കാസര്‍കോട്: സമസ്ത കേരള ജംഇയ്യത്തുല്‍ ഉലമ അധ്യക്ഷന്‍ സയ്യിദ് മുഹമ്മദ് ജിഫ്രി മുത്തുക്കോയ തങ്ങള്‍ നയിക്കുന്ന സമസ്ത ശതാബ്ദി സന്ദേശയാത്ര 28ന് കാസര്‍കോടെത്തും. തളങ്കര മാലിക് ദീനാര്‍ ജുമാമസ്ജിദ് പരിസരത്ത് രാവിലെ പത്തിന് നടക്കുന്ന സ്വീകരണ സമ്മേളനം പ്രതിപക്ഷ ഉപനേതാവ് പി.കെ കുഞ്ഞാലിക്കുട്ടി ഉദ്ഘാടനം ചെയ്യും. ജില്ലാ സ്വാഗത സംഘം ചെയര്‍മാന്‍ ത്വാഖാ അഹമ്മദ് മൗലവി അസ്ഹരി അധ്യക്ഷത വഹിക്കും. കര്‍ണാടക നിയമസഭ സ്പീക്കര്‍ യു.ടി ഖാദര്‍ മുഖ്യാതിഥിയാകും. രാജ്‌മോഹന്‍ ഉണ്ണിത്താന്‍ എം.പി, എം.എല്‍.എമാരായ എന്‍.എ നെല്ലിക്കുന്ന്, എം. രാജഗോപാലന്‍, ഇ. ചന്ദ്രശേഖരന്‍, എ.കെ.എം അഷ്‌റഫ്, സി.എച്ച് കുഞ്ഞമ്പു, ഡി.സി.സി പ്രസിഡന്റ് പി.കെ ഫൈസല്‍, മുസ്ലിം ലീഗ് ജില്ലാ പ്രസിഡന്റ് കല്ലട്ര മാഹിന്‍ ഹാജി മുഖ്യാതിഥികളാകും. പ്രമുഖ പണ്ഡിതരും വിവിധ രാഷ്ട്രീയ, സാമുദായിക നേതാക്കളും പൗരപ്രമുഖരും പങ്കെടുക്കും.
കാസര്‍കോട്ടെ സ്വീകരണ സമ്മേളനത്തിന്റെ മുന്നോടിയായി 28നു രാവിലെ ഒമ്പതിന് തളങ്കരയില്‍ സ്വാഗതസംഘം ചെയര്‍മാന്‍ എ. അബ്ദുല്‍റഹ്്മാന്‍ പതാക ഉയര്‍ത്തും. തുടര്‍ന്ന് നടക്കുന്ന കൂട്ടസിയാറത്തിന് കുമ്പോല്‍ സയ്യിദ് അലി തങ്ങള്‍ നേതൃത്വം നല്‍കും. തുടര്‍ന്ന് മജ്‌ലിസുന്നൂറിന് സയ്യിദ് ഹാദി തങ്ങള്‍ നേതൃത്വം നല്‍കും.
27നു കണ്ണൂരിലെ സ്വീകരണ പരിപാടികള്‍ പൂര്‍ത്തിയാക്കി രാത്രി തൃക്കരിപ്പൂരില്‍ എത്തിച്ചേരുന്ന ജാഥയ്ക്ക് അവിടെ വരവേല്‍പ്പ് നല്‍കും. 28നു രാവിലെ കാഞ്ഞങ്ങാട് പുതിയ ബസ് സ്റ്റാന്റ് പരിസരത്ത് നിന്ന് 200 വാഹനങ്ങളുടെ അകമ്പടിയോടെ ചന്ദ്രഗിരി പാലം വഴി സ്വീകരണ കേന്ദ്രമായ തളങ്കരയിലേക്ക് ആനയിക്കും. കാസര്‍കോട് റെയില്‍വേ സ്റ്റേഷന്‍ പരിസരത്ത് ജാഥാ ക്യാപ്റ്റനായ സയ്യിദ് മുഹമ്മദ് ജിഫ്രി മുത്തുക്കോയ തങ്ങളെ തളങ്കര മാലിക് ദീനാര്‍ പരിസരത്ത് 313 മില, വിഖായ, ഖിദ്മ വളണ്ടിയര്‍മാരുടെ അകമ്പടിയോടെ ആനയിക്കും. സ്വീകരണ സമ്മേളനത്തില്‍ ജില്ലയിലെ വിവിധ ഭാഗങ്ങളില്‍ നിന്നുള്ള അയ്യായിരത്തോളം പ്രവര്‍ത്തകര്‍ പങ്കെടുക്കും.
19നു കന്യാകുമാരിയില്‍ നിന്നാരംഭിച്ച് മൂന്നു സംസ്ഥാനങ്ങളിലൂടെ സഞ്ചരിക്കുന്ന സമസ്ത ശതാബ്ദി സന്ദേശ യാത്ര 28നു വൈകുന്നേരം അഞ്ചിന് മംഗളൂരു അഡിയാര്‍ കണ്ണൂര്‍ മൈതാനിയില്‍ സമാപിക്കും. വാര്‍ത്താസമ്മേളനത്തില്‍ എം.എസ് തങ്ങള്‍ മദനി, അബ്ദുസലാം ദാരിമി ആലംപാടി, ചെങ്കളം അബ്ദുല്ല ഫൈസി, സിദ്ദീഖ് നദ്വി ചേരൂര്‍, താജുദ്ദീന്‍ ദാരിമി പടന്ന, റഷീദ് ബെളിഞ്ചം, അബൂബക്കര്‍ സാലൂദ് നിസാമി, ബഷീര്‍ ദാരിമി തളങ്കര, ഇര്‍ഷാദ് ഹുദവി ബെദിര പങ്കെടുത്തു.

Post a Comment
0 Comments