കാസര്‍കോട്: ഗവ. മെഡിക്കല്‍ കോളജ് യാഥാര്‍ഥ്യമാക്കണമെന്ന ആവശ്യവുമായി തുടരുന്ന ജനകീയ സമരത്തിന് പിന്തുണയായി ആരിക്കാടിയിലെ പ്രശസ്ത കേക്ക് മേക്കര്‍ ഫര്‍സാന ഷഫാഫ് പ്രതിഷേധാത്മക കേക്കുമായി സമരവേദിയിലെത്തി. മെഡിക്കല്‍ കോളജ് എന്ന ജനങ്ങളുടെ അവകാശത്തെ ചൂണ്ടിക്കാട്ടുന്ന പ്രത്യേക തീമില്‍ തയാറാക്കിയ കേക്ക് സമരവേദിയില്‍ അവതരിപ്പിച്ചത് പ്രതിഷേധത്തിന് പുതിയൊരു സൃഷ്ടിപരമായ മുഖം നല്‍കി. ആരോഗ്യം അവകാശമാണെന്നും കാസര്‍കോടിന് മെഡിക്കല്‍ കോളജ് അനിവാര്യമാണെന്നും പ്രതീകാത്മക പ്രതിഷേധത്തിലൂടെ ഫര്‍സാന ഷഫാഫ് വ്യക്തമാക്കി.
സമരവേദിയില്‍ എത്തിയ കേക്ക് പ്രതിഷേധം ജനങ്ങളുടെയും സമരസമിതിയുടെയും വലിയ അഭിനന്ദനം നേടി. സ്ത്രീകളുടെയും കലാപരമായ ഇടപെടലുകളുടെയും സാന്നിധ്യം സമരത്തിന് കൂടുതല്‍ കരുത്ത് പകരുന്നതായി സംഘാടകര്‍ അഭിപ്രായപ്പെട്ടു. ജില്ലയില്‍ മെഡിക്കല്‍ കോളജ് സ്ഥാപിക്കണമെന്ന ആവശ്യം വര്‍ഷങ്ങളായി ഉയര്‍ന്നുവരുന്ന സാഹചര്യത്തില്‍ ജനകീയ സമരം ശക്തമായി തുടരുകയാണ്. വിവിധ സാമൂഹിക- സാംസ്‌കാരിക സംഘടനകളും സാധാരണ ജനങ്ങളും സമരത്തിന് പിന്തുണയുമായി മുന്നോട്ടുവരുന്നത് സമരത്തിന്റെ വ്യാപ്തി കൂടുതല്‍ വര്‍ധിപ്പിക്കുന്നു. ഫര്‍സാനക്ക് പ്രമുഖ വ്യവസായി എം.പി ഷാഫി ഹാജി ഉപഹാരം നല്‍കി. സമരസമിതി ചെയര്‍മാന്‍ മാഹിന്‍ കേളോട്ട്, നാസര്‍ ചെര്‍ക്കള, ഷാഫി പറക്കട്ടെ, എം.എ നജീബ്, ഹമീദ് കെടഞ്ചി, ഹനീഫ് സെല്ല്‍കിങ്, അനീസ് ബദിയടുക്ക, ഉസ്മാന്‍ പള്ളിക്കാല്‍, അബ്ദുല്‍ മജീദ് പങ്കെടുത്തു.

Post a Comment
0 Comments