നീലേശ്വരം: ചരിത്ര ഗ്രന്ഥങ്ങളില്‍ പരാമര്‍ശിക്കുന്ന മടിക്കൈ എരിക്കുളം വലിയപാറയിലെ ശിലാ ചിത്രമായ 'തോരണം' അന്വേഷിച്ചെത്തിയ ഗവേഷകര്‍ പുല്‍മേ ടുകള്‍ക്കിടയില്‍ മൂര്‍ച്ചയുള്ള ആയുധം കൊണ്ട് കോറിയിട്ടതെന്ന് കരുതുന്ന പരുന്തിന്റെയും പാമ്പിന്റെയും ചിത്രങ്ങള്‍ കണ്ടെത്തി. കാഞ്ഞങ്ങാട് നെഹ്‌റു ആര്‍ട്‌സ് ആന്‍ഡ് സയന്‍സ് കോളജിലെ ചരിത്രാധ്യാപകനും ചരിത്ര ഗവേഷകനുമായ ഡോ. നന്ദകുമാര്‍ കോറോത്ത്, പ്രാദേശിക പുരാവസ്തു ഗവേഷകന്‍ സതീശന്‍ കാളിയാനം ബറോഡ സര്‍വകലാശാലയിലെ പുരാവസ്തു വിഭാഗം വിദ്യാര്‍ഥികളായ അനഘ ശിവരാമകൃഷ്ണന്‍, അസ്‌ന ജിജി എന്നിവര്‍ നടത്തിയ നിരീക്ഷണത്തിലാണ് ശിലാ ചിത്രങ്ങള്‍ കണ്ടെത്തിയത്.
സമീപത്തായി മനുഷ്യന്റെ മുഖത്തിനോട് സാദൃശ്യമുള്ള അവ്യക്തമായ രൂപവും കൊത്തിവച്ചിട്ടുണ്ട്. മഹാരാഷ്ട്രയിലെ രത്‌നഗിരി മുതല്‍ വയനാട് വരെ ചെങ്കല്‍ പാറകളില്‍ സമാന രീതിയിലാണ് പ്രചീനമ നുഷ്യര്‍ ശിലാചിത്രങ്ങള്‍ വരച്ചുവച്ചിട്ടുള്ളത്. മഹാരാഷ്ട്രയിലെ കൊങ്കണ്‍ തീരത്തിന് സമീപത്തുള്ള ചെങ്കല്‍ പാറകളില്‍ കാണപ്പെടുന്ന ആയിരത്തിലധികം ശിലാചിത്രങ്ങള്‍ക്ക് പന്ത്രണ്ടായിരത്തിലധികം വര്‍ഷം പഴക്കമുണ്ടെന്നാണ് പുരാവസ്തു ഗവേഷകരുടെ നിഗമനം.
നൂറ്റാണ്ടുകള്‍ക്ക് മുമ്പ് എരിക്കുളത്ത് ജീവിച്ചിരുന്ന മനുഷ്യര്‍ വിശ്രമവേളകളില്‍ പുല്‍മേടുകള്‍ നിറഞ്ഞ വിശാലമായ വലിയ പാറയില്‍ ഇരതേടി പറന്നിങ്ങുന്ന പരുന്തിന്റെയും പുല്ലുകള്‍ക്കിടയിലൂടെ ഇഴഞ്ഞുനീങ്ങുന്ന പാമ്പിന്റെയും രൂപങ്ങള്‍ കൊത്തിവച്ചതായിരിക്കാനാണ് സാധ്യത. നിരീക്ഷണങ്ങളില്‍ ചീമേനി അരിയിട്ട പാറയിലും മനുഷ്യന്റെയും മൃഗങ്ങളു ടേയും ചിത്രങ്ങള്‍ക്ക് പുറമെ മൃഗങ്ങളുടെ അറുപതിലധികം കാല്‍പ്പാടുകള്‍ കണ്ടെത്തി. കാഞ്ഞിരപൊയി ലില്‍ നാല്‍പതിലധികം ജോഡി പാദമുദ്രകള്‍ കഴിഞ്ഞ വര്‍ഷം കണ്ടെത്തിയിരുന്നു. പുതിയ കണ്ടെത്തലുകളോടെ കാസര്‍കോട് ജില്ലയില്‍ നിന്ന് മാത്രം കണ്ടത്തിയ ശിലാ ചിത്രങ്ങള്‍ ഇരുന്നൂറ് കവിഞ്ഞു.

Post a Comment
0 Comments