Type Here to Get Search Results !

Bottom Ad

മുന്നൂറോളം സീറ്റില്‍ മത്സരിച്ചു; 5 സീറ്റില്‍ മാത്രം ജയിച്ചു, തിരിച്ചടിക്ക് പിന്നാലെ മുന്നണി മാറ്റ ചര്‍ച്ച സജീവമാക്കി ബിഡിജെഎസ്


ആലപ്പുഴ: തദ്ദേശ തെരഞ്ഞെടുപ്പിലെ തിരിച്ചടിക്കുപിന്നാലെ മുന്നണി മാറ്റ ചര്‍ച്ചകള്‍ സജീവമാക്കി ബിഡിജെഎസ്. ബിജെപി യുടെ നിസ്സഹകരണമാണ് ദയനീയ പരാജയത്തിന് കാരണമെന്നാണ് പാര്‍ട്ടിയുടെ വിലയിരുത്തല്‍. 23 നടക്കുന്ന ബിഡിജെഎസ് നേതൃയോഗത്തില്‍ മുന്നണിമാറ്റമടക്കം ചര്‍ച്ചയാകും. മുന്നൂറോളം സീറ്റുകളില്‍ മത്സരിച്ചെങ്കിലും അഞ്ചു സീറ്റില്‍ മാത്രമാണ് ബിഡിജെഎസ് വിജയിച്ചത്.

തദ്ദേശ തെരഞ്ഞെടുപ്പില്‍ എന്‍ഡിഎ മുന്നേറ്റമുണ്ടാക്കി എന്ന വിലയിരുത്തലിനിടയിലും ഘടകകക്ഷികളില്‍ അതൃപ്തി പുകയുകയാണ്. എന്‍ഡിഎ നേട്ടമുണ്ടാക്കിയ ഇടങ്ങളില്‍ ബിഡിജെഎസ് അടക്കമുള്ളവര്‍ പുറത്തായതാണ് അതൃപ്തിക്ക് കാരണം. തിരുവനന്തപുരം കോര്‍പ്പറേഷനില്‍ എന്‍.ഡി.എ ഭരണം പിടിച്ചെങ്കിലും, ബി.ഡി.ജെ.എസ് മത്സരിച്ച നാല് സീറ്റിലും തോറ്റു. ബിജെപിയുടെ നിസ്സഹകരണമാണ് തോല്‍വിക്ക് കാരണമെന്നാണ് ബിഡിജെഎസിന്റെ ആരോപണം. ബിജെപിക്ക് സ്വാധീനം ഉള്ള ഇടങ്ങളില്‍ പോലും വേണ്ടത്ര പിന്തുണ ലഭിച്ചില്ല.

കൊച്ചി കോര്‍പ്പറേഷനില്‍ 13 സീറ്റുകളില്‍ മത്സരിച്ചെങ്കിലും സിറ്റിംഗ് സീറ്റില്‍ ഉള്‍പ്പടെ പരാജയപ്പെട്ടു. കോഴിക്കോട് കോര്‍പറേഷനിലും മറ്റൊന്നല്ല സ്ഥിതി. കോട്ടയം പള്ളിക്കത്തോട് പഞ്ചായത്തില്‍ ബി.ഡി.ജെ.എസിന്റെ സിറ്റിങ് സീറ്റ് ബി.ജെ.പി ഏറ്റെടുത്തിരുന്നു. ഇവിടെ പരാജയപ്പെട്ടതോടെ പഞ്ചായത്ത് ഭരണം തന്നെ നഷ്ടമായി. എന്‍ഡിഎയ്ക്ക് ആധിപത്യം ഉണ്ടായിരുന്ന ആലപ്പുഴ കോടന്തുരുത്ത് പഞ്ചായത്തിലും ബി.ജെ.പി ഒറ്റയ്ക്കാണ് മത്സരിച്ചത്. കഴിഞ്ഞ തവണ ഏഴു സീറ്റ് നേടിയിരുന്നിടത്ത് ഇത്തവണ ആറ് സീറ്റാണ് എന്‍ഡിഎയ്ക്ക് ലഭിച്ചത്. സംസ്ഥാനത്തെ 140 നിയോജക മണ്ഡലങ്ങളില്‍ 100 എണ്ണത്തില്‍ പോലും പ്രാതിനിധ്യം ലഭിച്ചില്ലെന്ന പരാതിയുമുണ്ട്. ലഭിച്ച സീറ്റുകളാകട്ടെ വിജയ സാധ്യത ഇല്ലാത്തതും. ബിജെപിയുടെ ഏകപക്ഷീയ നിലപാടിനെ തുടര്‍ന്ന് പല ഇടങ്ങളിലും ബിഡിജെഎസിന് സ്വയം പിന്‍വാങ്ങേണ്ടിവന്നു.

Tags

Post a Comment

0 Comments

Top Post Ad

Below Post Ad