മൊഗ്രാല്‍: സപ്തഭാഷ സംഗമഭൂമിയില്‍ 64-ാമത് റവന്യൂ ജില്ലാ സ്‌കൂള്‍ കലോത്സവത്തിന് തുടക്കമായി. സ്റ്റേജിതര മത്സരങ്ങള്‍ക്കാണ് ഇന്നലെ മൊഗ്രാല്‍ ഗവ. ഹയര്‍ സെക്കന്ററി സ്‌കൂളില്‍ ആരംഭിച്ചത്. ആദ്യദിന മത്സരങ്ങള്‍ പൂര്‍ത്തിയായപ്പോള്‍ 146 പോയന്റോടെ കാസര്‍കോട് ഉപജില്ല മുന്നില്‍. ചെറുവത്തൂര്‍ (143) രണ്ടാം സ്ഥാനത്തും ബേക്കല്‍ (142) മൂന്നാം സ്ഥാനത്തുമാണുള്ളത്. ഹൊസ്ദുര്‍ഗ് (139), മഞ്ചേശ്വരം (134), കുമ്പള (129), ചിറ്റാരിക്കാല്‍ (81) എന്നിങ്ങനെയാണ് മറ്റ് ഉപജില്ലകളുടെ പോയന്റ് നില. സ്‌കൂളുകളില്‍ 51 പോയന്റോടെ ഉദുമ ജിഎച്ച്എസ്എസാണ് ഒന്നാംസ്ഥാനത്തുള്ളത്. കുമ്പള ജിഎച്ച്എസ്എസ് (47) രണ്ടാംസ്ഥാനത്തും കാഞ്ഞങ്ങാട് ദുര്‍ഗ എച്ച്എസ്എസ് (38) മൂന്നാംസ്ഥാനത്തുമാണുള്ളത്. ചട്ടഞ്ചാല്‍ സിഎച്ച്എസ്എസ് (33) നാലാമതും പടന്ന വികെപിഎച്ച്എംആര്‍ വിഎച്ച്എസ്എസ് (30) അഞ്ചാം സ്ഥാനത്തുമുണ്ട്.
യു.പി, ഹൈസ്‌കൂള്‍, ഹയര്‍സെക്കന്ററി വിഭാഗങ്ങളിലായി എട്ടു വേദികളിലായി 45 ഓളം മത്സരങ്ങളാണ് ആദ്യദിനം നടന്നത്. 355 പേര്‍ പങ്കെടുത്തു. വിവിധ വിഭാഗങ്ങളിലായി 35 മത്സരങ്ങള്‍ രണ്ടാംദിവസമായ ഇന്ന് നടക്കും. എട്ട് വേദികളിലായി 250-ഓളം കുട്ടികള്‍ മത്സരിക്കും. സ്‌റ്റേജ് മത്സരങ്ങള്‍ ഈമാസം 29, 30, 31 തിയതികളില്‍ നടക്കും. രണ്ടാം പാദ വാര്‍ഷിക പരീക്ഷയും ക്രിസ്മസ് അവധിയും പ്രമാണിച്ച് ജനുവരിയിലേക്ക് മാറ്റിയിരുന്ന കലോത്സവം ജനുവരി രണ്ടാംവാരം സംസ്ഥാന കലോത്സവം നടക്കുന്നതില്‍ പിന്നീട് സ്റ്റേജ് മത്സരങ്ങള്‍ ഡിസംബര്‍ അവസാനവാരം നടത്താന്‍ തീരുമാനിക്കുകയായിരുന്നു.
ഇന്നലെ രാവിലെ പത്തിന് കാസര്‍കോട് വിദ്യാഭ്യാസ ഡെപ്യൂട്ടി ഡയറക്ടര്‍ ടി.വി മധുസൂദനന്‍ പതാക ഉയര്‍ത്തിയതോടെയാണ് സ്റ്റേജിതര മത്സരങ്ങള്‍ക്കു തുടക്കമായത്. പ്രിന്‍സിപ്പല്‍ ബിനി വി.എസ്, ഹെഡ്മാസ്റ്റര്‍ ജെ. ജയറാം, സീനിയര്‍ അസിസ്റ്റന്റ് ജാന്‍സി, പി.ടി.എ പ്രസിഡന്റ് ലത്തീഫ് കൊപ്പളം, വൈസ് പ്രസിഡന്റ് റിയാസ് കരീം, പി.ടി. ബെന്നി, എം.കെ.ആസിഫ്, വിഷ്ണു പാല, സിറാജുദ്ദീന്‍ എസ്.എം, അബ്ബാസ് നടുപ്പളം, കല്ലമ്പലം നജീബ്, മാഹിന്‍, സുകുമാരന്‍, ഗോപാലകൃഷ്ണന്‍, ബിജു പങ്കെടുത്തു.

Post a Comment
0 Comments