Type Here to Get Search Results !

Bottom Ad

സി.പി.എം നേതൃത്വത്തിലുള്ള ഇടതു ഭരണം നാടിനെ പുറകോട്ട് നയിക്കുന്നു: പി.കെ കുഞ്ഞാലിക്കുട്ടി


കാസര്‍കോട്: ആധുനിക സാങ്കേതിക വിദ്യയുടെ കുതിച്ച് ചാട്ടത്തിലൂടെ ലോകം ബഹുദൂരം മുന്നേറുമ്പോള്‍ കേരളത്തില്‍ സി.പി.എം നേതൃത്വത്തിലുള്ള ഇടത് ഭരണം നാടിനെ പുറകോട്ട് നയിക്കുകയാണെന്ന് മുസ്ലിം ലീഗ് ദേശീയ ജനറല്‍ സെക്രട്ടറി പി.കെ കുഞ്ഞാലിക്കുട്ടി. പതിറ്റാണ്ടുകള്‍ക്ക് മുമ്പ് തന്നെ കേരളത്തെ ഡിജിറ്റല്‍ സാക്ഷരതയില്‍ ഒന്നാമതെത്തിക്കുകയും കേരളത്തെ സമ്പൂര്‍ണ്ണ ഡിജിറ്റല്‍ സംസ്ഥാനമാക്കിയതും യു.ഡി.എഫ് സര്‍ക്കാരായിരുന്നു. വിവര സാങ്കേതിക രംഗത്ത് കേരളത്തിന്റെ മുന്നേറ്റത്തിന് ഐ.ടി.വകുപ്പ് മന്ത്രി എന്ന നിലയില്‍ നേതൃത്വം നല്‍കാന്‍ കഴിഞ്ഞതിലും സംസ്ഥാനത്ത് ആദ്യമായി മുസ്ലിം ലീഗ് പ്രവര്‍ത്തനം ഡിജിറ്റലാക്കി മാറുന്നതിന്റെ പ്രഖ്യാപനം കാസര്‍കോട് നടത്താന്‍ കഴിഞ്ഞതിലും അഭിമാനിക്കുന്നുവെന്നും കുഞ്ഞാലിക്കുട്ടി പറഞ്ഞു.

മുസ്ലിം ലീഗ് കാസര്‍കോട് ജില്ലാ കമ്മിറ്റിയുടെ ഡിജിറ്റലൈസേഷന്‍ പ്രഖ്യാപനവും ആപ്പ് ലോഞ്ചിംഗും നിര്‍വഹിച്ചു സംസാരിക്കുകയായിരുന്നു പി.കെ കുഞ്ഞാലിക്കുട്ടി. ജനകീയ വിഷയങ്ങളില്‍ ഇടപെട്ടും എല്ലാ വിഭാഗങ്ങളെയും ചേര്‍ത്ത് നിര്‍ത്തിയുമാണ് മുസ്ലിം ലീഗ് പ്രവര്‍ത്തിച്ചത്. ജനാധിപത്യ മാര്‍ഗത്തിലൂടെ നിയമനിര്‍മ്മാണ സഭകളിലും അധികാരത്തിലുമെത്തിയ മുസ്ലിം ലീഗ് പ്രതിപക്ഷത്തിരിക്കുമ്പോഴും സമൂഹത്തെ തങ്ങളോടൊപ്പം ഒരുമിപ്പിച്ച് നിര്‍ത്തിയിട്ടുണ്ട്. പത്താം വര്‍ഷത്തിലേക്ക് കടക്കുന്ന സംസ്ഥാനത്തെ ഇടതുപക്ഷ ഭരണത്തിലും അത്രയും കാലത്തെ കേന്ദ്രത്തിലെ ബി.ജെ.പി ഭരണത്തിലും പിന്നാക്ക ന്യൂനപക്ഷ വിഭാഗങ്ങളും പിന്നാക്ക പ്രദേശങ്ങളും കടുത്ത അവഗണനയാണ് നേരിട്ട് കൊണ്ടിരിക്കുന്നത്. അവകാശങ്ങള്‍ എല്ലാം നിഷേധിക്കപ്പെടുകയാണ്. സാധാരണക്കാരന്റെ പ്രശ്നങ്ങളാണ് അവഗണിക്കുന്നത്.

