കണ്ണൂര്‍: തളിപ്പറമ്പ് നഗരത്തിലുണ്ടായ അഗ്‌നിബാധയില്‍ കത്തിയമര്‍ന്നത് അമ്പതോളം കടകള്‍. കണ്ണൂര്‍ ജില്ലയിലെ എല്ലാ അഗ്‌നിരക്ഷാ കേന്ദ്രങ്ങളിലെയും യൂണിറ്റുകളും കാസര്‍കോട് ജില്ലയില്‍ കാഞ്ഞങ്ങാട്, ഹൊസ്ദുര്‍ഗ്, കാഞ്ഞങ്ങാട് എന്നിവിടങ്ങളില്‍ നിന്നുള്ള 20ല്‍ അധികം യൂണിറ്റുകളും വിമാനത്താവളത്തില്‍ നിന്നുള്ള അഗ്‌നിശമന യൂണിറ്റുകളും എത്തിയിരുന്നു. കെ.വി. കോംപ്ലക്‌സിലും ഇതിനോട് ചേര്‍ന്നുള്ള മറ്റ് 2 കോംപ്ലെക്‌സുകളിലായുള്ള 50 ഓളം കടകളാണ് ഇന്നലെ ഒരു മണിക്കൂറിനുള്ളില്‍ ഇല്ലാതായത്. താഴെ നിലയിലുള്ള മാക്‌സ്‌ട്രോ എന്ന കടയില്‍ നിന്ന് ആരംഭിച്ച തീ മിനിറ്റുകള്‍ക്കുള്ളിലാണ് മുകളിലേക്ക് പടര്‍ന്ന് കയറിയത്. കോംപ്ലക്‌സില്‍ 2 നിലകളിലായി 10ല്‍ അധികം മുറികളില്‍ പ്രവര്‍ത്തിക്കുന്ന ഷാലിമാര്‍ സ്റ്റോര്‍, ഫണ്‍ സിറ്റി, ബോയ്‌സ് സോണ്‍, രാജധാനി സൂപ്പര്‍ മാര്‍ക്കറ്റ്, സര്‍ഗചിത്ര സ്റ്റുഡിയോ, കളേഴ്‌സ് റെഡിമെയ്ഡ്‌സ്, എസ്എം പച്ചക്കറി, പിഎംഎസ് പച്ചക്കറി തുടങ്ങിയ ഒട്ടേറെ കടകളാണ് അഗ്‌നിക്കിരയായത്.
മിക്ക കടകളിലെയും ഇന്നലത്തെ വരുമാനം പോലും എടുക്കാന്‍ സാധിക്കാത്ത അവസ്ഥയായിരുന്നുവെന്ന് വ്യാപാരികള്‍ പറയുന്നു. മുകള്‍ നിലകളിലേക്ക് അതിവേഗം തീ പടര്‍ന്നതിനാല്‍ ജീവനക്കാരും അവിടെയുണ്ടായിരുന്ന നാട്ടുകാരും ജീവന്‍ രക്ഷിക്കാന്‍ കടകളില്‍ നിന്ന് ഇറങ്ങിയോടുകയായിരുന്നു.തങ്ങളുടെ ജീവിത സമ്പാദ്യം നോക്കി കോംപ്ലക്‌സിന് താഴെ ദേശീയപാതയില്‍ നിന്ന് വിലപിക്കുന്ന വ്യാപാരികളുടെ ദൃശ്യം കണ്ടുനിന്നവര്‍ക്കും നൊമ്പരമായി. തളിപ്പറമ്പില്‍ മാര്‍ക്കറ്റില്‍ ചിലപ്പോള്‍ അഗ്‌നിബാധ ഉണ്ടാകാറുണ്ടെങ്കിലും ഇത്രയും ഭീകരമായ അവസ്ഥ ആദ്യമായിട്ടാണ് ഉണ്ടായത്.

Post a Comment
0 Comments