Type Here to Get Search Results !

Bottom Ad

വടക്കന്‍ കേരളത്തില്‍ ആരോഗ്യ മേഖലയ്ക്ക് പുത്തന്‍ ഉണര്‍വേകി ആസ്റ്റര്‍ മിംസ് കാസര്‍കോട് പ്രവര്‍ത്തനമാരംഭിച്ചു


കാസര്‍കോട്: രാജ്യത്തെ മുന്‍നിര ആരോഗ്യ സേവനദാതാക്കളായ ആസ്റ്റര്‍ ഡി.എം ഹെല്‍ത്ത്കെയറിന്റെ കേരളത്തിലെ എട്ടാമത്തെ ആശുപത്രി കാസര്‍കോട് പ്രവര്‍ത്തനം ആരംഭിച്ചു. കേരള മുഖ്യമന്ത്രി പിണറായി വിജയന്‍, അത്യാധുനിക സൗകര്യങ്ങളോടുകൂടിയ 'ആസ്റ്റര്‍ മിംസ് കാസര്‍കോട്' പൊതുജനങ്ങള്‍ക്കായി സമര്‍പ്പിച്ചു. ആസ്റ്റര്‍ ഡി.എം ഹെല്‍ത്ത് കെയര്‍ സ്ഥാപകനും ചെയര്‍മാനുമായ ഡോ. ആസാദ് മൂപ്പന്റെ സാന്നിധ്യത്തില്‍ നടന്ന ചടങ്ങില്‍ കര്‍ണാടക ആരോഗ്യ- കുടുംബക്ഷേമ മന്ത്രി ദിനേശ് ഗുണ്ടു റാവു മുഖ്യാതിഥിയായി.

കാസര്‍കോട് എം.പി രാജ്മോഹന്‍ ഉണ്ണിത്താന്‍, എം.എല്‍.എമാരായ എന്‍.എ. നെല്ലിക്കുന്ന്, എ.കെ.എം. അഷ്റഫ്, ഇ. ചന്ദ്രശേഖരന്‍, സി.എച്ച്. കുഞ്ഞമ്പു, എം. രാജഗോപാല്‍, ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് ബേബി ബാലകൃഷ്ണന്‍, ചെങ്കള ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ഖാദര്‍ ബദരി, ആസ്റ്റര്‍ ഡിഎം ഹെല്‍ത്ത്കെയര്‍ ഡയറക്ടര്‍ അനൂപ് മൂപ്പന്‍, എക്സിക്യൂട്ടീവ് ഡയറക്ടറും ഗവേര്‍ണന്‍സ് ആന്റ് കോര്‍പ്പറേറ്റ് അഫയേഴ്‌സ് ഗ്രൂപ്പ് ഹെഡുമായ ടി.ജെ വില്‍സണ്‍, ആസ്റ്റര്‍ കേരള ക്ലസ്റ്റര്‍ സിഎംഎസ് ഡോ. സൂരജ് കെ.എം, ആസ്റ്റര്‍ മിംസ് കാസര്‍കോട് ആന്റ് കണ്ണൂര്‍ സിഒഒ ഡോ. അനൂപ് നമ്പ്യാര്‍ ഉള്‍പ്പടെ, ആസ്റ്ററിന്റെ നേതൃ രംഗത്തുള്ളവരും പങ്കെടുത്തു.

190 കോടി രൂപ മുതല്‍മുടക്കില്‍ നിര്‍മ്മിച്ച, 264 കിടക്കകളുള്ള ആശുപത്രി, വടക്കന്‍ കേരളത്തിന്റെ ആരോഗ്യമേഖലയില്‍, വലിയ മുന്നേറ്റങ്ങള്‍ക്ക് തുടക്കം കുറിക്കുന്ന സ്ഥാപനമായാണ് വിഭാവനം ചെയ്തിരിക്കുന്നത്. 2.1 ലക്ഷം ചതുരശ്ര അടി വിസ്തീര്‍ണ്ണത്തില്‍, 31 മെഡിക്കല്‍ സ്‌പെഷ്യാലിറ്റികളുള്ള, ഈ ആശുപത്രി, കാസര്‍ഗോഡും, സമീപ പ്രദേശങ്ങളിലുമുള്ള ആളുകള്‍ക്ക്, ഏറ്റവും മികച്ചതും, പ്രാപ്യവുമായ ചികിത്സ ലഭ്യമാക്കണമെന്ന ലക്ഷ്യത്തിലാണ് പ്രവര്‍ത്തനം ആരംഭിച്ചിരിക്കുന്നത്. കൂടാതെ 600-ല്‍ അധികം പുതിയ തൊഴിലവസരങ്ങളാണ്, ആസ്റ്റര്‍ മിംസ് കാസര്‍ഗോഡ് തുറന്നിട്ടിരിക്കുന്നത്. ആഗോളനിലവാരത്തിലുള്ള ചികിത്സാവൈദഗ്ധ്യവും പരിചയസമ്പന്നതയും കൈമുതലായിട്ടുള്ള, അറുപതിലധികം ഡോക്ടര്‍മാരുടെ സംഘത്തെയാണ് പുതിയ ആശുപത്രിയില്‍ സജ്ജമാക്കിയിരിക്കുന്നത്.

