ഉദുമ: വിനോദ സഞ്ചാരത്തിന്റെ ഭാഗമായി ഉദുമയെ കൂടുതല്‍ സൗന്ദര്യ വല്‍ക്കരിക്കാനും കൃഷി, ജലസേചനം, റോഡ് വികസനം എന്നിവയ്ക്ക് പ്രത്യേക പ്രാധാന്യം നല്‍കിക്കൊണ്ടുള്ള 2026-27ലെ ഉദുമ ഗ്രാമപഞ്ചായത്തിന്റെ ബജറ്റ് ധനകാര്യ സ്റ്റാന്റിങ് കമ്മിറ്റി ചെയര്‍പേഴ്‌സണ്‍ കൂടിയായ വൈസ് പ്രസിഡന്റ് ഫൗസിയ അബ്ദുല്ല അവതരിപ്പിച്ചു. പ്രസിഡന്റ് പി.വി രാജേന്ദ്രന്‍ അധ്യക്ഷത വഹിച്ചു. 44 കോടി 89 ലക്ഷം രൂപ വരവും 39 കോടി 98 ലക്ഷം രൂപ ചെലവ് പ്രതീക്ഷിക്കുന്ന ബജറ്റില്‍ സേവന മേഖലയ്ക്കായി 10,81,46,004 രൂപയാണ് നീക്കിവച്ചത്.
ഒരു കാലത്ത് കേരളത്തിന്റെ മാത്രം കായിക വിനോദമായിരുന്ന കബഡിക്ക് നിരവധി ദേശീയ- സംസ്ഥാന താരങ്ങളെ സംഭാവന ചെയ്യുകയും ഒട്ടേറെ കബഡി ക്ലബുകളുമുള്ള ഉദുമയില്‍ കബഡിയുടെ പ്രോത്സാഹനത്തിനായി അക്കാദമിക്ക് ഇന്‍ഡോര്‍ സ്റ്റേഡിയം സ്ഥാപിക്കുമെന്ന് ബജറ്റില്‍ ഉറപ്പ് നല്‍കിയിട്ടുണ്ട്. ശുചിത്വവും സൗന്ദര്യ വുമുള്ള നാടിനായി 'ക്ലീന്‍ ബ്യൂട്ടി ഉദുമ' എന്ന പദ്ധതി ബജറ്റില്‍ ഉള്‍പ്പെടുത്തി. കൃഷി വികസനത്തിനും വന്യമൃഗ ശല്യം നേരിടാനും പ്രത്യേക പദ്ധതി ആവിഷ്‌ക്കരിച്ചു. വയോജനങ്ങള്‍ക്ക് 29 ലക്ഷം രൂപയും വനിതാ ഘടക പദ്ധതിക്ക് 38,66,312 രൂപയും വകയിരുത്തിയ ബജറ്റില്‍ കുടിവെള്ളത്തിനും ശുചിത്വത്തിനും മാത്രമായി 89,55,712 രൂപ മാറ്റിവച്ചിട്ടുണ്ട്. കുട്ടികളുടെ ക്ഷേമത്തിനായി 10,75,000 രൂപയും റോഡ് വികസനത്തിന് 5,02,61,400 രൂപയും വകയിരുത്തി.
ബജറ്റ് അവതരണ യോഗത്തില്‍ ജില്ലാ പഞ്ചായത്ത് മെമ്പര്‍ സുകുമാരി ശ്രീധരന്‍, ബ്ലോക്ക് പഞ്ചായത്ത് മെമ്പര്‍ ബഷീര്‍ പാക്യാര, സ്റ്റാന്റിങ് കമ്മിറ്റി ചെയര്‍മാന്മാരായ ഹംസ ദേളി, മംഗളാ ടീച്ചര്‍, പി. ലക്ഷ്മി, പഞ്ചായത്ത് മെമ്പര്‍മാര്‍, ആസൂത്രണ സമിതി വൈസ് ചെയര്‍മാന്‍ പ്രഭാകരന്‍ തെക്കേക്കര. ആസൂത്രണ സമിതി അംഗങ്ങള്‍ വിവിധ രാഷ്ട്രീയ പാര്‍ട്ടി പ്രതിനിധികളായ കെ.ബി.എം ഷെരീഫ് കാപ്പില്‍, ശ്രീധരന്‍ വയലില്‍, സന്തോഷ് കുമാര്‍, ഷൈനി മോള്‍, നിര്‍വഹണ ഓഫീസര്‍മാര്‍ പങ്കെടുത്തു

Post a Comment
0 Comments