ചെറുവത്തൂർ: ദേശീയ പാതയിൽ മയ്യിച്ചയ്ക്ക് സമീപമുള്ള വീരമല കുന്ന് വീണ്ടും ഇടിഞ്ഞുവീണു. ഇതോടെ ഗതാഗതം പൂർണ്ണമായും താറുമാറായി. ബുധനാഴ്ച രാവിലെയാണ് വീരമല കു ന്നിൽ നിന്ന് വൻതോതിൽ മണ്ണ് ഇടിഞ്ഞ് ദേശീയപാതയിലേക്ക് പതിച്ചത്. ഇതിനു മുൻപും വീരമല കുന്നിൽ മണ്ണിടിച്ചിൽ ഉണ്ടായിരുന്നു. അന്ന് ഒരു ദേശീയപാത നിർമ്മാണ തൊഴിലാളിക്ക് പരിക്കുകളോടെ മണ്ണിനടിയിൽ നിന്ന് രക്ഷപ്പെടാൻ കഴിഞ്ഞിരുന്നു.
അശാസ്ത്രീയമായാണ് റോഡ് നിർമ്മാണത്തിനായി വീരമല കുന്ന് കരാർ കമ്പനിയായ മേഘ ഇടിച്ചതെന്ന് കളക്ടറുടെ സാന്നിധ്യത്തിൽ നടത്തിയ ഡ്രോൺ പരിശോധനയിൽ കണ്ടെത്തിയിരുന്നു. ഇവിടെ നിന്ന് വ്യാപകമായി മണ്ണ് കടത്തിയതിന് കമ്പനിക്കെതിരെ വലിയ തുക പിഴ ചുമത്തുകയും ചെയ്തിരുന്നു. നിലവിൽ, ദേശീയപാത വഴിയുള്ള ഗതാഗതം തിരിച്ചുവിട്ടിരിക്കുകയാണ്. ഉച്ചയോടെ ഗതാഗതം സാധാരണ നിലയിലാക്കാൻ കഴിയുമെന്നാണ് പ്രതീക്ഷിക്കുന്നത്. മലയുടെ ഒരു ഭാഗം പൂർണ്ണമായും ഇടിഞ്ഞ് റോഡിലേക്ക് പതിക്കുകയായിരുന്നു. ഈ സമയം കൂടുതൽ വാഹനങ്ങൾ ഇല്ലാതിരുന്നത് വലിയൊരു ദുരന്തം ഒഴിവാക്കി.

Post a Comment
0 Comments