Type Here to Get Search Results !

Bottom Ad

ദുഗലഡ്ക ഫഖ്റുദ്ധീന്‍ തങ്ങള്‍ ആണ്ട് നേര്‍ച്ചയും വാര്‍ഷിക ഖുതുബിയതും ഇന്ന് സമാപിക്കും


സുള്ള്യ: ദുഗലഡ്ക സയ്യിദ് ഫഖ്റുദ്ധീന്‍ തങ്ങളുടെ 22-ാം ആണ്ട് നേര്‍ച്ചയും ജംഇയ്യത്തു തര്‍ബിയത്തില്‍ ബുഖാരിയ്യയുടെ 32-ാം വാര്‍ഷിക ഖുതുബിയത്തും ഇന്ന് സമാപിക്കും. വ്യാഴാഴ്ച വൈകുന്നേരം നാലു മണിക്ക് സയ്യിദ് ഹാമിദ് കോയമ്മ തങ്ങള്‍ നടുവണ്ണൂര്‍ പതാക ഉയര്‍ത്തലോടു കൂടി പരിപാടികള്‍ക്ക് തുടക്കമായി. അഞ്ചു മണിക്ക് നടന്ന ഉദ്ഘാടന സമ്മേളനം സയ്യിദ് സൈനുല്‍ ആബിദീന്‍ തങ്ങളുടെ അധ്യക്ഷതയില്‍ സമസ്ത കേന്ദ്ര മുശാവറ അംഗവും മംഗലാപുരം ഖാസിയുമായ ത്വാഖ അഹ്മദ് മുസ്ലിയാര്‍ ഉദ്ഘാടനം ചെയ്തു. സമസ്ത കാസര്‍കോട് ജില്ലാ വര്‍ക്കിംഗ് സെക്രട്ടറി ചെങ്കള അബ്ദുല്ല ഫൈസി അനുഗ്രഹ ഭാഷണം നടത്തി. അബ്ദുല്‍ കരീം ഫൈസി മുക്കൂട് അനുസ്മരണ പ്രഭാഷണം നിര്‍വഹിച്ചു. മുഹമ്മദ് ഹനീഫ് നിസാമി മുഖ്യപ്രഭാഷണം നടത്തി. അബ്ദുള്ള ഹാജി പള്ളത്തൂര്‍, അബ്ദുറഹ്്മാന്‍ ഹാജി കൊളഞ്ചിക്കൊടി, മുഹമ്മദ് കുഞ്ഞി ഹാജി, ഹംസ ദോഡ്‌ത്തോട്ട, ഹുസൈന്‍, ആരിഫ് സംസാരിച്ചു.

വെള്ളിയാഴ്ച മഗ്രിബ് നിസ്‌കാരാനന്തരം ഖലീല്‍ ഹുദവി കാസര്‍കോട് മതപ്രഭാഷണം നടത്തി. ശനിയാഴ്ച വൈകുന്നേരം 6.30ന് സിംസാറുല്‍ ഹഖ് ഹുദവി മുഖ്യപ്രഭാഷണം നടത്തി. ഹനീഫ് ഹുദവി ആമുഖഭാഷണം നടത്തി. ഞായറാഴ്ച രാവിലെ 10 മണി മുതല്‍ ജാമിഅഃ ബുഖാരിയ അറബിക് കോളജ് വിദ്യാര്‍ഥി ഫെസ്റ്റ് നടന്നു. സമാപന ദിവസമായ ഇന്ന് ഉച്ചക്ക് 12 മണിക്ക് ജാമിഅഃ ബുഖാരിയ അറബിക് കോളജ് വിദ്യാര്‍ത്ഥി ഹോസ്റ്റല്‍ ബ്ലോക്ക് ഉദ്ഘാടനം പാണക്കാട് സയ്യിദ് മുനവ്വറലി ശിഹാബ് തങ്ങള്‍ നിര്‍വഹിക്കും.

വൈകുന്നേരം 6.30ന് സമാപന പൊതുസമ്മേളനം സയ്യിദ് ഫസല്‍ ഹാമിദ് കോയമ്മ തങ്ങള്‍ ഉദ്ഘാടനം ചെയ്യും. പ്രമുഖ പണ്ഡിതന്‍ മൗലാന എ. നജീബ് മൗലവി പ്രഭാഷണം നിര്‍വഹിക്കും. ബഷീര്‍ ഫൈസി അല്‍ഹാമിദി ആമുഖഭാഷണം നടത്തും. 11 മണിക്ക് മഖാമില്‍ നടക്കുന്ന ഖത്തം ദുആക്കും 12 മണിക്ക് നടക്കുന്ന ഖുതുബിയത്തിനും സയ്യിദ് സൈനുല്‍ ആബിദീന്‍ തങ്ങള്‍ നേതൃത്വം നല്‍കും. തുടര്‍ന്നു അന്നദാനത്തോടെ പരിപാടി സമാപിക്കും.

Post a Comment

0 Comments

Top Post Ad

Below Post Ad