കാസര്‍കോട്: കുമ്പള ആരിക്കാടിയിലെ ടോള്‍ ബൂത്ത് അടച്ചുപൂട്ടാന്‍ കേന്ദ്ര ഉപരിതല ഗതാഗത മന്ത്രാലയം. അന്യായമായ ടോള്‍ പിരിവിനെതിരെ പ്രദേശത്ത് ദീര്‍ഘനാളായി ശക്തമായ പ്രതിഷേധം നിലനില്‍ക്കുന്ന സാഹചര്യത്തിലാണ് നിര്‍ണായകമായ തീരുമാനം പുറത്തുവരുന്നത്. ഇതുമായി ബന്ധപ്പെട്ട കേന്ദ്ര സര്‍ക്കാര്‍ ഉത്തരവ് നാളെ പുറത്തിറങ്ങിയേക്കും. അന്യായമായ ടോള്‍ പിരിവിനെതിരെ മഞ്ചേശ്വരം മണ്ഡലത്തിലെ ജനങ്ങളെ ഒന്നിപ്പിച്ചുകൊണ്ട് ശക്തമായ സമരപരിപാടികളാണ് മഞ്ചേശ്വരം എംഎല്‍എ എകെഎം അഷ്‌റഫിന്റെ നേതൃത്വത്തില്‍ നടന്നുവന്നത്. ടോള്‍ പിരിവുമായി ബന്ധപ്പെട്ട കേസില്‍ ഈമാസം 11ന് ഹൈക്കോടതി വിധി വരാനിരിക്കെയാണ് കേന്ദ്ര സര്‍ക്കാരിന്റെ ഭാഗത്തുനിന്ന് ഇത്തരമൊരു നീക്കം ഉണ്ടായിരിക്കുന്നത്. ജനുവരി 12നാണ് കുമ്പള ടോള്‍ പ്ലാസയില്‍ ടോള്‍ പിരിവ് ആരംഭിച്ചത്.
'നാം ഒന്നിച്ച് നേടിയ സമരവിജയം' എന്ന് എകെഎം അഷ്‌റഫ് എം.എല്‍.എ പറഞ്ഞു. ജനകീയ സമരത്തിന് മുന്നില്‍ മുട്ടുമടക്കാത്ത ഒരു അധികാര കേന്ദ്രവുമില്ലെന്ന് തെളിയിക്കുന്നതാണ് ആരിക്കാടിയിലെ അനുഭവമെന്നും എം.എല്‍.എ കൂട്ടിച്ചേര്‍ത്തു. ദേശീയപാത അതോറിറ്റിയുടെ മാനദണ്ഡങ്ങള്‍ ലംഘിച്ചുകൊണ്ട് സ്ഥാപിച്ച ടോള്‍ ഗേറ്റിനെതിരെ മാസങ്ങളായി പ്രക്ഷോഭം തുടരുകയായിരുന്നു. ജനകീയ സമരത്തിന്റെ പേരില്‍ നിരവധി സമര സമിതി പ്രവര്‍ത്തകരാണ് കസ്റ്റഡിയിലായതും കേസില്‍പെട്ടതും അറസ്റ്റിലായി ഇന്നും ജയിലില്‍ കഴിയുന്ന കുമ്പളയിലെ ഇര്‍ഷാദ് പള്ളമടക്കമുള്ള മുഴുവന്‍ സമര ഭടന്മാര്‍ക്കും കാസര്‍കോട് എംപി രാജ്‌മോഹന്‍ ഉണ്ണിത്താന്‍, ജില്ലയില്‍ നിന്നുള്ള എം.എല്‍.എമാര്‍ അടക്കമുള്ള ജനപ്രതിനിധികള്‍ക്കും ആക്ഷന്‍ കമ്മിറ്റി ഭാരവാഹികള്‍ക്കും അഭിവാദ്യങ്ങള്‍ നേരുന്നതായി എ.കെ.എം അഷ്റഫ് എം.എല്‍.എ കൂട്ടിച്ചേര്‍ത്തു.

Post a Comment
0 Comments