Type Here to Get Search Results !

Bottom Ad

13 വര്‍ഷം കഴിഞ്ഞിട്ടും യാഥാര്‍ഥ്യമാവാത്ത കാസര്‍കോട് ഗവ. മെഡിക്കല്‍ കോളജ്; അനിശ്ചിതകാല സമരം ഇന്നു മുതല്‍


കാസര്‍കോട്: കാസര്‍കോട് ഗവ. മെഡിക്കല്‍ കോളജ് തറക്കല്ലിട്ട് 13 വര്‍ഷം കഴിഞ്ഞിട്ടും മെഡിക്കല്‍ കോളജ് യാഥാര്‍ഥ്യമാവാത്തതില്‍ പ്രതിഷേധിച്ച് ഇന്നു മുതല്‍ കാസര്‍കോട് പുതിയ ബസ് സ്റ്റാന്റ് പരിസരത്ത് അനിശ്ചിതകാല സമരവുമായി രംഗത്തിറങ്ങുമെന്ന് മെഡിക്കല്‍ കോളജ് സമരസമിതി ഭാരവാഹികള്‍ പത്രസമ്മേളനത്തില്‍ പറഞ്ഞു. ഇന്നു വൈകുന്നേരം അഞ്ച് മണിക്ക് എന്‍.എ നെല്ലിക്കുന്ന് എം.എല്‍.എ ഉദ്ഘാടനം ചെയ്യും. എല്ലാ ദിവസവും വൈകുന്നേരം അഞ്ച് മുതലാണ് സമരം. 2013 നവംബര്‍ 30ന് അന്നത്തെ മുഖ്യ മന്ത്രി ഉമ്മന്‍ചാണ്ടിയാണ് മെഡിക്കല്‍ കോളജിന് തറക്കല്ലിട്ടത്. 2014-15 കാലഘട്ടത്തില്‍ അക്കാദമിക് ബ്ലോക്കിന് 25 കോടിയും ഹോസ്പിറ്റല്‍ കെട്ടിടത്തിന് 68 കോടിയും അനുവദിച്ചു.

2016 ജനുവരിയില്‍ അക്കാദമിക് ബ്ലോക്കിന്റെ പണി ആരംഭിച്ചില്ലെങ്കിലും ഹോസ്പിറ്റല്‍ കെട്ടിടത്തിന്റെ പണി സാങ്കേതികത്വം പറഞ്ഞു ടെന്‍ഡര്‍ മാറ്റിവച്ചു. പിന്നീട് 2018ലാണ് റീ ടെന്‍ഡര്‍ ചെയ്ത് ഹോസ് പിറ്റല്‍ കെട്ടിടത്തിന്റെ പണിതുടങ്ങിയത്. എട്ടു വര്‍ഷമായിട്ടും ഹോസ്പിറ്റലിന്റെ പണി ഇതുവരെ പൂര്‍ത്തിയാക്കാന്‍ സാധിക്കാത്തത്

പാവപ്പെട്ട രോഗികളോടുള്ള വെല്ലുവിളിയാണ്. കഴിഞ്ഞ അധ്യയന വര്‍ഷം 50 മെഡിക്കല്‍ സീറ്റോട് കൂടി പഠനം ആരംഭിച്ചെങ്കിലും കിടത്തി ചികിത്സ ഇതുവരെ ആരംഭിച്ചിട്ടില്ല. അസ്തികൂടം പോലെ ഹോസ്പിറ്റല്‍ കെട്ടിടം പാതിവഴിയിലാണ്. കാസര്‍കോട് സര്‍ക്കാര്‍ മേഖലയില്‍ നല്ലൊരു ഹോസ്പിറ്റല്‍ ഇല്ലാത്തതു കൊണ്ട് ചികിത്സ കിട്ടാതെ ഒരുപാട് ആളുകള്‍ മരിച്ചുപോയിട്ടുണ്ട്.

അടിയന്തരമായും ആശുപത്രി കെട്ടിടം പൂര്‍ത്തിയാക്കി എത്രയും പെട്ടെന്ന് കിടത്തി ചികിത്സ ആരംഭിക്കണമെന്നും സമരസമിതി ഭാരവാഹികള്‍ ആവശ്യപ്പെട്ടു. പത്രസമ്മേളനത്തില്‍ മാഹിന്‍ കേളോട്ട്, ജെ.എസ് സോമശേഖര, കെ. അഹമ്മദ് ഷരീഫ്, കെ ഗിരീഷ്, ഹമീദ് ബാറക്ക പങ്കെടുത്തു.

Tags

Post a Comment

0 Comments

Top Post Ad

Below Post Ad