മംഗളൂരുവിൽ കോളേജ് വിദ്യാർത്ഥിയായ പെൺകുട്ടി കുഞ്ഞിന് ജന്മം നൽകിയതിന് പിന്നാലെ മുങ്ങി ആരോപണ വിധേയനായ ബിജെപി നേതാവിന്റെ മകൻ. ബിജെപി നേതാവ് പി ജി ജഗന്നിവാസ റാവുവിന്റെ മകൻ കൃഷ്ണ ജെ റാവു ആണ് ഒളിവിൽ പോയത്. മകളെ വിവാഹ വാഗ്ദാനം നൽകി കൃഷ്ണ ജെ റാവു ലൈംഗികമായി ചൂഷണം ചെയ്തതായി ആരോപിച്ച് യുവതിയുടെ അമ്മ രംഗത്തെത്തിയിരുന്നു.
ഇക്കഴിഞ്ഞ ദിവസമായിരുന്നു പെൺകുട്ടി കുഞ്ഞിന് ജന്മം നൽകിയത്. ഇതിന് പിന്നാലെ ആരോപണ വിധേയനായ ബിജെപി നേതാവിന്റെ മകൻ കൃഷ്ണ ജെ റാവുവിനെതിരെ യുവതിയും കുടുംബവും രംഗത്തെത്തി. വാർത്താസമ്മേളനം വിളിച്ചായിരുന്നു ഇവരുടെ പ്രതികരണം. വിദ്യാർത്ഥിനിയായ തന്റെ മകൾക്ക് ഹൈസ്കൂൾ കാലം മുതൽ കൃഷ്ണയുമായി ബന്ധമുണ്ടായിരുന്നുവെന്ന് അമ്മ വാർത്താസമ്മേളനത്തിൽ പറഞ്ഞു.
കൃഷ്ണ റാവു മകളെ വിവാഹം കഴിക്കുമെന്ന് ഉറപ്പ് നൽകിയെന്നും എന്നാൽ മകൾ ഗർഭിണിയായതോടെ മുങ്ങിയെന്നും അമ്മ പറഞ്ഞു. ഏഴാം മാസത്തിലാണ് കുടുംബം പെൺകുട്ടി ഗർഭിണിയാണെന്ന് അറിയുന്നത്. പിന്നാലെയാണ് കൃഷ്ണ റാവുവിന്റെ അച്ഛനും ബിജെപി നേതാവുമായ പി ജി ജഗന്നിവാസ റാവുവിനെ കുടുംബം സമീപിക്കുന്നത്. അന്ന് ഇരുവരുടെയും വിവാഹം നടത്താമെന്ന് പി ജി ജഗന്നിവാസ റാവു ഉറപ്പ് നൽകിയെങ്കിലും പിന്നീട് വിവാഹം കഴിക്കാൻ നിർബന്ധിച്ചാൽ ആത്മഹത്യ ചെയ്യുമെന്ന് ഭീഷണിപ്പെടുത്തുകയായിരുന്നെന്ന് അമ്മ പറഞ്ഞു.ജാതിയും കുടുംബ പശ്ചാത്തലവുമാണ് വിവാഹത്തെ എതിർക്കാനുള്ള കാരണമെന്നും കുടുംബം അറിയിച്ചു.

Post a Comment
0 Comments