കുണിയ: സമസ്ത സെന്റിനറി ഗ്ലോബല്‍ എക്‌സ്‌പോ നഗരിയില്‍ വേറിട്ട അനുഭവമായി അലിഫ് ലാം മീം. ഖുര്‍ആന്റെ ആലാപന സൗകുമാര്യവും ആശയപ്രപഞ്ചവും പാരായണ നിയമ ഘടനാ വിശേഷങ്ങളും പങ്കുവച്ച വ്യത്യസ്ത സെഷനുകള്‍ക്ക് ഈ മേഖലയിലെ പ്രഗത്ഭരും പ്രശസ്തരുമായ പണ്ഡിതരും ഹാഫിളുകളും നേതൃത്വം നല്‍കി. ഉസ്താദ് നസീം ബാഖവി (ഖിറാഅത്ത്, ഖുര്‍ആന്‍ സന്ദേശം), ഹാഫിസ് അബൂബക്കര്‍ ഫൈസി അമ്പലക്കണ്ടി (ഖിറാഅത്, ഹലാവത്തുല്‍ ഖുര്‍ആന്‍), ഹാഫിസ് സല്‍മാന്‍ ഫൈസി (തജ്വീദ്) എന്നിവര്‍ ചര്‍ച്ചകള്‍ നയിച്ചു.
ഖുര്‍ആന്റെ പാരായണ നൈപുണ്യവും വിഷയസംബന്ധമായ അവഗാഹവും തെളിയിക്കുന്ന സെഷനുകളില്‍ ഹാഫിളുകളായ ഹാഫിസ് അനസ് മാലിക്, ഹാഫിസ് റസീന്‍ എന്നിവര്‍ പങ്കെടുത്തു. സ്വന്തം കൈപ്പടയില്‍ ഖുര്‍ആന്‍ കൈയെഴുത്ത് പ്രതി തയാറാക്കി ലോകത്തിലെ ഏറ്റവും പ്രായം കുറഞ്ഞ വ്യക്തി എന്ന വേള്‍ഡ് റെക്കോര്‍ഡ് കരസ്ഥമാക്കി ഖത്തര്‍ അല്‍ ജസീറ അടക്കമുള്ള ലോക വാര്‍ത്താ മാധ്യമങ്ങളില്‍ ഇടം പിടിച്ച കണ്ണൂര്‍ എട്ടിക്കുളം ശറഫുല്‍ ഇസ്ലാം മദ്‌റസാ നാലാം ക്ലാസ് വിദ്യാര്‍ഥി മുഹമ്മദ് മിദ്ലാജിനെ ആദരിച്ചു.
തുടര്‍ന്ന് ഖുര്‍ആന്‍ ഹിഫ്സിലും പാരായണത്തിലും അസാമാന്യ പ്രതിഭാ വിലാസം പ്രദര്‍ശിപ്പിച്ച് ശ്രദ്ധനേടിയ എം.ഐ.സി തഹ്ഫീളുല്‍ ഖുര്‍ആന്‍ കോളജ് വിദ്യാര്‍ഥികളായ മുഹമ്മദ് ജാസില്‍, മുഹമ്മദ് റാസി, മുഹമ്മദ് മുനവ്വര്‍ സില്‍വാന്‍, എസ്. അബ്ദുല്ല എന്നിവരുടെ പ്രതിഭയുടെ മാറ്റുരക്കുന്ന ചോദ്യോത്തര സെഷന്‍ വേറിട്ട അനുഭവമായി.
ഇന്ന് (വെള്ളി) വൈകിട്ട് നാലിന് 'മനം മടുക്കുമോ' എന്ന വിഷയത്തില്‍ സംവാദം നടക്കും. സല്‍മാന്‍ അലി മോഡറേറ്ററാകും. ജാഫര്‍ റഹ് മാനി കിടങ്ങയം, മിഖ്ദാദ് സുലൈമാന്‍, ഡോ. അര്‍ഷാദ് കൊളത്തൂര്‍ പങ്കെടുക്കും. വൈകിട്ട് അഞ്ചിന് മാമ്പുഴ അല്‍ഹസനാത്ത് കോളജ് വിദ്യാര്‍ഥികളുടെ മദ്ഹ് മാര്‍ഷപ്, കേരള കിസ്സപ്പാട്ട് സംഘം അവതരിപ്പിക്കുന്ന ഏഴ് വ്യത്യസ്ത ചരിത്ര കഥകളുടെ പാടിപ്പറയല്‍, പൈവളിഗെ യ്യക്കി ഉസ്താദ് സ്മാരക അക്കാദമിയുടെ ബുര്‍ദ എന്നിവ അരങ്ങേറും.

Post a Comment
0 Comments