കാഞ്ഞങ്ങാട്: പുതുതായി റൂട്ട് ബസുകള്‍ക്ക് പെര്‍മിറ്റ് അനുവദിക്കുമ്പോള്‍ നിശ്ചിത സമയ ഇടവേള പാലിക്കണമെന്ന മോട്ടോര്‍ വാഹന വകുപ്പിന്റെ ഉത്തരവ് ഉദ്യോഗസ്ഥര്‍ക്കും അപേക്ഷകര്‍ക്കും ഒരുപോലെ തലവേദനയാകുന്നു. നഗരപരിധിയില്‍ അഞ്ചു മിനിട്ടും ഗ്രാമങ്ങളില്‍ 10 മിനിട്ടും ഇടവേളയാണ് ഉത്തരവില്‍ പറയുന്നത്. സര്‍വീസ് ആരംഭിക്കേണ്ട പോയിന്റ് മുതല്‍ ഇത് പാലിക്കണമെന്ന് പറയുമ്പോള്‍ ഇത് എങ്ങനെ നടപ്പാക്കുമെന്ന ചോദ്യത്തിന് മുന്നില്‍ ഉദ്യോഗസ്ഥരും കൈമലര്‍ത്തുകയാണ്.
കാഞ്ഞങ്ങാട് പഴയ ബസ് സ്റ്റാന്‍ഡില്‍ നിന്ന് സര്‍വീസ് ആരംഭിച്ചാല്‍ പുതിയ സ്റ്റാന്റ്് വരെ എത്തേണ്ട ഭാഗത്ത് രാവിലെ ഏഴു മുതല്‍ രാത്രി എട്ടു വരെ ഒന്നു മുതല്‍ രണ്ടു മിനിട്ട് വരെ ഇടവേളകളില്‍ ബസ് ഓടുന്നുണ്ട്. കാഞ്ഞങ്ങാട് നിന്ന് മാവുങ്കാല്‍ ഭാഗത്തേക്കും ഇതേ സ്ഥിതിയാണ്. ഉത്തരവില്‍ ഈ വ്യവസ്ഥയുടെ മാനദണ്ഡം വിശദീകരിക്കാത്തതിനാല്‍ മലയോരത്തേക്ക് ആരംഭിക്കേണ്ട സര്‍വീസുകള്‍ക്കും കുരുക്കാകും. നിലവില്‍ ജൂലൈയില്‍ പെര്‍മിറ്റ് അനുവദിച്ച് സമയക്രമം അനുവദിക്കാന്‍ കാത്തിരിക്കുന്ന അപേക്ഷകരോടെല്ലാം ഉദ്യോഗസ്ഥര്‍ ഓരോ ട്രിപ്പിന്റെയും 10 മിനിട്ട് വ്യത്യാസത്തിലുള്ള ബസുകളുടെ വിവരങ്ങള്‍ തേടിയിട്ടുണ്ട്. ഏതൊക്കെ കൊടുക്കാമെന്ന് മോട്ടോര്‍ വാഹന വകുപ്പ് വീണ്ടും തീരുമാനിക്കും. ചട്ടം പല രീതിയില്‍ വ്യാഖ്യാനിച്ച് സമയക്രമം അനുവദിക്കുന്നത് അഴിമതിക്ക് ഇടയാക്കുമെന്നാണ് ആക്ഷേപം.
കാഞ്ഞങ്ങാട് നിന്ന് അറുപതും എഴുപതും കിലോമീറ്റര്‍ അകലെയുള്ള ഉള്‍നാടന്‍ ഗ്രാമങ്ങളിലേക്കൊക്കെ പുതിയ യാത്രാ സൗകര്യം ഒരുക്കാന്‍ ഇത് പ്രയാസമാകും. കൈയ്യടിക്ക് വേണ്ടി കൊണ്ടുവന്ന പരിഷ്‌കാരം ജനങ്ങളെ ദുരിതത്തിലാക്കിയെന്നാണ് ആക്ഷേപം.

Post a Comment
0 Comments