തീവ്ര വോട്ടര്‍ പട്ടിക പരിഷ്‌കരണവുമായി ബന്ധപ്പെട്ട നടപടികളില്‍ സമയപരിധി നീട്ടി കേന്ദ്ര തിരഞ്ഞെടുപ്പ് കമ്മീഷന്‍. കേന്ദ്രഭരണ പ്രദേശങ്ങള്‍ ഉള്‍പ്പെടെ കേരളമടക്കമുള്ള 12 സംസ്ഥാനങ്ങളിലെ എസ്‌ഐആര്‍ സമയപരിധിയാണ് തിരഞ്ഞെടുപ്പ് കമ്മീഷന്‍ നീട്ടിയത്. കേന്ദ്ര തിരഞ്ഞെടുപ്പ് കമ്മീഷന്‍ ഇതുസംബന്ധിച്ച് ഉത്തരവിറക്കി.
പുതിയ ഉത്തരവ് പ്രകാരം ഡിസംബര്‍ 11 വരെ എന്യുമറേഷന്‍ ഫോം വിതരണം ചെയ്യാം. ഡിസംബര്‍ 16നായിരിക്കും കരട് പട്ടിക പ്രസിദ്ധീകരിക്കുക. അന്തിമ പട്ടിക ഫെബ്രുവരിയിലാകും പുറത്തിറക്കുക. സംസ്ഥാന തിരഞ്ഞെടുപ്പ് കമ്മീഷണന് കേന്ദ്ര തിരഞ്ഞെടുപ്പ് കമ്മീഷന്‍ അയച്ച ഉത്തരവാണ് പുറത്തുവന്നത്. കേരളത്തില്‍ തദ്ദേശ തിരഞ്ഞെടുപ്പ് അടക്കം നടക്കുന്നതിനിടെ എസ്‌ഐആര്‍ നടപടികള്‍ നീട്ടിവെക്കണമെന്ന് തുടക്കം മുതല്‍ രാഷ്ട്രീയ പാര്‍ട്ടികള്‍ ആവശ്യപ്പെട്ടിരുന്നു.
തദ്ദേശ തിരഞ്ഞെടുപ്പ് നടക്കുന്നതിനിടയില്‍ ഫോം വിതരണം പൂര്‍ത്തിയാക്കി കരട് പട്ടിക പുറത്തിറക്കുന്നത് ബുദ്ധിമുട്ടായിരിക്കുമെന്ന് സംസ്ഥാന തിരഞ്ഞെടുപ്പ് കമ്മീഷനുമായുള്ള യോഗത്തില്‍ രാഷ്ട്രീയ പാര്‍ട്ടി പ്രതിനിധികള്‍ വ്യക്തമാക്കിയിരുന്നു. നേരത്തെ ഡിസംബര്‍ നാലിനുള്ളില്‍ ഫോം വിതരണം പൂര്‍ത്തിയാക്കണമെന്നും ഡിസംബര്‍ ഒമ്പതിന് കരട് പട്ടിക പുറത്തിറക്കണമെന്നും അന്തിമ പട്ടിക ഫെബ്രുവരി ഏഴിന് പുറത്തിറക്കണമെന്നുമായിരുന്നു കേന്ദ്ര തിരഞ്ഞെടുപ്പ് കമ്മീഷന്റെ നിര്‍ദേശം.

Post a Comment
0 Comments