Type Here to Get Search Results !

Bottom Ad

സര്‍വീസ് റോഡ് ഇല്ലാതെ കുമ്പളയില്‍ ടോള്‍ പിരിവ്; രൂക്ഷവിമര്‍ശനവുമായി ഹൈക്കോടതി


കാസര്‍കോട്: കുമ്പളയില്‍ സര്‍വീസ് റോഡ് നിര്‍മാണം പൂര്‍ത്തിയാക്കാതെ ടോള്‍ പിരിവ് നടത്തുന്നതിനെതിരെ രൂക്ഷ വിമര്‍ശനവുമായി ഹൈക്കോടതി. കുമ്പള ടോള്‍ വിരുദ്ധ സമിതി വേണ്ടി കണ്‍വീനര്‍ അഷ്‌റഫ് കര്‍ള സമര്‍പ്പിച്ച ഹര്‍ജി പരിഗണിക്കവെയാണ് കോടതിയുടെ സുപ്രധാന നിരീക്ഷണം. ജസ്റ്റിസ് ബച്ചു കുര്യന്‍ തോമസ് അധ്യക്ഷനായ ബെഞ്ചാണ് കേസ് പരിഗണിച്ചത്. സര്‍വീസ് റോഡുകളുടെ അപര്യാപ്തതയും യാത്രാക്ലേശവും നേരിട്ട് ബോധ്യപ്പെടാന്‍ കേസില്‍ ഒരു കമ്മീഷനെ നിയോഗിക്കണമെന്ന് ആക്ഷന്‍ കമ്മിറ്റിക്ക് വേണ്ടി ഹാജരായ അഡ്വ. സജല്‍ കോടതിയില്‍ ആവശ്യപ്പെട്ടു.

നിലവിലെ നിര്‍മാണത്തിലെ അപാകതകള്‍ പരിഹരിക്കാതെ ടോള്‍ പിരിക്കുന്നത് ജനങ്ങളോടുള്ള വെല്ലുവിളിയാണെന്ന് ഹര്‍ജി ഭാഗം വാദിച്ചു. സമരം ശക്തമാക്കാന്‍ ആക്ഷന്‍ കമ്മിറ്റി കോടതിയില്‍ നിയമപോരാട്ടം തുടരുന്നതിനോടൊപ്പം തന്നെ ഗ്രൗണ്ട് ലെവലില്‍ സമരം ശക്തമാക്കാനാണ് ആക്ഷന്‍ കമ്മിറ്റിയുടെ തീരുമാനം. അനുകൂലമായ വിധി വരുന്നത് വരെ വിട്ടുവീഴ്ചയില്ലാത്ത പോരാട്ടം തുടരുമെന്ന് ഭാരവാഹികള്‍ അറിയിച്ചു. വിഷയത്തില്‍ വിശദമായ വാദം കേള്‍ക്കുന്നതിനായി കേസ് ഈമാസം 28ലേക്ക് മാറ്റിവച്ചു. സര്‍ക്കാരിന്റെയും ദേശീയപാത അതോറിറ്റിയുടെയും വിശദീകരണം അന്നേദിവസം നിര്‍ണായകമാകും. കഴിഞ്ഞ തിങ്കളാഴ്ചയാണ് ടോള്‍ ബൂത്ത് ആരംഭിച്ചത്.

ഇതേതുടര്‍ന്ന് പ്രദേശവാസികളും വിവിധ സംഘടനകളും ശക്തമായ പ്രതിഷേധമാണ് നടത്തുന്നത്. നിയമപരമായ സ്ഥലത്തല്ല ടോള്‍ പിരിവ് ആരംഭിച്ചതെന്നാരോപിച്ചാണ് പ്രതിഷേധം. പ്രതിഷേധവും തുടര്‍ന്നുണ്ടായ അക്രമസംഭവങ്ങളും കാരണം ടോള്‍ പിരിവ് പേരിനുമാത്രമായിരുന്നു. ഫാസ്റ്റ് ടാഗുള്ള വാഹനങ്ങളില്‍ നിന്നുള്ള തുക പിടിക്കുന്നുണ്ട്. ടോള്‍ പിരിവ് നിര്‍ത്തിവെക്കണമെന്നാവശ്യപ്പെട്ട് സമര്‍പ്പിച്ച ഹര്‍ജികളിലാണ് ഹൈക്കോടതി ഇടപെട്ടിരിക്കുന്നത്. പലവട്ടം കേസ് പരിഗണിച്ചെങ്കിലും അന്തിമ വിധി ഇതുവരെയും പുറത്തുവന്നിട്ടില്ല. വിധി വീണ്ടും മാറ്റിവെച്ചതോടെ 28ന് കോടതിയില്‍ നിന്നുണ്ടാകുന്ന നിര്‍ണായക വിധിക്കായി കാതോര്‍ത്തിരിക്കുകയാണ് ജനങ്ങള്‍.

Tags

Post a Comment

0 Comments

Top Post Ad

Below Post Ad