കുണിയ (കാസര്‍കോട്): സമസ്ത ശതാബ്ദി അന്താരാഷ്ട്ര മഹാസമ്മേളനത്തിന്റെ സമാപന പൊതുസമ്മേളനത്തില്‍ ഐക്യ ആഹ്വാനവുമായി പ്രസിഡന്റ് സയ്യിദ് മുഹമ്മദ് ജിഫ്രി മുത്തുക്കോയ തങ്ങള്‍. വിട്ടുപോയ സുന്നി സംഘടനകള്‍ മാതൃസംഘടനയിലേക്ക് തിരിച്ചുവരണമെന്നും ഇക്കാര്യം കുണിയയില്‍ കഴിഞ്ഞദിവസം ചേര്‍ന്ന കേന്ദ്ര മുശാവറ യോഗം ചര്‍ച്ച ചെയ്തതായും അദ്ദേഹം പറഞ്ഞു. സമാപന പൊതുസമ്മേളനത്തില്‍ സംസാരിക്കുകയായിരുന്നു ജിഫ്രി തങ്ങള്‍.
താല്‍കാലികമായി വിട്ടുനില്‍ക്കുന്ന വ്യക്തികളടക്കമുള്ളവര്‍ സമസ്തയുമായുള്ള പ്രശ്നാങ്ങള്‍ തീര്‍ക്കാന്‍ മുന്നോട്ടു വരണം. സമസ്ത വലിയ സംഘടനയാണ്. അതിനെ നിസാരമാക്കാന്‍ ശ്രമിച്ചാല്‍ എല്ലാവര്‍ക്കും വേദനിക്കും. ഒത്തൊരുമിച്ചു പോകാനാണ് എല്ലാവരും ശ്രമിക്കേണ്ടത്. സമസ്ത വിളിച്ചാല്‍ വരുന്നതു മാത്രമല്ല, പോകേണ്ടെന്നു പറഞ്ഞാല്‍ പോകില്ലെന്നും ജിഫ്രി തങ്ങള്‍ പറഞ്ഞു.
ശതാബ്ദിയുടെ ഭാഗമായി സമസ്തയ്ക്ക് അഞ്ചുവര്‍ഷത്തെ പദ്ധതികളുണ്ട്. ദേശീയ വിദ്യാഭ്യാസ പദ്ധതി വ്യാപിപ്പിക്കും. രാജ്യത്തിന്റെ സൗഹൃദവും സഹിഷ്ണുതയും നിലനിര്‍ത്തിയാകും സമസ്തയുടെ പ്രവര്‍ത്തനം. ബിദഈ പ്രസ്ഥാനക്കാരോടും വ്യാജ ത്വരീഖത്തുകാരോടും യോജിപ്പില്ല. അത് ആവിര്‍ഭാവ കാലം മുതലുള്ള സമസ്തയുടെ നിലപാടാണ്. സമസ്തയുടെ നിര്‍ദേശങ്ങള്‍ക്കനുസരിച്ചാവണം പോഷക സംഘടനകള്‍ പ്രവര്‍ത്തിക്കേണ്ടതെന്നും ജിഫ്രി തങ്ങള്‍ പറഞ്ഞു.

Post a Comment
0 Comments