കുണിയ (കാസര്‍കോട്): പ്രബോധകരാവാന്‍ സ്വയം സന്നദ്ധരായെത്തിയ 10000 ദാഈമാര്‍, ആദര്‍ശവും ആത്മീയതയും അരിക്കിട്ടുറപ്പിക്കാന്‍ സജ്ജരായെത്തുന്ന 23313 ക്യാംപ് പ്രതിനിധികള്‍, ഒരു നൂറ്റാണ്ടായി കേരളക്കരയാകെ ഇസ്ലാമിക വെളിച്ചം പ്രസരിപ്പിച്ച സമസ്ത കേരള ജംഇയ്യതുല്‍ ഉലമയെന്ന ആദര്‍ശ പ്രസ്ഥാനത്തിന്റെ ശതാബ്ദി സമ്മേളനത്തിന്റെ ഭാഗമായുള്ള സെന്റിനറി ക്യാംപ് ഇന്ന് (വെള്ളി) മുതല്‍ പൂര്‍ണതയിലേക്ക്.
സപ്തഭാഷാ സംഗമ ഭൂമി മുതല്‍ അനന്തപുരി വരെയും കര്‍ണാടക, തമിഴ്നാട്, ലക്ഷദ്വീപ്, ആന്‍ഡമാന്‍ നിക്കോബാര്‍ ദ്വീപ്, തുടങ്ങി ഗള്‍ഫ് രാഷ്ട്രങ്ങള്‍ വരെ നീണ്ടു നില്‍ക്കുന്ന സമസ്ത പ്രതിനിധികളുടെ സംഗമഭൂമിയാണ് ശതാബ്ദി മഹാ സമ്മേളനത്തിന്റെ ഭാഗമായുള്ള സെന്റിനറി ക്യാംപ്. വിവിധ സംസ്‌കാരങ്ങളില്‍ വൈവിധ്യങ്ങളില്‍ ജീവിച്ച ഒട്ടനേകം മനുഷ്യര്‍ സമസ്ത വിഭാവനം ചെയ്യുന്ന അഹ്ലുസ്സുന്നതി വല്‍ജമാഅയെന്ന മഹിതമായ ആശയത്തില്‍ മൂന്ന് രാപകലുകള്‍ ഒന്നിച്ചിരുന്നും ഒന്നിച്ചുണ്ടും ഒന്നിച്ചുറങ്ങിയും മൂന്നുനാള്‍ ആദര്‍ശവിശുദ്ധിയിലേക്ക് സ്വയം പരിവര്‍ത്തനപ്പെടുന്നു.
സമസ്ത കേരള ജംഇയ്യതുല്‍ ഉലമയുടെ നൂറാം വാര്‍ഷിക അന്താരാഷ്ട്ര മഹാ സമ്മേളനത്തിന്റെ ഏറ്റവും പ്രധാന ആകര്‍ഷണങ്ങളിലൊന്നായ ശതാബ്ദി ക്യാംപില്‍ ഇന്ന് (വെള്ളി) മുതല്‍ സമാപന ദിനമായ ഞായറാഴ്ച വരെ വിവിധ വിഷയങ്ങളിലായി സാരസമ്പൂര്‍ണവും പഠനാര്‍ഹവുമായ 16 വിഷയാവതരണങ്ങള്‍ നടക്കും. ആദര്‍ശം, വിശുദ്ധി, നൂറ്റാണ്ടുകള്‍ തുടങ്ങിയ മേഖലകളിലായുള്ള വിദഗ്ധരുടെ ക്ലാസുകള്‍ ആത്മാവിനെ തൊട്ടുണര്‍ത്തും.
