Type Here to Get Search Results !

Bottom Ad

സമസ്ത നൂറാം വാര്‍ഷികം ജനലക്ഷങ്ങളെ വരവേല്‍ക്കാന്‍ ഒരുങ്ങി കുണിയ


കുണിയ (കാസര്‍കോട്): നാടും നഗരവും കുണിയയിലേക്ക്. ഫെബ്രുവരി നാല് മുതല്‍ എട്ട് വരെ നടക്കുന്ന സമസ്ത നൂറാം വാര്‍ഷിക അന്താരാഷ്ട്ര മഹാ സമ്മേളനത്തിനെത്തുന്ന ജനലക്ഷങ്ങളെ വരവേല്‍ക്കാന്‍ ഒരുങ്ങുകയാണ് കുണിയ. അഞ്ച് ദിവസങ്ങളോളം നീണ്ട് നില്‍ക്കുന്ന സമ്മേളന ക്യാമ്പിലേക്കെത്തുന്ന ആയിരങ്ങളെ സ്വീകരിക്കാനുള്ള തയ്യാറെടുപ്പ് കുണിയയില്‍ മാസങ്ങള്‍ക്ക് മുമ്പേ ആരംഭിച്ചിരുന്നു. സമ്മേളനത്തോടനുബന്ധിച്ച് കാഴ്ചയുടെ വിസ്മയ വിരുന്നൊരുക്കിയ ഗ്ലോബല്‍ എക്സ്പോ കഴിഞ്ഞ വെള്ളിയാഴ്ച ആരംഭിച്ചു. ആദ്യ രണ്ട് ദിവസം സ്ത്രീകള്‍ക്ക് മാത്രം പ്രവേശനം അനുവദിച്ചിരുന്ന എക്സ്പോയിലേക്ക് ഇന്ന് മുതല്‍ പുരുഷന്മാര്‍ക്കായിരിക്കും പ്രവേശനം.

ഇന്ന് വൈകുന്നേരം നാലിന് കോഴിക്കോട് വരക്കല്‍ മഖാമില്‍ സമസ്ത പ്രസിഡന്റ് സയ്യിദ് മുഹമ്മദ് ജിഫ്രി മുത്തുക്കോയ തങ്ങളുടെ നേതൃത്വത്തില്‍ സിയാറത്ത് നടക്കും. തുടര്‍ന്ന് സമ്മേളന നഗരിയില്‍ ഉയര്‍ത്താനുള്ള, ലോകത്തിന്റെ വിവിധ ഭാഗങ്ങളില്‍ നിന്നും എത്തിച്ച 100 പതാകകള്‍ സമസ്ത ജന. സെക്രട്ടറി പ്രൊഫ. കെ ആലിക്കുട്ടി മുസ്ലിയാര്‍ ഏറ്റുവാങ്ങും. സമസ്ത ട്രഷറര്‍ ഉമര്‍ മുസ്ലിയാര്‍ കൊയ്യോട്, വിദ്യാഭ്യാസ ബോര്‍ഡ് ജന. സെക്രട്ടറി എം.ടി അബ്ദുല്ല മുസ്ലിയാര്‍, കോട്ടുമല മൊയ്തീന്‍ കുട്ടി മുസ്ലിയാര്‍, അറ്റാശ്ശേരി മമ്മിക്കുട്ടി ഹസ്രത്ത് തുടങ്ങിയ പ്രമുഖ പണ്ഡിതരും ഉമറാക്കളും സംബന്ധിക്കും. വരക്കലില്‍ നിന്നും പതാകകള്‍ തളങ്കര മാലിക് ദീനാര്‍ മഖാമിലേക്ക് കൊണ്ടുവരും. ബുധനാഴ്ച ഉച്ചക്ക് രണ്ട് മണിക്ക് മാലിക് ദീനാര്‍ മഖ്ബറയില്‍ നിന്നും പതാകകള്‍ 3,313 വിഖായ, ഖിദ്മ, ആമില വിഭാഗങ്ങളിലെ വളണ്ടയര്‍മാരുടെ അകമ്പടിയോടെ സമ്മേളന നഗരിയിലേക്കെത്തിക്കും.

വൈകുന്നേരം നാലിന് നൂറ് പതകകളും വാനിലേക്കുയരുന്നതോടെ സമ്മേളനത്തിന് തുടക്കമാവും. തുടര്‍ന്ന് 11,111 പ്രബോധകര്‍ക്കുള്ള ദാഈ പഠന ക്യാമ്പ് ആരംഭിക്കും. വെള്ളിയാഴ്ച വൈകുന്നേരം 4-ന് ജനറല്‍ ക്യാമ്പ് ആരംഭിക്കും. ഇതോടെ ക്യാമ്പ് അംഗങ്ങളുടെ എണ്ണം 33,313 ആയി ഉയരും. ഫെബ്രുവരി എട്ടിന് ഞായറാഴ്ച വൈകുന്നേരം കുണിയയില്‍ പ്രത്യേകം തയ്യാറാക്കിയ വരക്കല്‍ മുല്ലക്കോയ തങ്ങള്‍ നഗരിയില്‍ നടക്കുന്ന സമാപന സമ്മേളനത്തില്‍ ലക്ഷങ്ങള്‍ സംബന്ധിക്കും. വിവിധ രാജ്യങ്ങളിലെ പ്രതിനിധികളും പ്രമുഖ നേതാക്കളും സമ്മേളനച്ചടങ്ങുകളില്‍ സംബന്ധിക്കും. ഒരേ സമയം 1200 പേര്‍ക്ക് ഇരിക്കാവുന്ന പ്രധാന വേദിയാണ് സമ്മേളനത്തിനായി പൂര്‍ത്തിയായി വരുന്നു.

Post a Comment

0 Comments

Top Post Ad

Below Post Ad