കാസര്‍കോട്: സംസ്ഥാനത്തെ ദേശീയപാത 66-ന്റെ നിര്‍മാണത്തിനിടെ മണ്ണിടിഞ്ഞ സംഭവത്തില്‍ ഹൈദരാബാദ് ആസ്ഥാനമായ മേഘ എഞ്ചിനീയറിംഗ് ആന്‍ഡ് ഇന്‍ഫ്രാസ്ട്രക്ചര്‍ ലിമിറ്റഡ് എന്ന കമ്പനിയെ കേന്ദ്ര സര്‍ക്കാര്‍ കരിമ്പട്ടികയില്‍പ്പെടുത്തി. നിര്‍മാണത്തിലുള്ള പാതയുടെ ചരിവ് സംരക്ഷിക്കുന്നതിലും വെള്ളം ഒഴുകിപ്പോകാനുള്ള സംവിധാനങ്ങള്‍ ഒരുക്കുന്നതിലും കമ്പനി ഗുരുതരമായ വീഴ്ച വരുത്തിയതാണ് കടുത്ത നടപടിക്ക് പിന്നില്‍.
ഏറ്റവുമൊടുവില്‍ ഇക്കഴിഞ്ഞ തിങ്കളാഴ്ചയാണ് കാസര്‍കോട് ജില്ലയിലെ ചെര്‍ക്കള ബേവിഞ്ചയില്‍ നിര്‍മാണത്തിലിരുന്ന ദേശീയ പാതയിലെ ചെങ്കള- നീലേശ്വരം ഭാഗത്തെ റോഡിന്റെ ഒരു ഭാഗം തകര്‍ന്നുവീണത്. മോശം രൂപകല്‍പ്പന, ചരിവ് സംരക്ഷിക്കുന്നതിലെ പോരായ്മ, തെറ്റായ ഡ്രെയിനേജ് സംവിധാനം എന്നിവയാണ് ഈ അപകടത്തിന് കാരണമെന്ന് അന്വേഷണത്തില്‍ കണ്ടെത്തിയിട്ടുണ്ട്.
'ഹൈബ്രിഡ് ആന്വിറ്റി മോഡല്‍' എന്ന പ്രത്യേക കരാറിലാണ് ഈ ദേശീയപാതയുടെ നിര്‍മ്മാണം നടക്കുന്നത്. ഈ കരാര്‍ അനുസരിച്ച്, റോഡ് നിര്‍മിക്കുന്ന കമ്പനി തന്നെ പതിനഞ്ച് വര്‍ഷത്തേക്ക് പാതയുടെ അറ്റകുറ്റപ്പണികളും പരിപാലനവും നടത്താന്‍ ബാധ്യസ്ഥരാണ്. അതുകൊണ്ട് നിലവില്‍ തകര്‍ന്ന ഭാഗം സ്വന്തം ചെലവില്‍ പുനര്‍നിര്‍മിക്കേണ്ട ഉത്തരവാദിത്തം മേഘ എഞ്ചിനീയറിംഗ് കമ്പനിക്കാണ്. ഈ ഗുരുതരമായ വീഴ്ചയെ തുടര്‍ന്ന് മേഘ എഞ്ചിനീയറിംഗിന് ദേശീയപാത അതോറിറ്റി കാരണം കാണിക്കല്‍ നോട്ടീസ് നല്‍കി. ഒരു വര്‍ഷത്തേക്ക് കമ്പനിയെ ലേലങ്ങളില്‍ നിന്ന് വിലക്കാനും ഒമ്പത് കോടി രൂപ വരെ പിഴ ചുമത്താനും ഉദ്യോഗസ്ഥര്‍ ശുപാര്‍ശ ചെയ്തിട്ടുണ്ട്. ഈ വിഷയത്തില്‍ വിശദമായ പഠനം നടത്താന്‍ ഒരു വിദഗ്ദ്ധ സമിതിയെയും നിയോഗിച്ചിട്ടുണ്ട്. സെന്‍ട്രല്‍ റോഡ് റിസര്‍ച്ച് ഇന്‍സ്റ്റിറ്റ്യൂട്ട് (സി.ആര്‍.ആര്‍.ഐ.), ഐ.ഐ.ടി.-പാലക്കാട്, ജിയോളജിക്കല്‍ സര്‍വേ ഓഫ് ഇന്ത്യ (ജി.എസ്.ഐ.) എന്നിവിടങ്ങളിലെ പ്രമുഖ ശാസ്ത്രജ്ഞരും വിദഗ്ധരും ഈ സമിതിയില്‍ ഉള്‍പ്പെടുന്നു. റോഡിന്റെ ഡിസൈന്‍, നിര്‍മാണ നിലവാരം എന്നിവ ഈ സമിതി പരിശോധിക്കുകയും ആവശ്യമായ പരിഹാര നിര്‍ദ്ദേശങ്ങള്‍ സമര്‍പ്പിക്കുകയും ചെയ്യും. നിലവിലുള്ളതും ഭാവിയിലുള്ളതുമായ എല്ലാ നിര്‍മ്മാണ പദ്ധതികളിലും സുരക്ഷയും ഉത്തരവാദിത്തവും ഉറപ്പാക്കാന്‍ ആവശ്യമായ എല്ലാ നടപടികളും സ്വീകരിച്ചുവരികയാണെന്ന് ദേശീയപാത അതോറിറ്റി ഓഫ് ഇന്ത്യ (എന്‍.എച്ച്.എ.ഐ.) അറിയിച്ചു.

Post a Comment
0 Comments