‍ക്ക് ഭൂമി വാങ്ങി നല്‍കുന്നതുള്‍പ്പെടെയുള്ള പ്രവര്‍ത്തികള്‍ക്കായി 1.33 കോടി രൂപ നീക്കിവച്ചു.

> സാമൂഹിക പ്രവര്‍ത്തനങ്ങള്‍ക്കായി 30ലക്ഷം രൂപയും വനിതകളുടെയും കുട്ടികളുടെയും സമഗ്ര പുരോഗതിക്കായി വിദ്യാഭ്യാസം, സ്വയംതൊഴില്‍, സാമ്പത്തിക സ്വാതന്ത്ര്യം, സംരംഭകത്വം, ആരോഗ്യബോധവല്‍ക്കരണം, ലൈംഗികാതിക്രമങ്ങള്‍ക്കെതിരായ നിയമബോധവല്‍ക്കരണം എന്നിവയ്ക്ക് പ്രത്യേക പദ്ധതികള്‍ നടപ്പാക്കുന്നതിന്റെ ഭാഗമായി 47 ലക്ഷം രൂപയും വകയിരുത്തി.

> ആരോഗ്യ രംഗത്തെ സമഗ്ര പുരോഗതിക്കായി 2.26 കോടി രൂപ ബജറ്റില്‍ വകയിരുത്തി. ബ്ലോക്ക് പരിധിയിലെ ഹോമിയോ ആശുപത്രി, കുമ്പള സി.എച്ച്.സി., ബദിയടുക്ക സി.എച്ച്.സി. എന്നിവയെ മാതൃകാ സ്ഥാപനങ്ങളാക്കും.

> വിവിധ കുടിവെള്ളം പദ്ധതികള്‍, മാലിന്യസംസ്‌കരണ പ്രവര്‍ത്തനങ്ങള്‍ എന്നിവയ്ക്കായി 1.15 കോടി രൂപ വകയിരുത്തി.

> റോഡുകള്‍, കെട്ടിടങ്ങള്‍, സ്ട്രീറ്റ് ലൈറ്റിംഗ്, ഗതാഗത നിയന്ത്രണം, പുതുക്കാവുന്ന ഊര്‍ജ്ജ പദ്ധതികള്‍, ശുചിമുറികള്‍, സ്‌കൂള്‍ലൈബ്രറി നവീകരണം, ജൈവമാലിന്യ സംസ്‌കരണം തുടങ്ങിയവയ്ക്ക് 2.69 കോടി രൂപ നീക്കിവച്ചു. വിദ്യാഭ്യാസ- സംസ്‌കാരിക പ്രവര്‍ത്തനങ്ങള്‍ക്കായി 4 .5 ലക്ഷം രൂപയും ജൈവവെവിധ്യ ബോര്‍ഡുമായി സഹകരിച്ച് പദ്ധതി പ്രവര്‍ത്തനങ്ങള്‍ക്കായി 14 ലക്ഷം രൂപയും ബജറ്റില്‍ വകയിരുത്തിയിട്ടുണ്ട്.

പരിമിതമായ ഫണ്ടുകള്‍ ഫലപ്രദമായി വിനിയോഗിച്ച് ഉല്‍പ്പാദന ആരോഗ്യ സാമൂഹിക മേഖലകളിലെ പുരോഗതിയാണ് ലക്ഷ്യമെന്നും രാഷ്ട്രീയ ഭേദമന്യേ പഞ്ചായത്തിന്റെ സമഗ്ര വികസനമാണ് മുന്‍തൂക്കമെന്നും ബജറ്റ് അവതരണത്തില്‍ വൈസ് ചെയര്‍പേഴ്സണ്‍ ഉഷാ അര്‍ജുന്‍ വ്യക്തമാക്കി. ബ്ലോക്ക് പഞ്ചായത്ത് മുന്‍ പ്രസിഡന്റ് മുഹമ്മദ് കുഞ്ഞി ചായിന്റടി, സ്റ്റാന്റ്ിംഗ് കമ്മിറ്റി ചെയര്‍മാന്മാര്‍, ഭരണനിര്‍വഹണ ഉദ്യോഗസ്ഥര്‍, വിവിധ വകുപ്പുകളിലെയും മേധാവികള്‍, മുന്‍ ഭരണസമിതി അംഗങ്ങള്‍ സംസാരിച്ചു.

Tags

Post a Comment

0 Comments

Top Post Ad

Below Post Ad