കാസര്‍കോട്: തെയ്യം കലാകാരനായ ടി. സതീശന്‍ എന്ന ബിജുവിന്റെ (46) മരണം കൊലപാതകമെന്ന് പോസ്റ്റ്മോര്‍ട്ടം റിപ്പോര്‍ട്ട്. ചന്ദനക്കാട് സ്വദേശിയായ ബിജുവിനെ സുഹൃത്ത് ചിതാനന്ദന്‍ (32) മദ്യത്തര്‍ക്കത്തെ തുടര്‍ന്ന് കൊലപ്പെടുത്തിയതാണെന്ന് പോലീസ് കണ്ടെത്തി. കെഎസ്ഇബി കരാര്‍ ജീവനക്കാരനാണ് അറസ്റ്റിലായ ചിതാനന്ദന്‍. ആദൂര്‍ ചോമണ്ണ നായികിന്റെ വീട്ടുവരാന്തയില്‍ മരിച്ച നിലയിലാണ് ബിജുവിനെ കണ്ടെത്തിയത്.
പോലീസ് നല്‍കുന്ന വിവരമനുസരിച്ച്, തനിച്ച് താമസിക്കുന്ന ചോമണ്ണ നായികിന്റെ വീട്ടില്‍ ബിജുവും ചിതാനന്ദനും പതിവായി മദ്യപിക്കാറുണ്ടായിരുന്നു. തിങ്കളാഴ്ച രാവിലെ പത്ത് മണിയോടെ ഇരുവരും ഇവിടെയെത്തി. കര്‍ണാടക അതിര്‍ത്തിയില്‍ നിന്ന് ബിജു രണ്ട് പാക്കറ്റ് ക്വര്‍ട്ടര്‍ മദ്യവും ചിതാനന്ദന്‍ അര ലിറ്റര്‍ വിദേശ മദ്യവും വാങ്ങി. ഉച്ചയ്ക്ക് ഒരുമണിയോടെ ചോമണ്ണ നായികിന്റെ വീട്ടില്‍ മദ്യപാനം ആരംഭിച്ചു. ചോമണ്ണ നായികിന് അല്‍പ്പം മദ്യം നല്‍കിയ ശേഷം ബാക്കി മുഴുവന്‍ ഇരുവരും കഴിച്ചു. കനത്ത ലഹരിയിലായിരുന്ന ഇവര്‍ക്കിടയില്‍, ഒഴിച്ചപ്പോള്‍ തനിക്ക് മദ്യത്തിന്റെ അളവ് കുറഞ്ഞുപോയെന്ന് പറഞ്ഞ് ബിജു ചിതാനന്ദനുമായി തര്‍ക്കത്തിലായി.
വാക്കുതര്‍ക്കം പിന്നീട് അടിപിടിയിലേക്ക് നീണ്ടു. വീടിന്റെ 'ഇരുത്തിയില്‍' ഇരിക്കുകയായിരുന്ന ബിജുവിനെ ചിതാനന്ദന്‍ കാലുകൊണ്ട് ചവിട്ടി നെഞ്ചിന്‍കൂട് തകര്‍ത്തു. തുടര്‍ന്ന് ഒന്നര മീറ്റര്‍ ഉയരമുള്ള 'ഇരുത്തിയില്‍' നിന്ന് താഴേക്ക് തള്ളിയിട്ട് കഴുത്ത് ഒടിച്ചു. അബോധാവസ്ഥയിലായ ബിജുവിനെ ചിതാനന്ദന്‍ തന്നെ താങ്ങിയെടുത്ത് വീട്ടുവരാന്തയില്‍ കിടത്തി. വൈകുന്നേരത്തോടെ ചിതാനന്ദന്‍ വീട്ടിലേക്ക് മടങ്ങി. അയല്‍വാസികളുടെ സഹായത്തോടെ ആദൂര്‍ പോലീസില്‍ വിവരമറിയിക്കുകയും ബിജുവിനെ കാസര്‍കോട് ജനറല്‍ ആശുപത്രിയിലെത്തിക്കുകയും ചെയ്‌തെങ്കിലും അപ്പോഴേക്കും മരണം സംഭവിച്ചിരുന്നു. രണ്ട് ദിവസത്തോളം വേദന സഹിച്ചാണ് യുവാവ് മരിച്ചത്.

Post a Comment
0 Comments