കുണിയ (കാസര്‍കോട്): ദക്ഷിണേന്ത്യയിലെ ആധികാരിക മുസ് ലിം പണ്ഡിത സഭയായ സമസ്ത ശതാബ്ദി അന്താരാഷ്ട്ര മഹാസമ്മേളനത്തിന് പതാകകളുയര്‍ന്നു. കുണിയയിലെ സമാപന പൊതുസമ്മേളന നഗരിയില്‍ സമസ്ത പ്രസിഡന്റ്് സയ്യിദ് ജിഫ്രി മുത്തുക്കോയ തങ്ങള്‍ പതാകയുയര്‍ത്തി. കോഴിക്കോട് വരക്കല്‍ മഖാമില്‍ നിന്നെത്തിച്ച പതാകയാണ് ജിഫ്രി തങ്ങള്‍ ഉയര്‍ത്തിയത്. ലോകത്തിന്റെ വിവിധ ഭാഗങ്ങളില്‍ നിന്നെത്തിച്ച 99 പതാകകളും പിന്നാലെ ഉയര്‍ന്നു. സമസ്ത കേന്ദ്ര മുശാവറ അംഗങ്ങളും സാദാത്തീങ്ങളും പോഷക സംഘടനാ നേതാക്കളും ചേര്‍ന്നാണ് 99 പതാകകള്‍ ഉയര്‍ത്തിയത്.
ഇന്നലെ ഉച്ചയ്്ക്ക് തളങ്കര മാലിക് ദീനാര്‍ മഖാമില്‍ നിന്നു ഘോഷയാത്രയായി പുറപ്പെട്ട പതാക വാഹക യാത്ര പെരിയട്ടുടക്കയില്‍ നിന്ന് സമ്മേളന നഗരിയിലേക്ക് വിഖായ വളണ്ടിയര്‍ റൂട്ട് മാര്‍ച്ചായാണ് കുണിയയിലെ പൊതുസമ്മേളന നഗരിയില്‍ എത്തിച്ചത്. സമസ്ത ജനറല്‍ സെക്രട്ടറി പ്രൊഫ. കെ. ആലിക്കുട്ടി മുസ് ലിയാര്‍, ട്രഷറര്‍ പി.പി ഉമര്‍ മുസ് ലിയാര്‍ കൊയ്യോട്, സെക്രട്ടറി എം.ടി അബ്ദുല്ല മുസ് ലിയാര്‍, പാണക്കാട് അബ്ബാസലി ശിഹാബ് തങ്ങള്‍, കുമ്പോല്‍ അലി തങ്ങള്‍, രാജ് മോഹന്‍ ഉണ്ണിത്താന്‍ എം.പി, എം.എല്‍.എമാരായ എന്‍.എ നെല്ലിക്കുന്ന്, എ.കെ.എം അഷ്റഫ് തുടങ്ങിയവര്‍ ചടങ്ങില്‍ പങ്കെടുത്തു.
1926ല്‍ രൂപീകൃതമായ സമസ്ത കേരള ജംഇയ്യത്തുല്‍ ഉലമയുടെ ശതാബ്ദി മഹാസമ്മേളനമാണ് ഫെബ്രുവരി എട്ടുവരെ കുണിയയിലെ വരക്കല്‍ മുല്ലക്കോയ തങ്ങള്‍ നഗറില്‍ നടക്കുക. എട്ടിനു വൈകുന്നേരം നാലിന് ജന ലക്ഷങ്ങള്‍ പങ്കെടുക്കുന്ന സമാപന പൊതുസമ്മേളനം ഈജിപ്ത് അല്‍ അസ്ഹര്‍ യൂനിവേഴ്സിറ്റി റെക്ടര്‍ ഡോ. സലാമ ജുമുഅ ദാവൂദ് ഉദ്ഘാടനം ചെയ്യും. സയ്യിദ് മുഹമ്മദ് ജിഫ്രി മുത്തുക്കോയ തങ്ങള്‍ അധ്യക്ഷത വഹിക്കും. പാണക്കാട് സയ്യിദ് സാദിഖലി ശിഹാബ് തങ്ങള്‍ മുഖ്യപ്രഭാഷണം നടത്തും. സമസ്ത ജനറല്‍സെക്രട്ടറി പ്രൊഫ. കെ. ആലിക്കുട്ടി മുസ് ലിയാര്‍ ശതാബ്ദി സന്ദേശം നല്‍കും. സമസ്ത സെന്റിനറി അവാര്‍ഡ് ലുലു ഇന്റര്‍നാഷണല്‍ ഗ്രൂപ്പ് ചെയര്‍മാന്‍ എം.എ യൂസഫലിക്ക് സമ്മാനിക്കും. കേരള മുഖ്യമന്ത്രി പിണറായി വിജയന്‍, കര്‍ണാടക മുഖ്യമന്ത്രി സിദ്ധരാമയ്യ, തമിഴ്‌നാട് മുഖ്യമന്ത്രി എം.കെ സ്റ്റാലിന്‍, കേരള പ്രതിപക്ഷ നേതാവ് വി.ഡി സതീശന്‍, ഉപനേതാവ് പി.കെ കുഞ്ഞാലിക്കുട്ടി, ബംഗളൂരു ഡവലപ്‌മെന്റ് അതോറിറ്റി ചെയര്‍മാന്‍ എന്‍.എ ഹാരിസ് എന്നിവര്‍ പങ്കെടുക്കും. കുണിയ ഗ്രൂപ്പ് ഓഫ് ഇന്‍സ്റ്റിറ്റിയൂഷന്‍സ് ചെയര്‍മാന്‍ ഇബ്രാഹിം അഹമ്മദലി ഹാജി കുണിയക്ക് ഉപഹാര സമര്‍പ്പണം നടത്തും. ദേശീയ, അന്തര്‍ദേശീയ തലങ്ങളിലെ പ്രമുഖരായ പണ്ഡിതന്‍മാര്‍, ജനപ്രതിനിധികള്‍, നേതാക്കള്‍, വിദേശ പ്രതിനിധികള്‍, സാമൂഹിക സാംസ്‌കാരിക രംഗത്തെ പ്രമുഖര്‍ പങ്കെടുക്കും.

Post a Comment
0 Comments