കാസര്‍കോട്: കടയില്‍ ചോക്ലേറ്റ് വാങ്ങാനെത്തിയ 16 വയസുകാരിയെ ലൈംഗികമായി ഉപദ്രവിച്ചതിന് 70 വയസുകാരനായ കടയുടമയെ പോക്‌സോ കേസില്‍ ആദൂര്‍ പൊലീസ് അറസ്റ്റ് ചെയ്തു. ആദൂര്‍ പൊലീസ് സ്റ്റേഷന്‍ പരിധിയിലെ ടി.ഇ. ശ്രീധരന്‍ നായരാണ് അറസ്റ്റിലായത്. കഴിഞ്ഞ മെയ് 21-നാണ് കേസിനാസ്പദമായ സംഭവം നടന്നത്. ശ്രീധരന്‍ നായരുടെ കടയില്‍ ചോക്ലേറ്റ് വാങ്ങാനെത്തിയ പത്താം ക്ലാസ് വിദ്യാര്‍ത്ഥിനിയെയാണ് ഇയാള്‍ ഉപദ്രവിച്ചത്. പെണ്‍കുട്ടി ഉടന്‍തന്നെ അവിടെനിന്ന് രക്ഷപ്പെട്ട് വീട്ടിലെത്തി വീട്ടുകാരെ വിവരമറിയിക്കുകയായിരുന്നു.
തുടക്കത്തില്‍ പെണ്‍കുട്ടി പരാതി നല്‍കാന്‍ വിസമ്മതിച്ചിരുന്നു. എന്നാല്‍, സംഭവം പുറത്തറിയുകയും കൂടുതല്‍പേര്‍ ധൈര്യം നല്‍കുകയും ചെയ്തതോടെ പെണ്‍കുട്ടി പൊലീസില്‍ പരാതി നല്‍കാന്‍ തയാറാവുകയായിരുന്നു. ലൈംഗിക ഉദ്ദേശ്യത്തോടെ ശരീരത്തില്‍ സ്പര്‍ശിച്ചുവെന്നാണ് പരാതിയില്‍ വ്യക്തമാക്കുന്നത്. ആദൂര്‍ പോലീസ് പോക്‌സോ കേസ് രജിസ്റ്റര്‍ ചെയ്യുകയും, എസ്.ഐ. വിനോദിന്റെ നേതൃത്വത്തില്‍ പ്രതിയെ അറസ്റ്റ് ചെയ്യുകയുമായിരുന്നു. കോടതിയില്‍ ഹാജരാക്കിയ പ്രതിയെ റിമാന്‍ഡ് ചെയ്തു.

Post a Comment
0 Comments