ആരോഗ്യരംഗത്ത് വര്‍ഷങ്ങളുടെ പാരമ്പര്യമുള്ള ആസ്റ്റര്‍, കേരളത്തില്‍ മറ്റൊരു സുപ്രധാന ചുവടുവയ്പ്പ് നടത്തുന്നതില്‍ ഏറെ സന്തോഷമുണ്ടെന്ന് പുതിയ ആശുപത്രി ഉദ്ഘാടനം ചെയ്ത ശേഷം മുഖ്യമന്ത്രി പിണറായി വിജയന്‍ പറഞ്ഞു. ദുബായില്‍ ഒരു ക്ലിനിക്കായി തുടങ്ങിയ ആസ്റ്റര്‍ ഡിഎം ഹെല്‍ത്ത്കെയര്‍, ഇന്ന് ഇന്ത്യയിലും ജിസിസിയിലും, ആശുപത്രികളും മറ്റു ആരോഗ്യ സേവനങ്ങളും നല്‍കുന്ന സ്ഥാപനമായി വളര്‍ന്നതിനോടൊപ്പം ജനങ്ങള്‍ക്ക് ഏറെവിശ്വാസമുള്ള ഇടമായും മാറി. നാല് പതിറ്റാണ്ടിലേറെയായി, മാതൃകാപരമായ പ്രവര്‍ത്തനമാണ് അവര്‍ കാഴ്ചവച്ചിട്ടുള്ളത്. കേരളത്തിലെ ജനങ്ങളുമായി വിശ്വാസത്തില്‍ പടുത്തുയര്‍ത്തിയ ആത്മബന്ധമാണ് ആസ്റ്ററിനുള്ളത്. ആസ്റ്റര്‍ മിംസ് കാസര്‍ഗോഡിലൂടെ ആ ബന്ധം കൂടുതല്‍ ദൃഢമാവുകയാണ്. ഉന്നത നിലവാരത്തിലുള്ള ആരോഗ്യ സേവനം കാസര്‍കോട്ടെ ജനങ്ങള്‍ക്കും ലഭ്യമാകുമെന്ന് തനിക്ക് ഉറപ്പുണ്ടെന്നും മുഖ്യമന്ത്രി വ്യക്തമാക്കി.

ആസ്റ്റര്‍ മിംസ് കാസര്‍കോട് യാഥാര്‍ഥ്യമായതിലൂടെ ലോകോത്തര നിലവാരത്തിലുള്ള ആരോഗ്യ സേവനം പ്രദേശത്തെ ജനങ്ങള്‍ക്ക് കൂടുതല്‍ അടുത്ത് എത്തിയിരിക്കുകയാണെന്ന് കര്‍ണാടക ആരോഗ്യ- കുടുംബക്ഷേമ വകുപ്പ് മന്ത്രി ദിനേശ് ഗുണ്ടു റാവു പറഞ്ഞു. കേരളത്തില്‍ മാത്രമല്ല, കര്‍ണാടകയിലെയും വിശ്വസ്ത ആരോഗ്യ സേവന ദാതാക്കളാണ് ആസ്റ്റര്‍. ഇരു സംസ്ഥാനങ്ങളിലെയും ആരോഗ്യ സംരക്ഷണ സംവിധാനങ്ങള്‍ ശക്തിപ്പെടുത്തുന്നതില്‍, ആസ്റ്റര്‍ സുപ്രധാന പങ്കാണ് വഹിക്കുന്നത്. മികവോടെയും അനുകമ്പയോടും കൂടി ജനങ്ങളെ സേവിക്കുന്നതില്‍ ആസ്റ്ററിന് തുടര്‍ന്നും വിജയം ആശംസിക്കുന്നതായും ദിനേശ് ഗുണ്ടു റാവു കൂട്ടിച്ചേര്‍ത്തു.

