കാസര്‍കോട്: കേന്ദ്ര സര്‍ക്കാറിന്റെ പുതിയ വഖഫ് നിയമത്തിന്റെ ഭാഗമായി രാജ്യത്തെ വഖഫ് സ്വത്തുക്കളുടെ വിവരണം ഉമീദ് പോര്‍ട്ടലില്‍ രജിസ്റ്റര്‍ ചെയ്യണമെന്ന വ്യവസ്ഥ പാലിച്ച് കര്‍ണാടകയിലെ മുഴുവന്‍ സ്വത്തുക്കളും അപ്ലോഡ് ചെയ്ത കര്‍ണാടക സര്‍ക്കാര്‍ അത്ഭുതം സൃഷ്ടിച്ചിരിക്കുകയാണെന്ന് മുസ്ലിം ലീഗ് ദേശീയ ജനറല്‍ സെക്രട്ടറി പി.കെ കുഞ്ഞാലിക്കുട്ടി.
കേരളത്തില്‍ തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലേക്കുള്ള തിരഞ്ഞെടുപ്പ് നടക്കുന്ന സമയം നോക്കി എസ്.ഐ.ആര്‍, വഖഫ് സ്വത്തുക്കളുടെ രജിസ്‌ട്രേഷന്‍ കൊണ്ടുവന്നത് ദുരുദ്ദേശപരമാണ്. തീവ്ര വോട്ടര്‍ പട്ടിക പരിഷ്‌കരണത്തിന്റെ കാണാപുറങ്ങളെ സംബന്ധിച്ചും കേന്ദ്ര വഖഫ് നിയമപ്രകാരം വഖഫ് സ്വത്തുക്കള്‍ ഉമീദ് പോര്‍ട്ടലില്‍ രജിസ്റ്റര്‍ ചെയ്യുന്നതിനെ കുറിച്ചും വിശദീകരിക്കുന്നതിനും സംശയ നിവാരണത്തിനുമായി മുസ്ലിം ലീഗ് ജില്ലാ കമ്മിറ്റി കാസര്‍കോട് മുനിസിപ്പല്‍ കോണ്‍ഫറന്‍സ് ഹാളില്‍ സംഘടിപ്പിച്ച പ്രത്യേക കണ്‍വന്‍ഷനില്‍ മുഖ്യപ്രഭാഷണം നടത്തുകയായിരുന്നു കുഞ്ഞാലിക്കുട്ടി.
കോണ്‍ഗ്രസ് രാജ്യവും വിവിധ സംസ്ഥാനങ്ങളും ഭരിച്ചപ്പോള്‍ എല്ലാവര്‍ക്കും തുല്യ നീതി ലഭിച്ചിരുന്നു. എന്നാല്‍ ഇപ്പോള്‍ കേന്ദ്രം ഭരിക്കുന്ന ബി.ജെ.പി സര്‍ക്കാര്‍ കൊണ്ടുവരുന്ന ഓരോ നിയമവും ന്യൂനപക്ഷങ്ങളെ ആശങ്കയിലാക്കുന്നു. മന്‍മോഹന്‍ സിംഗ് പ്രധാനമന്ത്രിയായപ്പോള്‍ സച്ചാര്‍ കമ്മീഷനിലൂടെ ന്യൂനപക്ഷങ്ങള്‍ക്ക് നിരവധി വിദ്യാഭ്യാസ ആനുകൂല്യങ്ങള്‍ ലഭിച്ചു. മോദി സര്‍ക്കാര്‍ എസ്.ഐ.ആര്‍, വഖഫ് രജിസ്‌ട്രേഷന്‍ കൊണ്ടുവന്ന് പുറത്ത് നിര്‍ത്താനുള്ള തന്ത്രമാണ് പ്രയോഗിക്കുന്നത്. എസ്.ഐ.ആര്‍ സമയം കൊടുത്ത് സാവകാശം ചെയ്യേണ്ട കാര്യമാണ്. വേഗം വേഗം എന്ന് പറഞ്ഞ് യുദ്ധകാലാടിസ്ഥാനത്തില്‍ നടപ്പിലാക്കാന്‍ പറയുന്നത് ബീഹാറില്‍ ഉണ്ടായത് പോലെ പലരുടെയും വോട്ടുകള്‍ തള്ളാന്‍ വേണ്ടിയാണ്. ഈ രണ്ടു കാര്യങ്ങളിലും മുസ്ലിം ലീഗ് ജാഗ്രതയോടെ ഇടപെട്ടിട്ടുണ്ടെന്ന് കുഞ്ഞാലിക്കുട്ടി പറഞ്ഞു.
