ഉപ്പള: വനിതാ ബി.എല്‍.ഒയെ തടഞ്ഞുനിര്‍ത്തി ഭീഷണിപ്പെടുത്തുകയും അവരുടെ ഔദ്യോഗിക മൊബൈല്‍ ഫോണിലെ എസ്.ഐ.ആര്‍ വിവരങ്ങള്‍ പകര്‍ത്തി വാട്സ്ആപ്പ് ഗ്രൂപ്പില്‍ പ്രചരിപ്പിച്ചതായുമുള്ള പരാതിയില്‍ ബി.ജെ.പി പ്രവര്‍ത്തകനെ മഞ്ചേശ്വരം പൊലീസ് അറസ്റ്റ് ചെയ്തു. മംഗല്‍പാടി ഗ്രാമപഞ്ചായത്ത് പരിധിയിലെ സജീവ ബിജെപി പ്രവര്‍ത്തകനായ ഇഎസ് അമിത് (34)നെയാണ് പരാതിയെ തുടര്‍ന്ന് പൊലീസ് അറസ്റ്റ് ചെയ്തത്. വെള്ളിയാഴ്ച ഉച്ചയ്ക്ക് 2:30 മണിയോടെ ഉപ്പള ബസ് സ്റ്റാന്‍ഡിന് സമീപമാണ് കേസിനാസ്പദമായ സംഭവം നടന്നതായി പരാതിയില്‍ പറയുന്നത്. ബേക്കൂര്‍, കണ്ണാടിപ്പാറ, മാതൃനിലയത്തില്‍ ബിഎല്‍ഒ ആയി സേവനം ചെയ്യുന്ന എ സുഭാഷിണി (41) ആണ് പൊലീസിന് പരാതി നല്‍കിയത്.
എസ്.ഐ.ആര്‍ ഡാറ്റ ശേഖരണം പൂര്‍ത്തിയാക്കി മടങ്ങുന്നതിനിടെ പ്രതിയായ അമിത് തന്നെ വഴിതടഞ്ഞുവെന്നാണ് പരാതി. തുടര്‍ന്ന് അമിത് ഭീഷണിപ്പെടുത്തുകയും, യുവതിയുടെ കൈവശമുണ്ടായിരുന്ന മൊബൈല്‍ ഫോണ്‍ ആവശ്യപ്പെടുകയും ചെയ്തു. ഫോണ്‍ കൈപ്പറ്റിയ ശേഷം എസ്ഐആര്‍ വിവരങ്ങളുളള തെരെഞ്ഞടുപ്പ് കമ്മീഷന്റെ ഔദ്യോഗിക ആപ്പ് തുറക്കാന്‍ നിര്‍ബന്ധിക്കുകയും അതിലെ വിവരങ്ങള്‍ പ്രതിയുടെ ഫോണിലേയ്ക്ക് പകര്‍ത്തി വാട്സ്ആപ്പ് ഗ്രൂപ്പില്‍ ഷെയര്‍ ചെയ്യുകയും ചെയ്തതായുമാണ് പരാതിക്കാരി പൊലീസിന് നല്‍കിയ മൊഴിയില്‍ വ്യക്തമാക്കിയത്.

Post a Comment
0 Comments