നവി മുംബൈ: തോല്‍വികളില്‍ തകരാതെ, തിരിച്ചടികളില്‍ പതറാതെ, നിശ്ചയദാര്‍ഢ്യത്തോടെ മുന്നേറിയാല്‍ ഏത് ലക്ഷ്യവും സാധ്യമെന്ന് തെളിയിക്കുകയാണ് ഇന്ത്യയുടെ പെണ്‍പുലികള്‍. ഗ്രൂപ്പ് ഘട്ടത്തിലെ മൂന്ന് മത്സരങ്ങള്‍ പരാജയപ്പെട്ട ടീം ഇന്ത്യ ആദ്യമായാണ് ലോകകിരീടം നേടുന്നത്. കംപ്ലീറ്റ് ടീം വര്‍ക്കിലൂടെ കഠിനാധ്വാനം ചെയ്ത് നേടിയ കിരീടവുമായി അഭിമാനത്തോടെ തലയുയര്‍ത്തി നില്‍ക്കുകയാണ് ടീം ഇന്ത്യ. ഒട്ടും എളുപ്പമായിരുന്നില്ല ടൂര്‍ണമെന്റില്‍ ഇന്ത്യയുടെ മുന്നേറ്റം.
ആദ്യ രണ്ട് മത്സരങ്ങള്‍ ജയിച്ച് തുടങ്ങിയ ടീം പിന്നാലെ പൊരുതി വീഴാന്‍ തുടങ്ങി. തുടര്‍ച്ചയായി മൂന്ന് തോല്‍വികള്‍. ദക്ഷിണാഫ്രിക്കയോടും ഓസ്‌ട്രേലിയയോടും ഇംഗ്ലണ്ടിനോടും തോറ്റു. ഈ ടീമിനെക്കൊണ്ട് ഒന്നും ആവില്ലെന്ന സൈബര്‍ അധിക്ഷേപം, പരിഹാസം. ഒടുവില്‍ ന്യൂസിലന്‍ഡിനെതിരെ ആശ്വാസ ജയവുമായി നാലാം സ്ഥാനക്കാരായി ഇന്ത്യ സെമിയിലേക്ക്. ഓസീസിനെതിരായ റെക്കോര്‍ഡ് ചേസ് വിജയം ഇന്ത്യയുടെ ഗതിയും വിധിയും മാറ്റി. ടീമിനും വിജയ ശില്‍പി ജമീമ റോഡ്രിഗ്‌സിനും ആരാധകര്‍കൂടി, പ്രതീക്ഷകളും.
2005ലും 2017ലും ഫൈനലില്‍ അടിതെറ്റിയ ഇന്ത്യക്ക് സ്വന്തം കാണികള്‍ക്ക് മുന്നില്‍ പിഴച്ചില്ല. കപ്പിലേക്കെത്തിയത് ഒത്തുപിടിച്ച്. 434 റണ്‍സുമായി സമൃതി മന്ദാന. 215 റണ്‍സും 22 വിക്കറ്റും നേടി ദീപ്തി ശര്‍മ. പരിചയക്കുറവിന്റെ പരിഭ്രമമില്ലാതെ ശ്രീചരണി ക്രാന്തി ഗൗഡും. കാമിയോ റോളില്‍ കസറി ഷെഫാലി വര്‍മ. വിക്കറ്റിന് മുന്നിലും പിന്നിലും വിശ്വസ്തയായി റിച്ച ഘോഷ്,. എല്ലാവരും അവരവരുടെ ദൗത്യം നിറവേറ്റിയപ്പോള്‍ പിറന്നത് ഹര്‍മന്‍പ്രീത് കൗര്‍ വിശ്വകിരീടം ഏറ്റുവാങ്ങിയപ്പോള്‍ മുന്‍ഗാമികളുടെ മോഹഭംഗങ്ങള്‍ ചിറകറ്റുവീണു. പുതുതലമുറയ്ക്ക് പ്രത്യാശയുടെ പുതിയ ചക്രവാളങ്ങള്‍.

Post a Comment
0 Comments