കാസര്‍കോട്: ഉദ്യോഗസ്ഥരെ സ്വാധീനിച്ച് തദ്ദേശ സ്വയംഭരണ തിരഞ്ഞെടുപ്പ് അട്ടിമറിക്കാന്‍ സി.പി.എം ശ്രമിക്കുന്നുവെന്ന് ജില്ലാ യു.ഡി.എഫ്. യു.ഡി.എഫ് ചേര്‍ത്ത വോട്ടര്‍മാരെ ലിസ്റ്റില്‍ നിന്നും പുറംതള്ളുന്നതിനും എല്‍.ഡി.എഫ് വോട്ടര്‍മാരെ തിരുകിക്കയറ്റുന്നതിനും തകൃതിയായ ശ്രമങ്ങള്‍ നടന്നുവരുന്നു. ആദ്യഘട്ടത്തില്‍ നിലവിലുള്ള ത്രിതല പഞ്ചായത്ത് അതിര്‍ത്തികള്‍ വോട്ടര്‍ പട്ടികയിലെ വീടുകളുടെ എണ്ണവും ജനസംഖ്യയും കണക്കാക്കി പ്രകൃതിയുടെ അതിര്‍ത്തി മാനദണ്ഡങ്ങള്‍ മറികടന്ന് വാര്‍ഡുകള്‍ രൂപീകരിച്ചു. അതു സംബന്ധിച്ച പരാതികള്‍ ഒരു രീതിയിലും പരിഗണിക്കപ്പെട്ടില്ല.
സംവരണ വാര്‍ഡുകള്‍ നറുക്കിട്ടെടുക്കേണ്ടതിന് പകരം വനിതാ സംവരണ വാര്‍ഡുകള്‍ നേരത്തെ നിശ്ചയിക്കപ്പെട്ടു. ഈ വനിതാ വാര്‍ഡുകള്‍ നിശ്ചയിക്കപ്പെട്ടത് ആധുനിക ടെക്‌നോളജി ഉപയോഗിച്ച് പാര്‍ട്ടിക്കാരായ ഉദ്യോഗസ്ഥരെ വച്ച് രാത്രിയുടെ മറവില്‍ മാറ്റം ചെയ്തതായി സംശയിക്കുന്നു. സിപിഎമ്മിന് ആവശ്യമുള്ള വാര്‍ഡുകള്‍ പഞ്ചായത്തുതലത്തില്‍ ഗൂഡാലോചന നടത്തി നിശ്ചയിച്ചിട്ടുണ്ടെന്നും യു.ഡി.എഫ് ആരോപിക്കുന്നു. അമ്പതു ശതമാനത്തില്‍ അധികം വനിതകള്‍ വരുന്ന വാര്‍ഡുകള്‍ വനിതാ സംവരണമായി. അതില്‍ നിന്ന് എസ്‌സി, എസ്ടി വനിതാ വാര്‍ഡുകള്‍ നറുക്കെടുക്കുന്നു. അന്‍പത് ശതമാനത്തിന് മുകളില്‍ വനിതകളെ കമ്പ്യൂട്ടര്‍ സഹായത്തോടെ ആക്കി തീര്‍ത്തതാണ് വന്‍ അട്ടിമറി. ബാക്കിവരുന്ന എണ്ണത്തില്‍ പകുതിയില്‍ കുറഞ്ഞ വാര്‍ഡുകളിലാണ് എസ്‌സി, എസ്ടി വാര്‍ഡുകള്‍ നറുക്കെടുക്കുന്നത്. വോട്ടര്‍ പട്ടിക പുതുക്കല്‍ മുതല്‍ വാര്‍ഡു വിഭജനവും സംവരണ നറുക്കെടുപ്പും എല്ലാ നിയമങ്ങളെയും കാറ്റില്‍ പറത്തി ഏകപക്ഷീയമായി നടപ്പാക്കുകയാണ്. ഇതിനെതിരെ ശക്തമായ പ്രതിരോധം തീര്‍ക്കുമെന്ന് യു.ഡി.എഫ് ജില്ലാ കമ്മിറ്റി മുന്നറിയിപ്പ് നല്‍കി.
യോഗത്തില്‍ ചെയര്‍മാന്‍ കല്ലട്ര മാഹിന്‍ ഹാജി അധ്യക്ഷത വഹിച്ചു. കണ്‍വീനര്‍ എ. ഗോവിന്ദന്‍ നായര്‍, കെ.പി.സി.സി ജനറല്‍ സെക്രട്ടറി കെ. നീലകണ്ഠന്‍, ഡിസിസി പ്രസിഡന്റ് പി.കെ ഫൈസല്‍, മുസ്്‌ലിം ലീഗ് ജില്ലാ ജനറല്‍ സെക്രട്ടറി എ. അബ്ദുല്‍ റഹിമാന്‍, എന്‍.എ നെല്ലിക്കുന്ന് എം.എല്‍.എ, കേരള കോണ്‍ഗ്രസ് ജില്ലാ പ്രസിഡന്റ്് ജെറ്റോ ജോസഫ്, ആര്‍എസ്പി ജില്ലാ സെക്രട്ടറി ഹരീഷ് ബി. നമ്പ്യാര്‍, സിഎംപി സംസ്ഥാന സെക്രട്ടറിയേറ്റ് മെമ്പര്‍ വി. കമ്മാരന്‍, പഞ്ചായത്ത് പ്രസിഡന്റ് അസോസിയേഷന്‍ സംസ്ഥാന വൈസ് പ്രസിഡന്റ് രാജു കട്ടക്കയം, കൂക്കള്‍ ബാലകൃഷ്ണന്‍, അഡ്വ. കെ.കെ രാജേന്ദ്രന്‍, പ്രിന്‍സ് ജോസഫ്, സി.വി തമ്പാന്‍, മാഹിന്‍ കേളോട്ട്, അസീസ് മരിക്ക, കെ.ബി മുഹമ്മദ് കുഞ്ഞി സംസാരിച്ചു.

Post a Comment
0 Comments