കാസര്‍കോട്: ദേശീയപാത 66-ല്‍ ചട്ടങ്ങള്‍ ലംഘിച്ച് കുമ്പള അരിക്കാടിയില്‍ ടോള്‍ പ്ലാസ സ്ഥാപിക്കുന്നതിനെതിരെ നടക്കുന്ന ജനകീയ പ്രതിഷേധങ്ങളെ അടിച്ചമര്‍ത്താനുള്ള നീക്കങ്ങള്‍ക്കെതിരെ മുസ്ലിം ലീഗ് ജില്ലാ ട്രഷറര്‍ മുനീര്‍ ഹാജി രംഗത്ത്. വിഷയത്തില്‍ ചര്‍ച്ചയ്‌ക്കെത്തിയ ജനപ്രതിനിധികളെ അവഗണിച്ച ജില്ലാ കളക്ടറുടെ നടപടി ജനാധിപത്യത്തിന് തീരാക്കളങ്കമാണെന്നും, ഇതിന് ബിജെപി വക്കാലത്തുമായി വരുന്നത് ഉദ്യോഗസ്ഥ- ബിജെപി അവിശുദ്ധ കൂട്ടുകെട്ടിന്റെ തെളിവാണെന്നും അദ്ദേഹം പ്രസ്താവനയില്‍ പറഞ്ഞു.
ദേശീയപാത അതോറിറ്റിയുടെ നിയമപ്രകാരം 60 കിലോമീറ്റര്‍ പരിധിക്കുള്ളില്‍ രണ്ട് ടോള്‍ പ്ലാസകള്‍ പാടില്ലെന്നാണ് വ്യവസ്ഥ. ഈ അനീതി ചോദ്യം ചെയ്യാന്‍ കളക്ടറുടെ ചേംബറിലെത്തിയ മഞ്ചേശ്വരം എംഎല്‍എ എ.കെ.എം. അഷ്‌റഫിനെയും സമരസമിതി നേതാക്കളെയും കളക്ടര്‍ അവഗണിക്കുകയും ഗണ്‍മാനെ ഉപയോഗിച്ച് ഭയപ്പെടുത്താന്‍ ശ്രമിക്കുകയും ചെയ്തത് പ്രതിഷേധാര്‍ഹമാണ്. ജനപ്രതിനിധികളെ ബഹുമാനിക്കാന്‍ തയ്യാറാകാത്ത ഇത്തരം ഉദ്യോഗസ്ഥ ധാര്‍ഷ്ട്യം ആര്‍ക്ക് വേണ്ടിയുള്ളതാണെന്ന് അധികൃതര്‍ വ്യക്തമാക്കണമെന്ന് അദ്ദേഹം ആവശ്യപ്പെട്ടു.
സംഭവത്തിന് ശേഷം കളക്ടര്‍ ഫേസ്ബുക്കിലൂടെ നിഷേധക്കുറിപ്പ് ഇറക്കിയെങ്കിലും, വസ്തുതകള്‍ ജനങ്ങള്‍ക്കറിയാം. ഈ സംഭവത്തില്‍ ബിജെപി വക്കാലത്തുമായി രംഗത്തിറങ്ങുന്നത് ടോള്‍ കൊള്ളയില്‍ നിന്നും സാധാരണക്കാരുടെ ദുരിതങ്ങളില്‍ നിന്നും ശ്രദ്ധ തിരിക്കാനാണ്. ബിജെപിയും ഉദ്യോഗസ്ഥ സംവിധാനവും തമ്മിലുള്ള അവിശുദ്ധ ബന്ധത്തിന്റെ നേര്‍ചിത്രമാണ് ഇവിടെ പുറത്തുവരുന്നത്. ടോള്‍ പ്ലാസയില്‍ ബിജെപിക്ക് മാത്രമായി പ്രത്യേക ഇളവുകള്‍ ഒന്നുമില്ലെന്ന യാഥാര്‍ത്ഥ്യം അവര്‍ മറക്കരുത്. 15 ലക്ഷം രൂപ അക്കൗണ്ടില്‍ വരുമെന്ന് പറഞ്ഞ് അണികളെ വിശ്വസിപ്പിച്ചതുപോലെ, ടോള്‍ വിഷയത്തിലും മണ്ടത്തരങ്ങള്‍ പറഞ്ഞ് സ്വന്തം പ്രവര്‍ത്തകരെ ഇവര്‍ പറ്റിക്കുകയാണോ എന്ന് സംശയിക്കേണ്ടിയിരിക്കുന്നു.
ജനപ്രതിനിധികളെ കേസെടുക്കുമെന്ന് ഭീഷണിപ്പെടുത്തിയും ആയുധധാരികളെ കാണിച്ച് ഭയപ്പെടുത്തിയും ജനകീയ സമരങ്ങളില്‍ നിന്ന് പിന്നോട്ട് ഓടിക്കാമെന്ന് ആരും മോഹിക്കേണ്ടതില്ല. ഭരണസംവിധാനത്തിന്റെ തണലില്‍ സമരങ്ങളെ അടിച്ചമര്‍ത്താന്‍ ശ്രമിക്കുന്ന നീക്കങ്ങള്‍ കാസര്‍കോടിന്റെ മണ്ണില്‍ വിലപ്പോകില്ല. ജനങ്ങളുടെ ന്യായമായ ആവശ്യങ്ങള്‍ക്കായി പോരാടുന്നവരുടെ കൂടെയാണ് നാട് നില്‍ക്കുന്നത്. അധികാരത്തിന്റെ ഹുങ്ക് കാണിക്കുന്ന ഉദ്യോഗസ്ഥര്‍ക്കും അവര്‍ക്ക് കുടപിടിക്കുന്ന രാഷ്ട്രീയ പാര്‍ട്ടികള്‍ക്കുമെതിരെ ശക്തമായ പ്രതിഷേധം തുടരുമെന്നും മുനീര്‍ ഹാജി വ്യക്തമാക്കി.

Post a Comment
0 Comments