കര്‍ണാടക വഖഫ്, ന്യൂനപക്ഷ, ഹൗസിംഗ് വകുപ്പ് മന്ത്രി സമീര്‍ അഹമ്മദ് ഖാന്‍ ഉദ്ഘാടനം ചെയ്തു. മുസ്ലിം ലീഗ് ജില്ലാ പ്രസിഡന്റ് കല്ലട്ര മാഹിന്‍ ഹാജി അധ്യക്ഷത വഹിച്ചു. ജനറല്‍ സെക്രട്ടറി എ. അബ്ദുല്‍ റഹ്മാന്‍ സ്വാഗതം പറഞ്ഞു. സയ്യിദ് ഹാദി തങ്ങള്‍ പ്രാര്‍ത്ഥന നടത്തി. പ്രമുഖ നിയമ വിദഗ്ധനും മുസ്ലിം ലീഗ് സംസ്ഥാന സെക്രട്ടറിയുമായ അഡ്വ. മുഹമ്മദ് ഷാ വിഷയാവതരണം നടത്തി.
മുസ്ലിം ലീഗ് സംസ്ഥാന ട്രഷറര്‍ സി.ടി അഹമ്മദലി, രാജ്മോഹന്‍ ഉണ്ണിത്താന്‍ എം.പി, എന്‍.എ നെല്ലിക്കുന്ന് എം.എല്‍.എ, എ.കെ.എം അഷ്‌റഫ് എം.എല്‍.എ, കെ.പി.സി.സി ജനറല്‍ സെക്രട്ടറി കെ.പി നൗഷാദ് അലി, കര്‍ണ്ണാടക പി.സി.സി വൈസ് പ്രസിഡന്റ് ഇനായത്ത് അലി, മുസ്ലിം ലീഗ് ജില്ലാ ട്രഷറര്‍ പി.എം മുനീര്‍ ഹാജി, സമസ്ത കേരള ജംഇയ്യത്തുല്‍ ഉലമ ജില്ലാ വാര്‍ക്കിംഗ് സെക്രട്ടറി ചെങ്കള അബ്ദുള്ള ഫൈസി, സെക്രട്ടറി സിദ്ദീഖ് നദ്വി ചേരൂര്‍, മാലിക് ദീനാര്‍ വലിയ ജുമുഅത്ത് പള്ളി ഖത്തീബ് അബ്ദുല്‍ മജീദ് ബാഖവി, മുഹിമ്മാത്ത് ജനറല്‍ സെക്രട്ടറി ബി.എസ് അബ്ദുള്ള കുഞ്ഞി ഫൈസി, കെ.എന്‍.എം ജില്ലാ സെക്രട്ടറി എ.പി സൈനുദ്ധീന്‍, കെ.എന്‍.എം മാര്‍ക്കസുദ്ദഅ്വ ജില്ലാ സെക്രട്ടറി അബ്ദുല്‍ റൗഫ് മദനി, ജമാഅത്തെ ഇസ്ലാമി ജില്ലാ സെക്രട്ടറി ഷഫീഖ് നസ്‌റുള്ള, എസ്.എം.എഫ് ജില്ലാ ജനറല്‍ സെക്രട്ടറി എ.പി.പി കുഞ്ഞഹമ്മദ് ചന്തേര, വിസ്ഡം ഇസ്ലാമിക് ഓര്‍ഗനൈസേഷന്‍ ജില്ലാ കണ്‍വീനര്‍ ഇംതിയാസ്, എം.ഇ.എസ് ജില്ലാ സെക്രട്ടറി ആരിഫ് കാപ്പില്‍, എം.എസ്.എസ് ജില്ലാ പ്രസിഡന്റ് വി.കെ.പി ഇസ്മായില്‍ ഹാജി, ഇമേജ് കാസര്‍കോട് സെക്രട്ടറി അബ്ദുല്‍ ഖാദര്‍ ചട്ടഞ്ചാല്‍, കെ.ഇ.എ ബക്കര്‍, എ.എം കടവത്ത്, ടി.എ മൂസ, അബ്ദുല്‍ റഹ്മാന്‍ വണ്‍ഫോര്‍, എം. അബ്ബാസ്, എ.ബി ശാഫി, ടി.സി.എ റഹ്മാന്‍, അബ്ദുള്ള കുഞ്ഞി ചെര്‍ക്കള, ബഷീര്‍ വെള്ളിക്കോത്ത് സംബന്ധിച്ചു.

Post a Comment
0 Comments