Type Here to Get Search Results !

Bottom Ad

ബദിയടുക്കയില്‍ വയോധികയെ കഴുത്തുഞെരിച്ച് കൊന്ന കേസ്: 24 മണിക്കൂറിനകം പ്രതിയെ കുടുക്കിയ പൊലീസിന് അഭിനന്ദനം


ബദിയടുക്ക: കുമ്പഡാജെ മൗവ്വാര്‍ അജിലയില്‍ വീട്ടില്‍ ഒറ്റയ്ക്ക് താമസിച്ചിരുന്ന വയോധികയെ കഴുത്ത് ഞെരിച്ച് ശ്വാസംമുട്ടിച്ച് കൊലപ്പെടുത്തിയ കേസില്‍ പ്രതിയെ 24 മണിക്കൂറിനകം അറസ്റ്റ് ചെയ്ത ബദിയടുക്ക പൊലീസിന് അഭിനന്ദന പ്രവാഹം. ജില്ലാ പൊലീസ് മേധാവി ശ്രീ. ബി.വി വിജയ ഭാരത് റെഡ്ഡിയുടെ നിര്‍ദേശപ്രകാരം രൂപീകരിച്ച പ്രത്യേക അന്വേഷണ സംഘമാണ് പ്രതിയെ പിടികൂടിയത്. ബദിയടുക്ക പെര്‍ഡാല സ്വദേശിയും കാടുവെട്ട് യന്ത്രം ഉപയോഗിച്ച് ജോലി ചെയ്യുന്നയാളുമായ പരമേശ്വര എന്ന രമേശ് നായിക് (47) ആണ് അറസ്റ്റിലായത്.

വെള്ളിയാഴ്ച വൈകിട്ട് 7 മണിയോടെയാണ് ഇയാളുടെ അറസ്റ്റ് രേഖപ്പെടുത്തിയത്. ഉച്ചയോടെ തന്നെ പൊലീസ് കസ്റ്റഡിയിലെടുത്ത് നടത്തിയ വിശദമായ ചോദ്യം ചെയ്യലില്‍ പ്രതി കുറ്റം സമ്മതിച്ചതോടെയാണ് അറസ്റ്റ് രേഖപ്പെടുത്തിയത്. കൊല്ലപ്പെട്ട സ്ത്രീയുടെ കടിയേറ്റ മുറിവ് പ്രതിയുടെ വലതുകൈയില്‍ കണ്ടെത്തിയതും അന്വേഷണത്തിന് നിര്‍ണായകമായി. പോസ്റ്റ്‌മോര്‍ട്ടത്തില്‍ കൊല്ലപ്പെട്ട സ്ത്രീയുടെ മുഖത്തും പല്ലുകളിലും രക്തക്കറകള്‍ കണ്ടെത്തിയിരുന്നു. മരണം കൊലപാതകമാണെന്ന് സ്ഥിരീകരിച്ച പോസ്റ്റ്‌മോര്‍ട്ടം റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തിലാണ് അന്വേഷണം ശക്തമാക്കിയത്.

ബുധനാഴ്ച രാത്രി 9.40 മണിയോടെയാണ് വീട്ടില്‍ ഒറ്റയ്ക്ക് താമസിച്ചിരുന്ന പുഷ്പലത വി. ഷെട്ടിയെ മരിച്ച നിലയില്‍ കണ്ടെത്തിയത്. സംഭവസ്ഥലത്തെ പ്രാഥമിക പരിശോധനയില്‍ തന്നെ കൊലപാതകമാണെന്ന് പൊലീസ് സംശയിച്ചിരുന്നു. തുടര്‍ന്ന് നടത്തിയ അന്വേഷണത്തില്‍ പ്രദേശങ്ങളില്‍ യന്ത്രം ഉപയോഗിച്ച് കാട് വെട്ടുന്ന പ്രതിയെക്കുറിച്ച് ലഭിച്ച വിവരങ്ങളുടെ അടിസ്ഥാനത്തിലാണ് ഇയാളെ കസ്റ്റഡിയിലെടുത്തത്. ചോദ്യം ചെയ്യലോടെയാണ് കൊലപാതകത്തിന്റെ ചുരുളഴിഞ്ഞത്. വയോധികയുടെ കഴുത്തിലുണ്ടായിരുന്ന മൂന്നര പവന്‍ തൂക്കമുള്ള കരിമണിമാല കൈക്കലാക്കുന്നതിനായാണ് കൊലപാതകം നടത്തിയതെന്ന് അന്വേഷണത്തില്‍ വ്യക്തമായി. കവര്‍ന്ന സ്വര്‍ണ്ണം ഒളിപ്പിച്ച സ്ഥലം പൊലീസ് കണ്ടെത്തി. പരിയാരം മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ വെള്ളിയാഴ്ച ഉച്ചയോടെ നടത്തിയ പോസ്റ്റ്‌മോര്‍ട്ടത്തില്‍ കഴുത്ത് ഞെരിച്ചും വായയും മൂക്കും പൊത്തിപ്പിടിച്ചുമാണ് കൊല നടത്തിയതെന്ന് സ്ഥിരീകരിച്ചു.

ഡിവൈഎസ്പി സി.കെ. സുനില്‍കുമാര്‍, ഇന്‍സ്‌പെക്ടര്‍ എ. സന്തോഷ് കുമാര്‍, എസ്ഐ സവ്യസാചി, എസ്ഐ പ്രസാദ്, എ.എസ്ഐ അബൂബക്കര്‍ കല്ലായി, എ.എസ്ഐ പ്രസാദ്, എസ്.സി.പി.ഒ സുധീര്‍, സി.പി.ഒമാരായ ഗോകുല, ശ്രീജിത്ത്, ശശികുമാര്‍, ദിനേശ്, ചന്ദ്രകാന്ത്, നികേഷ്, ശ്രുതി, ശ്രീനേഷ്, ഷിനു, ആരിഫ് എന്നിവരടങ്ങുന്ന പൊലീസ് സംഘമാണ് പ്രതിയെ അറസ്റ്റ് ചെയ്തത്.

Tags

Post a Comment

0 Comments

Top Post Ad

Below Post Ad