കാസര്‍കോട്: ഇന്‍സ്റ്റഗ്രാമില്‍ അയച്ച സന്ദേശത്തെ തുടര്‍ന്നുണ്ടായ വൈരാഗ്യത്തില്‍ യുവാവിനെ കൂട്ടമായി ആക്രമിച്ചെന്ന കേസില്‍ 10 പേര്‍ക്കെതിരെ കാസര്‍കോട് പൊലീസ് കേസെടുത്തു. റോഷന്‍ എന്ന 21 വയസുകാരന് മര്‍ദ്ദനമേറ്റ സംഭവത്തില്‍ മിഥുന്‍, ജിതേഷ്, അമൃത്, ശൈലേഷ്, രമിത് എന്നിവരെയും തിരിച്ചറിയാത്ത മറ്റു അഞ്ചു പേര്‍ക്കെതിരെയുമാണ് കേസ്.
ചൊവ്വാഴ്ച വൈകിട്ട് ഏഴരയോടെ കുഡ്ലു ഗ്രാമത്തിലെ ശിവ കൃഷ്ണ ക്ലബിന് സമീപമാണ് കേസിനാസ്പദമായ സംഭവം. ഇന്‍സ്റ്റഗ്രാമില്‍ അയച്ച സന്ദേശത്തെ ചൊല്ലിയുണ്ടായ വിരോധത്തെ തുടര്‍ന്ന് പ്രതികള്‍ സംഘം ചേര്‍ന്ന് റോഷനെ ആക്രമിച്ചെന്നാണ് പരാതി. പരിക്കേറ്റ റോഷനെ കാസര്‍കോട് ജനറല്‍ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. കാസര്‍കോട് പൊലീസ് സ്റ്റേഷനിലെ ഗ്രേഡ് എസ്.ഐ ഷാജു എ.സിയുടെ നേതൃത്വത്തിലാണ് അന്വേഷണം. ഒളിവില്‍ പോയ പ്രതികള്‍ക്കായി പൊലീസ് അന്വേഷണം ഊര്‍ജിതമാക്കി.

Post a Comment
0 Comments