Type Here to Get Search Results !

Bottom Ad

തെരുവുനായ ശല്യം: സുപ്രീംകോടതി ഉത്തരവില്‍ മന്ത്രിയുടെ പ്രസ്താവനയ്‌ക്കെതിരെ വ്യാപക പ്രതിഷേധം


കാസര്‍കോട്: വ്യാപകമായ തെരുവുനായ ശല്യത്തില്‍ നിന്നും പ്രതീക്ഷ പകരുന്ന സുപ്രീംകോടതി വിധിയെ ഒന്നടങ്കം ജനങ്ങള്‍ സ്വാഗതം ചെയ്തപ്പോള്‍ സംസ്ഥാന മന്ത്രി എം.ബി രാജേഷിന്റെ പ്രതികരണത്തിനെതിരെ പരക്കെ പ്രതിഷേധം. മന്ത്രിയുടെ പ്രസ്താവനയ്‌ക്കെതിരെ സോഷ്യല്‍ മീഡിയകളില്‍ ശക്തമായ പ്രതികരണങ്ങളാണുണ്ടായത്.

പൊതുസ്ഥലങ്ങളില്‍ നിന്ന് തെരുവുനായ്ക്കളെ ഷെള്‍ട്ടര്‍ ഹോമുകളിലേക്ക് മാറ്റണമെന്ന ഇടക്കാല ഉത്തരവാണ് സുപ്രീംകോടതി പുറപ്പെടുവിച്ചത്. വിദ്യാഭ്യാസ സ്ഥാപനങ്ങള്‍, ആശുപത്രികള്‍, ബസ് സ്റ്റാന്റുകള്‍, റെയില്‍വേ സ്റ്റേഷനുകള്‍ ഉള്‍പ്പെടെയുള്ള പൊതുയിടങ്ങളില്‍ നിന്നെല്ലാം അടിയന്തിരമായി തെരുവുനായ്ക്കളെ നീക്കുന്നുവെന്ന് സംസ്ഥാന ചീഫ് സെക്രട്ടറിമാര്‍ ഉറപ്പു വരുത്തണമെന്ന് ജസ്റ്റിസ് വിക്രംനാഥ് അധ്യക്ഷനായ മൂന്നംഗ പുറപ്പെടുവിച്ച ഉത്തരവില്‍ പറയുന്നുണ്ട്.

തെരുവുനായ്ക്കളെ പിടിക്കുന്നവര്‍ക്ക് ഏതെങ്കിലും വ്യക്തിയോ സംഘടനയോ തടസം സൃഷ്ടിച്ചാല്‍ അവര്‍ക്കെതിരെ കര്‍ശന നടപടിയെടുക്കുമെന്നും കോടതി മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്. ഇത് മൃഗസ്‌നേഹികള്‍ക്കുള്ള മുന്നറിയിപ്പ് കൂടിയാണ്. ഡല്‍ഹിയില്‍ തെരുവുനായ്ക്കളുടെ ആക്രമണത്തില്‍ ആറുവയസായ കുട്ടി മരിച്ചതടക്കം കണക്കിലെടുത്ത് സ്വമേധയാ പരിഗണിച്ച കേസിലാണ് സുപ്രീംകോടതി ഇടക്കാല വിധി പുറപ്പെടുവിച്ചത്. നേരത്തെ നിരവധി തവണ പുറപ്പെടുവിച്ച കോടതി നിര്‍ദ്ദേശങ്ങള്‍ സംസ്ഥാനങ്ങള്‍ പരിഗണിക്കാതിരുന്നതിനാലാണ് കര്‍ശനമായ ഉത്തരവുമായി സുപ്രീംകോടതി രംഗത്തുവന്നത്. ഇനി ഈവിഷയത്തില്‍ നടപടി സ്വീകരിച്ചില്ലെങ്കില്‍ തെരുവുനായ ആക്രമണമുണ്ടായാല്‍ ചീഫ് സെക്രട്ടറിമാര്‍ കോടതി അലക്ഷ്യ നടപടികള്‍ നേരിടേണ്ടതായി വരും.

കോടതി ഇടക്കാല ഉത്തരവ് അനുഭാവ പൂര്‍വ്വം പരിഗണിക്കുന്നതിന് പകരം തെരുവുനായ്ക്കളെ മുഴുവന്‍ മാറ്റുക എന്നത് പ്രായോഗികമല്ലെന്ന് സുപ്രീം കോടതിയില്‍ സര്‍ക്കാര്‍ വിശദമായ സത്യവാങ്മൂലം നല്‍കിയതാണെന്നും മന്ത്രി എംബി രാജേഷിന്റെ പ്രസ്താവനയില്‍ വലിയ പ്രതിഷേധമാണ് ജനങ്ങളുടെ ഭാഗത്തു നിന്നുണ്ടായത്. മന്ത്രി മനുഷ്യരെക്കാള്‍ വില നായ്ക്കള്‍ക്ക് നല്‍കുന്നുവെണ് ജനങ്ങളുടെ പ്രതികരണം. നേരത്തെ രാജസ്ഥാനടക്കം വിവിധ സംസ്ഥാനങ്ങളിലെ ഹൈക്കോടതികളില്‍ തെരുവുനായ വിഷയം പരിഗണിച്ചപ്പോള്‍ കര്‍ശന നടപടികള്‍ സ്വീകരിക്കാന്‍ ഹൈക്കോടതി ഉത്തരവുകള്‍ പുറപ്പെടുവിച്ചിരുന്നു. തെരുവുനായ ആക്രമണങ്ങള്‍ തുടരുമ്പോഴും നടപടി സ്വീകരിക്കാത്തതിനെ തുടര്‍ന്നാണ് വിഷയത്തില്‍ സുപ്രീംകോടതി കര്‍ശനമായ ഉത്തരവുമായി രംഗത്തുവന്നത്.
Tags

Post a Comment

0 Comments

Top Post Ad

Below Post Ad