കാസര്‍കോട്: കാസര്‍കോട് നഗരസഭയിലെ തളങ്കര കടവത്തിനെയും ചെമ്മനാട് പഞ്ചായത്തിലെ ചളിയങ്കോടിനെയും ബന്ധിപ്പിച്ച് ചന്ദ്രഗിരി പുഴയ്ക്ക് കുറുകെ പുതിയൊരു പാലം നിര്‍മിക്കണമെന്ന് നഗരസഭാ ചെയര്‍മാന്‍ അബ്ബാസ് ബീഗം പൊതുമരാമത്ത്- ടൂറിസം വകുപ്പ് മന്ത്രി മുഹമ്മദ് റിയാസിന് അയച്ച കത്തില്‍ ആവശ്യപ്പെട്ടു. കാസര്‍കോട് നഗരത്തില്‍ നിന്നും കാഞ്ഞങ്ങാട് ഭാഗത്തേക്കും തിരിച്ചും യാത്രക്കാര്‍ വാഹന ഗതാഗതത്തിന് കൂടുതലും ഉപയോഗിക്കുന്നത് കാസര്‍കോട് ചന്ദ്രഗിരി- കാഞ്ഞങ്ങാട് സംസ്ഥാന പാതയാണ്.
ദേശീയ പാതയേക്കാള്‍ സമയലാഭം ഈറോഡിലൂടെ ലഭിക്കുന്നത് കൊണ്ടാണ് കൂടുതല്‍ ആളുകളും ഈറോഡ് ഉപയോഗിക്കുന്നത്. അതുകൊണ്ട് തന്നെ ഈ റോഡില്‍ ഗതാഗതക്കുരുക്ക് ഏറെയാണ്. മാത്രവുമല്ല, ചെര്‍ക്കള ദേശീയ പാതയില്‍ മണ്ണിടിച്ചില്‍ ഉണ്ടാകുമ്പോഴെല്ലാം വാഹനങ്ങള്‍ ചന്ദ്രഗിരി റോഡിലൂടെയാണ് വഴി തിരിച്ചുവിടുന്നത്. ഇതുമൂലം കാസര്‍കോട് നഗരത്തിലും വലിയ രീതിയിലുള്ള ഗതാഗതക്കുരുക്കാണ് അനുഭവപ്പെടുന്നത്.
കാസര്‍കോട് നഗരസഭയിലെ തളങ്കര കടവത്തിനെയും ചെമ്മനാട് പഞ്ചായത്തിലെ ചളിയങ്കോടിനെയും ബന്ധിപ്പിച്ച് പാലം നിര്‍മിക്കുകയാണെങ്കില്‍ ഈ ഗതാഗതക്കുരുക്കിന് പരിഹാരം കാണാന്‍ കഴിയും. ചന്ദ്രഗിരി പുഴയ്ക്ക് അപ്പുറത്തു നിന്നും കാസര്‍കോട് റെയില്‍വെ സ്റ്റേഷന്‍, തീര്‍ഥാടന കേന്ദ്രങ്ങളായ തളങ്കര മാലിക് ദീനാര്‍ മസ്ജിദ്, മല്ലികാര്‍ജുന ക്ഷേത്രം, മെഡോണ ചര്‍ച്ച് എന്നിവിടങ്ങളിലേക്കടക്കം കാസര്‍കോട് നഗരത്തില്‍ പ്രവേശിക്കാതെ തന്നെ എളുപ്പത്തില്‍ എത്തിച്ചേരാനാവും. അതുപോലെ ബേക്കല്‍ കോട്ട, പള്ളിക്കര ബീച്ച്, ചെമ്പരിക്ക ബീച്ച്, ചന്ദ്രഗിരി കോട്ട തുടങ്ങിയ വിനോദ സഞ്ചാര കേന്ദ്രങ്ങളിലേക്ക് ട്രെയിന്‍ മാര്‍ഗ്ഗം എത്തുന്ന വിനോദ സഞ്ചാരികള്‍ക്കും കാസര്‍കോട് നഗരത്തിലെ ഗതാഗതക്കുരുക്കില്‍പ്പെടാതെ തന്നെ എത്തിച്ചേരാന്‍ സാധിക്കും. നെല്ലിക്കുന്ന്, കസബ - ചെമ്പരിക്ക, കീഴൂര്‍ മത്സ്യബന്ധന മേഖലകളെ എളുപ്പത്തില്‍ ബന്ധിപ്പിക്കാനും സാധിക്കും. പാലം വരികയാണെങ്കില്‍ വിനോദ സഞ്ചാര, വ്യവസായ മേഖലകള്‍ക്ക് പുത്തനുണര്‍വ് തന്നെ ലഭിക്കുമെന്നും ചെയര്‍മാന്‍ മന്ത്രിക്കയച്ച കത്തില്‍ ചൂണ്ടിക്കാട്ടി.

Post a Comment
0 Comments