കാസര്‍കോട്: സമസ്തയുടെ നൂറാം വാര്‍ഷിക മഹാസമ്മേളനത്തിന്റെ ഭാഗമായി സമ്മേളന നഗരിയുടെ അയല്‍പ്രദേശമായ ചെരുമ്പ ഹയാത്തുല്‍ ഇസ്്‌ലാം ജമാഅത്ത് കമ്മിറ്റി നടത്തിയ ശാസ്ത്രീയവും സുസംഘടിതവുമായ പ്രവര്‍ത്തനങ്ങള്‍ക്ക് സമസ്ത വേദിയില്‍ ആദരവ് നല്‍കി. ഫെബ്രുവരി രണ്ടു മുതല്‍ എട്ടുവരെ കാസര്‍കോട് കുണിയയില്‍ നടന്ന മഹാസമ്മേളനത്തിന്റെ വിജയത്തില്‍ ചെരുമ്പ മഹല്ലിന്റെ പങ്ക് നിര്‍ണായകമായിരുന്നുവെന്ന് സമസ്ത നേതൃത്വം വ്യക്തമാക്കി. സമ്മേളന പ്രഖ്യാപന നാളുമുതല്‍ തന്നെ വിജയത്തിനായി മുന്നൊരുക്കങ്ങള്‍ ആരംഭിച്ച ജമാഅത്ത് കമ്മിറ്റി, സമസ്ത പ്രസിഡന്റ് ജിഫ്രി മുഹമ്മദ് മുത്തുക്കോയ തങ്ങളുടെ നിര്‍ദേശ പ്രകാരം മഹല്ല് തലത്തില്‍ പ്രവര്‍ത്തന സജ്ജരാകണമെന്ന് ആഹ്വാനം ചെയ്തു. മഹല്ലിലെ 450-ഓളം കുടുംബങ്ങളെ ഏകോപിപ്പിച്ച് സമ്മേളന സേവനത്തിനായി രംഗത്തിറക്കുകയായിരുന്നു.
സമ്മേളനത്തിനെത്തുന്നവരുടെ സ്വീകരണവും പരിചരണവും സൗകര്യങ്ങളൊരുക്കലും ചെരുമ്പ മഹല്ലിന്റെ കീഴില്‍ കാര്യക്ഷമമായി നടപ്പാക്കി. ഗ്ലോബല്‍ എക്‌സ്‌പോയിലേക്കെത്തിയ സ്ത്രീകള്‍ക്ക് ആവശ്യമായ ബാത്ത് റൂം സൗകര്യങ്ങള്‍ വീടുകളില്‍ ഒരുക്കാന്‍ മഹല്‍ നിവാസികള്‍ തയാറായി. വാഹന പാര്‍ക്കിംഗിനായി വീടുകളുടെ പറമ്പുകള്‍ വിട്ടുനല്‍കി. സമ്മേളനത്തില്‍ പങ്കെടുക്കാനെത്തിയ പണ്ഡിതര്‍ക്കും ഉസ്താദുമാര്‍ക്കും വിദ്യാര്‍ഥികള്‍ക്കും മറ്റു അതിഥികള്‍ക്കും താമസ സൗകര്യമായി മഹല്ലിന് കീഴിലുള്ള പള്ളികളും മദ്രസകളും ജമാഅത്ത് കെട്ടിടങ്ങളും വീടുകളും തുറന്നുനല്‍കി. ഓരോ ദിവസവും രാവിലെ സുബഹി നിസ്‌കാരത്തിന് ശേഷം വീടുകളില്‍ നിന്ന് കൊണ്ടുവന്ന ഭക്ഷണം താമസിക്കുന്നവര്‍ക്ക് വിതരണം ചെയ്തു.