സമസ്തയുടെ അടയാളപ്പെടുത്തലായി റെക്കോര്‍ഡ് പുസ്തകത്തില്‍ ഇടം പിടിച്ചേക്കാവുന്ന സെന്റിനറി ജനറല്‍ ക്യാംപ് ഇന്ന് (വെള്ളി) ഇറാഖ് ഗ്രാന്‍ഡ് മുഫ്തി ഡോ. റാഫിഅ് ത്വാഹാ രിഫാഈ ഉദ്ഘാടനം ചെയ്യും. എസ്.വൈ.എസ് സംസ്ഥാന ജനറല്‍ സെക്രട്ടറിയും കോഴിക്കോട് ഖാസിയുമായ സയ്യിദ് മുഹമ്മദ് കോയ തങ്ങള്‍ ജമലുല്ലൈലി അധ്യക്ഷത വഹിക്കും. സമസ്ത കേന്ദ്ര മുശാവറ അംഗം ടി.കെ ഇബ്രാഹിം മുസ്ലിയാര്‍ വെളിമുക്കിന്റെ പ്രാര്‍ഥനയോടെ തുടക്കമാവുന്ന ക്യാംപില്‍ എം.പിമാരായ കെ.സി വേണുഗോപാല്‍, എം.പി അബ്ദുസമദ് സമദാനി, എം.എല്‍.എമാരായ രമേശ് ചെന്നിത്തല, കുറുക്കോളി മൊയ്തീന്‍, പി. അബ്ദുല്‍ ഹമീദ് എന്നിവര്‍ വിശിഷ്ടാതിഥികളാവും. സ്വാഗത സംഘം കോര്‍ഡിനേറ്ററും സമസ്ത മാനേജരുമായ കെ. മോയിന്‍ കുട്ടി മാസ്റ്റര്‍ സ്വാഗതം പറയും.
ക്യാംപിനൊരുങ്ങിയത് മൂന്ന് കൂറ്റന്‍ പന്തലുകള്‍
ജര്‍മന്‍ ടെക്‌നോളജിയില്‍ നിര്‍മിച്ച ഉയര്‍ച്ചയും വിശാലതയുള്ള പന്തലാണ് ക്യാംപിന് സജ്ജീകരിച്ചത്. വിശാലമായ മൈതാനത്ത് മൂന്നു കൂറ്റന്‍ പവലിയനുകളായി ചേര്‍ത്തു പണിത ഇവയില്‍ ഓരോന്നിലും 11000 വീതം പ്രതിനിധികളെ ഉള്‍ക്കൊള്ളുന്ന വിസ്താരമുണ്ട്. തൂണുകള്‍ ഇല്ലാത്ത വിധമാണ് റി ര്‍മാണം. തറയില്‍ പലകയുടെ മുകളില്‍ പരവതാനി വിരിച്ച ഹാളില്‍ പ്രതിനിധികള്‍ക്ക് കസേരകളിലാണ് ഇരിപ്പിടം സജ്ജീകരിച്ചത്. പ്രതിനിധികളെ തരം തിരിച്ച 313 ക്ലസ്റ്ററുകളായാണ് ക്യാംപില്‍ ഇരിക്കേണ്ടത്.
നിസ്‌കാര സൗകര്യവും ഭക്ഷണം കഴിക്കാനുള്ള സൗകര്യവും ഇവിടെയുണ്ടാകും. രാത്രി വിശ്രമത്തിന് ഇതേ പവലിയനുകളോട് ചേര്‍ത്ത് രണ്ട് അനുബന്ധ പന്തലുകള്‍ കൂടി പണി പൂര്‍ത്തിയായി.
മൂന്ന് പവലിയനുകളിലുള്ളവര്‍ക്കും കാണാവുന്ന വിധനില്‍ മധ്യഭാഗത്തുള്ള പവലിയനിലാണ് വേദി ഒരുക്കിയത്. 100 എന്ന ആശയത്തില്‍ തയാറാക്കിയ വേദിയില്‍ സമസ്തയുടെ പതാകയുടെ കളറിലുള്ള ലോഗോ, ബിഗ് സ്‌ക്രീന്‍ എന്നിവ ഉള്‍പ്പെടുന്നു. ഉദ്ഘാടന സെഷനുകള്‍ക്ക് ശേഷം ക്ലാസെടുക്കുന്ന ഫാക്കല്‍റ്റി അംഗം മാത്രമായിരിക്കും വേദിയിണ്ടാവുക.
ഓരോസെഷനില്‍ പങ്കെടുക്കുന്ന അതിഥികളെ സ്വീകരിക്കാര്‍ വി.വി.ഐ.പി, വി.ഐ.പി ലൗഞ്ചുകള്‍ തയാറാക്കിയിട്ടുണ്ട്. സ്റ്റേജിന് പിറക് വശത്തായി വിശാലമായ ഓഫിസ് സംവിധാനമാണ്. ഗസ്റ്റ് റൂം, റിസപ്ഷന്‍, സംഘാടക സമിതിയുടേത് ഉള്‍പ്പെടെ വിവിധ ഓഫീസുകള്‍, ടെക്‌നിക്കല്‍ വിഭാഗം, മീഡിയ തുടങ്ങി സംവിധാനങ്ങള്‍ ഇവിടെയാണ്.
