കാസര്‍കോട്: കുമ്പള ഗവ. ഹയര്‍ സെക്കന്‍ഡറി സ്‌കൂള്‍ കലോത്സവത്തില്‍ അധ്യാപകര്‍ തടഞ്ഞ ഫലസ്തീന്‍ ഐക്യദാര്‍ഢ്യ മൈം അതേ വേദിയില്‍ വീണ്ടും അവതരിപ്പിച്ചു. പൂര്‍ണമായും കലോത്സവ നിബന്ധനകള്‍ പാലിച്ചായിരുന്നു മൂകാഭിനയം. വെള്ളിയാഴ്ച മൈം തടസപ്പെടുത്തിയ അധ്യാപകര്‍ ഇന്ന് സ്‌കൂളില്‍ എത്തിയില്ല. കഴിഞ്ഞ ദിവസം മാറ്റിവച്ച കലോത്സവം ഇന്ന് നടത്തുകയായിരുന്നു.
സ്‌കൂളില്‍ വെള്ളിയാഴ്ചയാണ് ഫലസ്തീന്‍ ജനതയുടെ ദുരിതം വിഷയമാക്കിയുള്ള മൈം അധ്യാപകര്‍ തടഞ്ഞത്. മൈം ഷോ പൂര്‍ത്തിയാവുന്നതിന് മുമ്പ് അധ്യാപകര്‍ സ്റ്റേജില്‍ കയറി കര്‍ട്ടന്‍ താഴ്ത്തുകയായിരുന്നു.
അതിനിടെ, ഡി.ഡി.ഇ പൊതുവിദ്യഭ്യാസ ഡയറക്ടര്‍ക്ക് നല്‍കിയ റിപ്പോട്ടിനെതിരെ പ്രതിഷേധം ഉയരുന്നുണ്ട്. അധ്യാപകരെ സംരക്ഷിക്കുന്ന റിപ്പോര്‍ട്ടാണ് ഡിഡിഇ നല്‍കിയതെന്നാണ് ആരോപണം. വിദ്യാര്‍ഥികള്‍ക്കിടയില്‍ പ്രശ്‌നങ്ങള്‍ ഉണ്ടായതാണ് കലോത്സവം നിര്‍ത്തിവെക്കാന്‍ കാരണമെന്നായിരുന്നു ഡിഡിഇയുടെ റിപ്പോര്‍ട്ട്. സംഘ്പരിവാര്‍ അനുകൂല ദേശീയ അധ്യാപക പരിഷത്ത് അംഗം പ്രദീപ് കുമാര്‍, സുപ്രീത് എന്നിവര്‍ക്ക് പിന്തുണയുമായി യുവമോര്‍ച്ച സ്‌കൂളിലേക്ക് മാര്‍ച്ച് നടത്തുകയും ചെയ്തു.

Post a Comment
0 Comments