വിദ്യാഭ്യാസം പോലും ഇല്ലാത്ത കാലത്ത് പാര്‍ട്ടി ശ്രദ്ധിച്ചത് എല്ലാവര്‍ക്കും അക്ഷരാഭ്യാസം നല്‍കാനാണ്. ബാഫഖി തങ്ങളുടെയും പൂക്കോയ തങ്ങളുടെയും കാലത്ത് സമൂഹത്തിന് വിദ്യഭ്യാസം നല്‍കി മുന്നേറാനുള്ള പ്രവര്‍ത്തനമാണ് നടത്തിയത്. അക്ഷരാഭ്യാസത്തിലൂടെയാണ് പിന്നീടുണ്ടായ നേട്ടങ്ങളൊക്കെയും കരസ്ഥമാക്കിയത്. പുതിയ കാലം എ.ഐ യുഗത്തിലെത്തിയപ്പോള്‍ പാര്‍ട്ടി പ്രവര്‍ത്തനം പൂര്‍ണമായി ഡിജിറ്റലായി മാറുന്ന ജില്ലയായി കാസര്‍കോട് മാറിയിരിക്കുകയാണ്. കേരളത്തെ ഡിജിറ്റല്‍വല്‍ക്കരിക്കാന്‍ അവസരം ലഭിച്ചത് മുസ്ലിംലീഗിനായിരുന്നുവെങ്കില്‍ ഇന്ന് അതേ പാര്‍ട്ടി സംവിധാനത്തെ നൂറ് ശതമാനം ഡിജിറ്റലാക്കുന്നതിലേക്ക് കാസര്‍കോട് നിന്ന് തുടക്കം കുറിക്കാനും കഴിഞ്ഞുവെന്നും കുഞ്ഞാലിക്കുട്ടി പറഞ്ഞു.

ജില്ലാ പ്രസിഡണ്ട് കല്ലട്ര മാഹിന്‍ ഹാജി അധ്യക്ഷത വഹിച്ചു. ജനറല്‍ സെക്രട്ടറി എ അബ്ദുല്‍ റഹ്മാന്‍ സ്വാഗതം പറഞ്ഞു. സംസ്ഥാന ട്രഷറര്‍ സി.ടി. അഹമ്മദലി, സെക്രട്ടറി പാറക്കല്‍ അബ്ദുല്ല, പി.എം. മുനീര്‍ ഹാജി, എന്‍.എ നെല്ലിക്കുന്ന് എം.എല്‍.എ, എ.കെ.എം അഷറഫ്, കെ.ഇ.എ ബക്കര്‍, എ.എം കടവത്ത്, അഡ്വ. എന്‍.എ. ഖാലിദ്, ടി.എ. മൂസ, എ.ജി.സി ബഷീര്‍, എം. അബ്ബാസ്, എ.ബി ശാഫി, ടി.സി.എ റഹ്മാന്‍, കെ. അബ്ദുല്ല കുഞ്ഞി ചെര്‍ക്കള, യഹ്യ തളങ്കര, അസീസ് മരിക്കെ, മാഹിന്‍ കേളോട്ട്, കല്ലട്ര അബ്ദുല്‍ ഖാദര്‍, ബഷീര്‍ വെള്ളിക്കോത്ത്, പി.കെ.സി റൗഫ് ഹാജി, എ.കെ ആരിഫ്, ടി.എം ഇഖ്ബാല്‍, കെ.ബി മുഹമ്മദ് കുഞ്ഞി, കെ.കെ. ബദറുദ്ദീന്‍, അസീസ് കളത്തൂര്‍, സഹീര്‍ ആസിഫ്, ഇര്‍ഷാദ് മൊഗ്രാല്‍, സയ്യിദ് താഹ തങ്ങള്‍, സവാദ് അങ്കടി മൊഗര്‍, കെ.പി. മുഹമ്മദ് അഷ്‌റഫ്, അന്‍വര്‍ ചേരങ്കൈ, ബീഫാത്തിമ ഇബ്രാഹിം, ശരീഫ് കൊടവഞ്ചി, എ അഹമ്മദ് ഹാജി, മുത്തലിബ് പാറക്കെട്ട്, മുംതാസ് സമീറ, കാപ്പില്‍ മുഹമ്മദ് പാഷ, എ പി. ഉമ്മര്‍, സി.എ അബ്ദുല്ല കുഞ്ഞി ഹാജി, ഇ. അബൂബക്കര്‍ ഹാജി, അഡ്വ എം.ടി.പി കരീം, പി.ഡി.എ റഹ്്മാന്‍, അന്‍വര്‍ കോളിയടുക്കം, ഹംസ തൊട്ടി, അബ്ദുള്ള ആറങ്ങാടി, സാദിഖ് പാക്യാര, ഹനീഫ് മരവയല്‍, അബ്ദുല്ല ടോപ്പ്, റഷീദ് ഹാജി കല്ലിങ്കാല്‍ സംബന്ധിച്ചു.
Tags

Post a Comment

0 Comments

Top Post Ad

Below Post Ad