ക്യു.ആര്‍ കോഡ് സ്‌കാന്‍ ചെയ്ത് പ്രവേശിക്കാം
കുണിയയിലെ ക്യാംപ് നഗരിയിലേക്കുള്ള പ്രധാന കവാടം കടന്നു അല്‍പം താഴേക്ക് നടന്നാല്‍ ക്യാംപ് പ്രവേശന കവാടത്തിലെത്തും. ഇതിന്റെ ഇരു വശങ്ങളിലായി ഇരുപത് ടെന്റുകളില്‍ ക്യാംപ് പ്രതിനിധികളുടെ ഐ.ഡി കാര്‍ഡുകള്‍ സ്‌കാന്‍ ചെയ്ത് മുന്‍വശത്തുള്ള ഒന്‍പത് വാതിലുകള്‍ വഴി പവലിയനിലേക്ക് പ്രവേശിക്കാം. ഒഫീഷ്യല്‍ ചുമതലയുള്ളവരും സദസിലെ സ്‌ക്രീനുകളില്‍ തെളിയുന്ന മാര്‍ഗ നിര്‍ദ്ദേശവും സീറ്റ് കണ്ടെത്താം. ജില്ല അടിസ്ഥാനത്തില്‍ നേരത്തെ ക്രമീകരിച്ചു നല്‍കിയ പ്രകാരം ക്ലസ്റ്ററുകള്‍ അടിസ്ഥാനത്തിലാണ് പ്രതിനിധികള്‍ ക്യാംപിലിരിക്കുക. ഫയലുകളും പഠന സാമഗ്രികളും സീറ്റുകളില്‍ എത്തിച്ചു നല്‍കും.
നോട്ട്‌സ് @ സ്‌ക്രീന്‍
വിഷയാവതരണ സമയത്ത് പ്രധാന പോയിന്റുകള്‍ സദസുകളിലെ സ്‌ക്രീനില്‍ അവതരിപ്പിക്കും. ബാര്‍കോഡ് സ്‌കാന്‍ മുഖേന ഇത് കോപ്പി ചെയ്‌തെടുക്കുകയും ചെയ്യാം. അതിഥികള്‍, ഫാക്കല്‍റ്റി അംഗങ്ങളുടെ സംസാര സമയത്ത് അവരെ കുറിച്ചറിയാന്‍ പ്രൊഫൈലും ഇപ്രകാരം സ്‌ക്രീനില്‍ തെളിയും.
മിഷന്‍ 33313 ഏകോപന രീതി
ജനറല്‍ ക്യാംപില്‍ 33313 അംഗങ്ങള്‍ 313 ക്ലസ്റ്ററുകളാലാണ് ഇന്ന് (വെള്ളി) മുതല്‍ ഞായര്‍ ഉച്ചവരെ പങ്കെടുക്കേണ്ടത്. ഓരോ ക്ലസ്റ്ററിലും 106 വരെ അംഗങ്ങളുണ്ടാകും. ക്ലസ്റ്റര്‍ ഫെസിലിറ്റേര്‍ (സി.എഫ്), എസ്.എഫ്. ജി,എസ്.എഫ്.ഡി എന്നീ മൂന്ന് പേര്‍ ഓരോ ക്ലസ്റ്ററിലും ചുമതല വഹിക്കും. പത്ത് ക്ലസ്റ്റര്‍ ഉള്‍ക്കൊള്ളുന്നതാണ് സര്‍ക്കിള്‍. ഇതിന്റെ ചുമതല സര്‍ക്കിള്‍ നാവിഗേറ്റര്‍ (സി.എന്‍)ക്കാണ്. മധ്യഭാഗത്തെ പവലിയനില്‍ 105 ഉം മറ്റു രണ്ട് പവലിയനുകളില്‍ 104 ഉം വീതം ക്ലസ്റ്ററുകളായി തിരിച്ചിട്ടുണ്ട്. മൂന്ന് പവലിയനുകളില്‍ പവലിയന്‍ നാവിഗേറ്റര്‍ (പി.എന്‍) , എസ്.പി.എ എന്നീ മൂന്ന് വീതം വീതവും, ക്യാംപ് ചുമതലയില്‍ എം.ജി (മാസ്റ്റര്‍ ഗൈഡ് ) എന്നിവര്‍ ക്യാംപ് പ്രവര്‍ത്തനങ്ങള്‍ക്ക് നേതൃത്വം വഹിക്കും.

Post a Comment
0 Comments