കാസര്‍കോട്: സിപിഎം ലോക്കല്‍ കമ്മിറ്റിയംഗമായ സ്ഥാനാര്‍ഥിയെ അവസാന നിമിഷം പിന്‍വലിച്ച് സ്വതന്ത്ര സ്ഥാനാര്‍ഥിക്ക് പിന്തുണ പ്രഖ്യാപിച്ച് സിപിഎം. പുല്ലൂര്‍ പെരിയ പഞ്ചായത്തിലെ കല്യോട്ട് 5ാം വാര്‍ഡിലാണ് പത്രിക പിന്‍വലിക്കാന്‍ 5 മിനിറ്റ് മാത്രം ബാക്കി നില്‍ക്കെ സിപിഎം സ്ഥാനാര്‍ഥിയായി പത്രിക നല്‍കിയ പാര്‍ട്ടി ലോക്കല്‍ കമ്മിറ്റിയംഗം എം.ബാലകൃഷ്ണനെ പിന്‍വലിച്ച് സ്വതന്ത്ര സ്ഥാനാര്‍ഥിയായി പത്രിക നല്‍കിയ കെ.ജോണ്‍സന് പിന്തുണ പ്രഖ്യാപിച്ചത്. കാഞ്ഞങ്ങാട് ബ്ലോക്ക് പഞ്ചായത്ത് അംഗമായ എം.കെ.ബാബുരാജാണ് ഇവിടെ കോണ്‍ഗ്രസ് സ്ഥാനാര്‍ഥി.
ഇരട്ടക്കൊലപാതക കേസില്‍ കോണ്‍ഗ്രസിനും കുടുംബങ്ങള്‍ക്കും വേണ്ടി നിയമപോരാട്ടം നടത്താന്‍ പാര്‍ട്ടി നിയോഗിച്ച അഭിഭാഷകന്‍ കൂടിയാണ് ബാബുരാജ്. കഴിഞ്ഞ തിരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസ് 250 ലേറെ വോട്ടുകള്‍ക്ക് വിജയിച്ച വാര്‍ഡാണിത്. യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകരായ കൃപേഷും ശരത്ലാലും കൊലചെയ്യപ്പെട്ട വാര്‍ഡില്‍ സിപിഎമ്മിന് സ്വന്തം ചിഹ്നത്തില്‍ മത്സരിക്കാന്‍ ഭയമുള്ളതുകൊണ്ടാണ് സ്വതന്ത്രനെ പിന്തുണയ്‌ക്കേണ്ട ഗതികേടുണ്ടായതെന്ന് കോണ്‍ഗ്രസ് കുറ്റപ്പെടുത്തി.
മുന്‍പ് വാര്‍ഡില്‍ കോണ്‍ഗ്രസ് സ്ഥാനാര്‍ഥിയായി മത്സരിച്ച് ജയിച്ച ഓമനയുടെ ഭര്‍ത്താവാണ് ജോണ്‍സണ്‍.&ിയുെ;എന്നാല്‍ വര്‍ഷങ്ങളായി ജോണ്‍സന് പാര്‍ട്ടിയുമായി ബന്ധമില്ലെന്നും ഇരട്ടക്കൊലപാതക കേസില്‍ ബന്ധമുണ്ടെന്ന് കൊലചെയ്യപ്പെട്ടവരുടെ കുടുംബം ആരോപിച്ച വ്യക്തിയുടെ സ്ഥാപനത്തിലാണ് ജോണ്‍സന്‍ ജോലി ചെയ്യുന്നതെന്നും കോണ്‍ഗ്രസ് മണ്ഡലം നേതൃത്വം കുറ്റപ്പെടുത്തി. പോസ്റ്റര്‍ പ്രചാരണമുള്‍പ്പെടെ നടത്തി സജീവമാകുന്നതിനിടെയാണ് ബാലകൃഷ്ണന്റെ പിന്‍മാറ്റം.

Post a Comment
0 Comments