കാസര്‍കോട്: കേന്ദ്ര സര്‍ക്കാര്‍ കൊട്ടിഘോഷിച്ച് അവതരിപ്പിച്ച ജിഎസ്ടി പരിഷ്‌കരണം സാധാരണക്കാരുടെ പോക്കറ്റ് കൊള്ളയടിക്കാനുള്ള കുറുക്ക് വഴിയായി മാറുന്നു. ജിഎസ്ടി പരിഷ്‌കരണത്തെത്തുടര്‍ന്ന് ഭൂരിഭാഗം നിത്യോപയോഗ സാധനങ്ങളുടെയും നികുതി കുത്തനെ കുറഞ്ഞിട്ടും ഇതിന്റെ നേട്ടം ഉപഭോക്താക്കളിലെത്തുന്നില്ല. പല വന്‍കിട കമ്പനികളും സൂപ്പര്‍ മാര്‍ക്കറ്റുകളും നികുതി കുറവിന്റെ നേട്ടം സ്വന്തം പോക്കറ്റ് വീര്‍പ്പിക്കാനായി മാറ്റുകയാണ്. സാധാരണക്കാര്‍ക്ക് വലിയ നേട്ടം ചെയ്യുന്ന പരിഷ്‌കരണം എന്ന വിശേഷണത്തോടെ കേന്ദ്ര സര്‍ക്കാര്‍ അവതരിപ്പിച്ച ജിഎസ്ടി പരിഷ്‌കരണം നടപ്പിലായി പത്ത് ദിവസങ്ങള്‍ പിന്നിടുമ്പോള്‍ വിപണിയില്‍ മാറ്റമെത്തിയില്ല.
ജിഎസ്ടി ഇളവ് നിര്‍മാണ മേഖലയ്ക്കും വാഹനങ്ങള്‍ക്കും മരുന്നിനും വിദ്യാര്‍ഥികള്‍ക്കും കര്‍ഷകര്‍ക്കും വീട്ടുപകരണങ്ങള്‍ക്കും ഇലക്ട്രോണിക്‌സ് സാധനങ്ങള്‍ക്കും നേരിയ പ്രതീക്ഷ നല്‍കുന്നുവെങ്കിലും പ്രാബല്യത്തില്‍ വരുന്നതിലും അനിശ്ചിതത്വം നിലനില്‍ക്കുന്നുണ്ട്. ഇളവ് എത്ര കാലത്തേക്ക് എന്നതിലും വ്യക്തത കുറവുണ്ട്. നിത്യോപയോഗ ഭക്ഷ്യ സാധനങ്ങള്‍ക്കാണ് വില കുറയേണ്ടിയിരുന്നതെന്ന് സാധാരണക്കാര്‍ ചൂണ്ടിക്കാട്ടുന്നു. ദിവസേനയെന്നോണമാണ് ഭക്ഷ്യസാധനങ്ങള്‍ക്ക് വിപണിയില്‍ വില വര്‍ധിച്ച് കൊണ്ടിരിക്കുന്നത്. നിത്യോപയോഗ സാധനങ്ങളുടെ വില കയറ്റത്തില്‍ കഴിഞ്ഞ നിയമസഭ സമ്മേളനത്തില്‍ പോലും സര്‍ക്കാറിനെ പ്രതിപക്ഷം നിര്‍ത്തിപ്പൊരിപ്പിച്ചിരുന്നു. വിപണിയിലിടപെടാതെ സര്‍ക്കാര്‍ സാധാരണക്കാരെ കൊള്ളയടിക്കുകയാണെന്നാണ് പ്രതിപക്ഷം കുറ്റപ്പെടുത്തിയത്. രാജ്യത്ത് വിലകയറ്റത്തില്‍ ഒന്നാം സ്ഥാനത്ത് കേരളമാണെന്നും അരി മുതല്‍ മുളക് വരെയുള്ളവയ്ക്ക് രണ്ട് മാസംകൊണ്ട് മൂന്ന് മുതല്‍ 15 രൂപ വരെ വര്‍ധിച്ചെന്നും ചൂണ്ടിക്കാട്ടി പ്രതിപക്ഷം അടിയന്തര പ്രമേയത്തിന് പോലും നോട്ടീസ് നല്‍കിയിരുന്നു. ഇതിന് സര്‍ക്കാര്‍ മറുപടി റേഷന്‍കടകളിലും സപ്ലൈകോ വഴിയും വിലക്കുറവില്‍ അവശ്യസാധനങ്ങള്‍ എത്തിച്ചുവെന്നാണ്.
അവശ്യ സാധനങ്ങളുടെ ഇന്നത്തെ കമ്പോള വില നിലവാരം: അരി 50,പച്ചരി 32,ടൈഗര്‍ അരി 60, വെള്ളരി 24,അവില്‍ 60,പഞ്ചസാര 45,വെല്ലം 68,നീരുളി 25, വെള്ളുള്ളി 140,പുളി 220, മുളക് 540,കും:മുളക് 260,മല്ലി 140,ചെറുപയര്‍ 160,പയര്‍ 180,കടല 130, തോ:പരിപ്പ് 160, കടലപ്പരിപ്പ് 140,ചെ: പരിപ്പ് 160, ഗോതമ്പ് 50, പാല്‍പ്പൊടി 440, കുരുമുളക് 860, ചായപ്പൊടി 280, വെളിച്ചെണ്ണ 440 എന്നിങ്ങനെയാണ് വില.
വിലയിടിവില്‍ പഴവര്‍ഗങ്ങള്‍: പഴവര്‍ഗങ്ങളില്‍ നേന്ത്രപ്പഴത്തിന് ഇന്നലെ വലിയ വിലയിടിവുണ്ടായി. രണ്ടര കിലോ നേന്ത്രക്കായയ്ക്ക് 100 രൂപയായിരുന്നു വില. നേരത്തെ കിലോയ്ക്ക് 50 രൂപയായിരുന്നു വില. മറ്റ് പഴവര്‍ഗങ്ങള്‍ക്ക് വ്യത്യാസമില്ലാതെ വില തുടരുന്നു. കദളി 80ല്‍ നിന്ന് കുറഞ്ഞിട്ടില്ല. പച്ചക്കറികള്‍ക്കും കാര്യമായ വിലക്കുറവില്ല. നവരാത്രി-ദസറ ആഘോഷമായതിനാല്‍ പച്ചക്കറികള്‍ക്ക് വില കുറയാന്‍ സാധ്യതയില്ലെന്ന് ചെറുകിട കച്ചവടക്കാര്‍ പറയുന്നു.

Post a Comment
0 Comments