ഉന്നത നിലവാരത്തിലുള്ള ചികിത്സ, എല്ലാ തരം മനുഷ്യര്‍ക്കും, ഒരുപോലെ ലഭ്യമാക്കുക എന്നതാണ്, ആസ്റ്റര്‍ ഡിഎം ഹെല്‍ത്ത്കെയര്‍ എക്കാലത്തും മുന്നോട്ട് വയ്ക്കുന്ന ദര്‍ശനമെന്ന്, ആസ്റ്റര്‍ ഡിഎം ഹെല്‍ത്ത്കെയര്‍ സ്ഥാപകനും ചെയര്‍മാനുമായ ഡോ. ആസാദ് മൂപ്പന്‍ പറഞ്ഞു. കേരളത്തിലെ എട്ടാമത്തെ ആശുപത്രിയായ ആസ്റ്റര്‍ മിംസ് കാസര്‍ഗോഡ് ഒരു പ്രധാന നാഴികക്കല്ലാണ്. വടക്കന്‍ കേരളത്തിലെ ജനങ്ങള്‍ക്ക്, അത്യാധുനിക സൗകര്യങ്ങളോടു കൂടിയ, ആരോഗ്യ സേവനങ്ങള്‍, കൂടുതല്‍ അടുത്തെത്തിയിരിക്കുകയാണ്. കാസര്‍ഗോട്ടെ ജനങ്ങളോടുള്ള ഞങ്ങളുടെ പ്രതിബദ്ധതയുടെ അടയാളമാണ് പുതിയ ആശുപത്രി. അത്യാധുനിക സൗകര്യങ്ങള്‍, വിദഗ്ധരായ ഡോക്ടര്‍മാര്‍, അനുഭാവപൂര്‍ണമുള്ള പരിചരണം... എല്ലാം നിങ്ങള്‍ക്കായി സമര്‍പ്പിക്കുന്നതായും അദ്ദേഹം വ്യക്തമാക്കി.

1.5 ടി എംആര്‍ഐ, 160 സ്ലൈസ് സിടി സാങ്കേതികവിദ്യ എന്നിവ ലഭ്യമാക്കുന്ന ജില്ലയിലെ ആദ്യ കേന്ദ്രമെന്ന നിലയില്‍ പുതിയ ആശുപത്രി മികച്ച രോഗനിര്‍ണ്ണയ കേന്ദ്രം കൂടിയായി മാറിയിരിക്കുകയാണ്. കൂടാതെ, ഹൃദയ, രക്തക്കുഴല്‍ ശസ്ത്രക്രിയകള്‍ക്കും ഗുരുതരമായ ഹൃദയ- ശ്വാസകോശ സംബന്ധമായ തകരാറുകള്‍ക്കുള്ള, എക്‌മോ, ഇസിഎല്‍എസ് ചികിത്സയ്ക്കും വിപുലമായ സൗകര്യങ്ങളുണ്ട്. ഹെമഡ്സോര്‍പ്ഷന്‍ (പാമ്പുകടിക്ക് പ്രത്യേക പരിചരണം നല്‍കുന്നത് ഉള്‍പ്പടെ) ഗുരുതരവും അടിയന്തരവുമായ പ്രത്യേക ചികിത്സകളും ലഭ്യമാണ്. ആശുപത്രിയിലെ അത്യാഹിത വിഭാഗം ഏതു പ്രതിസന്ധി ഘട്ടത്തിലും ഉടനടിയുള്ള ഇടപെടലുകള്‍ക്കായി സജ്ജമാണ്. ട്രോമ, ഹൃദയം, സ്‌ട്രോക്ക്, കുട്ടികളുടെ അടിയന്തര സാഹചര്യങ്ങള്‍ എന്നിവയ്ക്ക് വിശ്വസനീയമായ പരിചരണം ഉറപ്പാക്കുന്നുമുണ്ട്. 24 മണിക്കൂറും ആംബുലന്‍സ് സൗകര്യവും, 20 കിടക്കകളുമുള്ള അത്യാഹിത വിഭാഗം അടിയന്തര രോഗനിര്‍ണയവും ആദ്യഘട്ട ചികിത്സയും ഉറപ്പാക്കും. 44 തീവ്രപരിചരണ വിഭാഗം കിടക്കകളും നവജാതശിശുക്കള്‍ക്കായുള്ള 16 എന്‍ഐസിയു കിടക്കകളും ഏഴ് പ്രധാന ഓപ്പറേഷന്‍ തിയേറ്ററുകളും രണ്ട് മൈനര്‍ ഓപ്പറേഷന്‍ തിയേറ്ററുകളും ഇവിടെ ഒരുക്കിയിട്ടുണ്ട്. കൂടാതെ, കീമോതെറാപ്പി ആവശ്യമുള്ള രോഗികള്‍ക്കായി 7 കിടക്കകളും, ഡയാലിസിസ് ആവശ്യമുള്ളവര്‍ക്കായി 15 കിടക്കകളും ഇവിടെയുണ്ടാകും. മികച്ച വൈദ്യസഹായത്തിന് പുറമെ, രോഗികള്‍ക്കും അവരുടെ കുടുംബാംഗങ്ങള്‍ക്കും ഏറ്റവും മികച്ച അന്തരീക്ഷത്തില്‍ ചികിത്സ ലഭ്യമാക്കാന്‍ വേണ്ട എല്ലാ സംവിധാനങ്ങളും ഒരുക്കിയിട്ടുണ്ട്.

Tags

Post a Comment

0 Comments

Top Post Ad

Below Post Ad