മുസ്‌ലിം ലീഗിനെതിരെ വീണ്ടും എസ്എൻഡിപി ജനറൽ സെക്രട്ടറി വെള്ളാപ്പള്ളി നടേശൻ. മുസ്‌ലിം ലീഗിന്റെ മതമേലധ്യക്ഷന്മാർ കേരളത്തെ നിയന്ത്രിക്കുകയും ഭരിക്കുകയും ചെയ്യുന്നുവെന്ന് വെള്ളാപ്പള്ളി നടേശൻ പറഞ്ഞു. ഇടതുപക്ഷ സർക്കാർ പോലും മുസ്‌ലിം ലീഗിന് മുന്നിൽ മുട്ടിലിഴയേണ്ട സ്ഥിതിയാണ്. മതപണ്ഡിതന്മാർ ആണ് കൊടുവാളുമായി ഇറങ്ങിയിരിക്കുന്നതെന്നും വെള്ളാപ്പള്ളി പറഞ്ഞു.
മുസ്‌ലിം ലീഗ് ചത്ത കുതിരയാണെന്നാണ് നെഹ്റു പറഞ്ഞത്. ഉറങ്ങുന്ന സിംഹമാണെന്ന് സിഎച്ച് മുഹമ്മദ് കോയയും പറഞ്ഞു. കാലങ്ങൾ കഴിഞ്ഞപ്പോൾ കേരളം അവർ ഭരിക്കുന്ന അവസ്ഥയിലെത്തിയെന്നും വെള്ളാപ്പള്ളി നടേശൻ പറഞ്ഞു. വിരുന്നു വന്നവർ വീട്ടുകാരും വീട്ടുകാർ പുറമ്പോക്കിലുമായെന്നും മുസ്‌ലിം ലീഗിനെ ലക്ഷ്യംവെച്ച് വെള്ളാപ്പള്ളി പറഞ്ഞു.
മലബാറിന് പുറമേ നാല് സീറ്റുകൾ മധ്യകേരളത്തിലും വേണമെന്നാണ് മുസ്‌ലിം ലീഗിന്റെ ആവശ്യം. 25 സീറ്റ് വരെ കിട്ടിയാൽ അടുത്ത മുഖ്യമന്ത്രി ആകാം എന്നാണ് അവരുടെ കണക്കുകൂട്ടലെന്നും വെള്ളാപ്പള്ളി പറഞ്ഞു. ന്യൂനപക്ഷങ്ങൾ എന്ത് ചെയ്താലും ചോദിക്കാനുള്ള ധൈര്യം ഒരു പാർട്ടിക്കുമില്ല. മുസ്‌ലിം സമുദായം എന്തെങ്കിലും പറഞ്ഞാൽ ഇവർ മിണ്ടുമോയെന്നും വെള്ളാപ്പള്ളി ചോദിച്ചു. കേരള കോൺഗ്രസ് പറഞ്ഞാലും ഇവർ മിണ്ടില്ല. അവർക്കെല്ലാം വോട്ട് ബാങ്ക് രാഷ്ട്രീയമാണ് വേണ്ടതെന്നും വെള്ളാപ്പള്ളി പറഞ്ഞു.

Post a Comment
0 Comments