വെള്ളത്തിന്റെ ആവശ്യകത വര്‍ധിച്ച സാഹചര്യത്തില്‍ ആദ്യം മൊയ്ദീന്‍ കുഞ്ഞി ഹാജിയുടെ വീടില്‍ നിന്നു വെള്ളം ലഭ്യമാക്കി. തുടര്‍ന്ന് ആവശ്യകത കൂടിയപ്പോള്‍ പരിസര വീടുകളില്‍ നിന്നുമുള്ള വെള്ളവും ഉപയോഗിച്ചു. ഒടുവില്‍ ജമാഅത്ത് കമ്മിറ്റിയുടെ നേതൃത്വത്തില്‍ സ്വകാര്യ കമ്പനിയില്‍ നിന്ന് ടാങ്കര്‍ ലോറിയിലൂടെ വെള്ളമെത്തിച്ച് താമസക്കാരുടെ ആവശ്യങ്ങള്‍ നിറവേറ്റി. വെള്ളിയാഴ്ച രണ്ടു മഹല്ലുകളില്‍ ഗ്രാന്‍ഡ് ജുമുഅ സംഘടിപ്പിക്കണമെന്ന് സമസ്ത നിര്‍ദേശിച്ചതനുസരിച്ച്, അതില്‍ ഒന്ന് ചെരുമ്പ ജമാഅത്തിന് കീഴിലുള്ള രിഫാഹിയ്യ ജുമാമസ്ജിദില്‍ നടന്നു. 4,000പേര്‍ക്ക് മാത്രം സൗകര്യമുള്ള മസ്ജിദ് പതിനായിരത്തോളം വിശ്വാസികള്‍ക്ക് ജുമുഅ നിസ്‌കാരം നടത്താനായി വിപുലീകരിച്ചു. പള്ളിയുടെ ഉള്ളിലെ മിഅറാബ് ജനല്‍ക്കട്ടിലുകള്‍ നീക്കി ഗ്രൗണ്ടിലേക്ക് മാറ്റിസ്ഥാപിക്കുകയും മിമ്പര്‍ ഒരുക്കുകയും ചെയ്തു.
ജുമുഅ നിസ്‌കാരത്തിന് മസ്ജിദ് മുദരിസ് അബ്ദുല്‍ റൗഫ് ഫൈസി ചേരൂര്‍ നേതൃത്വം നല്‍കി. ചെരുമ്പ മഹല്ലിലെ മുഴുവന്‍ യുവാക്കളും മുതിര്‍ന്നവരും വിഖായ വളണ്ടിയര്‍മാരായി സേവനം അനുഷ്ഠിച്ചു. പള്ളിക്കര സംയുക്ത ജമാഅത്തും ബേക്കല്‍ റൈഞ്ചും കീഴിലുള്ള ചെരുമ്പ ജമാഅത്ത് കമ്മിറ്റിയും ബേക്കല്‍ റൈഞ്ച് പ്രസിഡന്റ് അബൂബക്കര്‍ സിദ്ധീഖ് ഫൈസി ഇര്‍ഫാനയുടെ നേതൃത്വത്തില്‍ മിഫ്താഹുല്‍ ഉലൂം മദ്രസയും പ്രവര്‍ത്തനങ്ങള്‍ക്ക് ശക്തമായ നേതൃത്വം നല്‍കി.സമസ്തയുടെ മഹാസമ്മേളനം കാസര്‍കോട് ജില്ലയിലെ ചരിത്രത്തില്‍ പുതിയ അധ്യായം തുറന്നപ്പോള്‍ അതിന്റെ ഭാഗമാകാന്‍ ചെരുമ്പ മഹല്ലിനും സാധിച്ചു. സമ്മേളന വിജയ ത്തില്‍ ചെരുമ്പ മഹല്ലിന്റെ സമഗ്ര പങ്കാളിത്തം പരിഗണിച്ച് സമസ്ത വേദിയില്‍ ജമാഅത്ത് കമ്മിറ്റിയെ ആദരിച്ചു. ജമാഅത്ത് കമ്മിറ്റിയുടെ പ്രവര്‍ത്തനങ്ങള്‍ക്ക് ജനറല്‍ സെക്രട്ടറി സി.പി സുലൈമാനും കമ്മിറ്റി ഭാരവാഹികളും നേതൃത്വം നല്‍കി. സമസ്ത പോലൊരു മഹാപണ്ഡിതസഭയില്‍ നിന്ന് ലഭിച്ച ഈ അംഗീകാരം മഹല്ലിലെ ഓരോ വീട്ടുകാരുടെയും നാട്ടുകാരുടെയും ആത്മാര്‍ഥ പ്രവര്‍ത്തനത്തിന്റെ ഫലമാണെന്ന് ജമാഅത്ത് കമ്മിറ്റി വ്യക്തമാക്കി. സമ്മേളനത്തിനായെത്തിയ പണ്ഡിതന്മാര്‍ക്കും ഉസ്താദുമാര്‍ക്കും വിദ്യാര്‍ഥികള്‍ക്കും പൊതുജനങ്ങള്‍ക്കും ആവശ്യമായ സൗകര്യങ്ങള്‍ ഒരുക്കി സേവനം നടത്താനായതില്‍ ചെരുമ്പ മഹല്ലിലെ നാട്ടുകാര്‍ മുഴുവന്‍ വലിയ ആത്മസംതൃപ്തിയിലാണ്.

Post a Comment
0 Comments