തിരുവനന്തപുരം: കേരളത്തില്‍ വിവിധ ഭാഗങ്ങളില്‍ വേനല്‍ മഴ ലഭിക്കുന്നുണ്ടെങ്കിലും അള്‍ട്രാ വയലറ്റ് (യുവി) വികിരണത്തിന്റെ തോതില്‍ കുറവില്ലെന്ന് സംസ്ഥാന ദുരന്തനിവാരണ വകുപ്പ്. അന്തരീക്ഷത്തിലെ ചൂട് താത്കാലികമായി കുറയ്ക്കാന്‍ വേനല്‍മഴ സഹായിക്കുന്നു. എന്നാല്‍ സൂര്യനില്‍ നിന്നുള്ള മാരകമായ യുവി വികിരണങ്ങളെ പ്രതിരോധിക്കാന്‍ ഇത് പര്യാപ്തമല്ലെന്നും അധികൃതര്‍ വ്യക്തമാക്കി.
നിലവില്‍ പല ജില്ലകളിലും യുവി സൂചിക അപകടകരമായ നിലയില്‍ തുടരുകയാണ്. ഇടുക്കി മൂന്നാറിലാണ് ഏറ്റവും കൂടുതല്‍ യുവി നിരക്ക് രേഖപ്പെടുത്തിയത് (എട്ട്). കോന്നി, ചെങ്ങന്നൂര്‍, ചങ്ങനാശേരി, തൃത്താത്തല, പൊന്നാനി, മാനന്തവാടി എന്നിവിടങ്ങളിലും യുവി നിരക്ക് കൂടുതലാണ്. മഴ പെയ്യുമ്പോള്‍ ആകാശം മേഘങ്ങളാല്‍ പൂര്‍ണമായും മൂടപ്പെട്ടാല്‍ മാത്രമേ വികിരണത്തിന്റെ അളവ് ഗണ്യമായി കുറയുകയുള്ളൂ. എന്നാല്‍ വേനല്‍മഴ ഒറ്റപ്പെട്ട പ്രദേശങ്ങളില്‍ ചുരുങ്ങിയ സമയത്തേയ്ക്ക് മാത്രമാണ് ലഭിക്കുന്നത്. അതിനാല്‍തന്നെ മഴമേഘങ്ങള്‍ മാറി ആകാശം തെളിയുന്നതോടെ വികിരണത്തിന്റെ തോതും അതിവേഗം ഉയരുന്ന സാഹചര്യമാണ് നിലവിലുള്ളത്. വെയില്‍ ശക്തമാകുന്നതോടെ വീണ്ടും അപകടകരമായ നിലയിലേയ്ക്ക് എത്തുന്നതിനാല്‍ ജനങ്ങള്‍ അതീവ ജാഗ്രത പാലിക്കണമെന്നും ദുരന്തനിവാരണ വകുപ്പ് നിര്‍ദേശിച്ചു.

Post a Comment
0 Comments