കാസര്‍കോട്: കനത്ത മഴ തുടരുന്നതിനിടയില്‍ ചെര്‍ക്കള- ചട്ടഞ്ചാല്‍ ദേശീയ പാതയില്‍ വീണ്ടും വിള്ളല്‍ രൂപപ്പെട്ടു. മേല്‍പ്പറമ്പ് പൊലീസ് സ്റ്റേഷനു തൊട്ടുതാഴെ കാനത്തുംകുണ്ട് വളവില്‍ കഴിഞ്ഞ ദിവസം ഗര്‍ത്തം രൂപംകൊണ്ട ഭാഗത്താണ് വലിയ രീതിയില്‍ വിള്ളലുണ്ടായിരിക്കുന്നത്. രണ്ടുദിവസം മുമ്പാണ് പുതുതായി പണിത പാലവും റോഡും ചേരുന്ന ഭാഗത്താണ് ടാറിട്ട സ്ഥലത്ത് ഗര്‍ത്തം രൂപപ്പെട്ടത്. നാട്ടുകാരുടെ പ്രതിഷേധത്തെ തുടര്‍ന്ന് കലക്ടര്‍ ഇടപെട്ട് ഗര്‍ത്തമുണ്ടായ ഭാഗം കോണ്‍ക്രീറ്റ് ചെയ്ത് അറ്റകുറ്റപ്പണി നടത്തിയിരുന്നു. എന്നാല്‍ അതു വീണ്ടും മഴ വെള്ളത്തില്‍ ഒലിച്ചുപോയി വിള്ളല്‍ രൂപപ്പെട്ടിരിക്കുകയാണ്.
ചട്ടഞ്ചാല്‍ ടൗണിന്റെ കിഴക്കുഭാഗത്തു പെയ്യുന്ന മുഴുവന്‍ വെള്ളവും ഇവിടേക്കാണ് ഒഴുകിയെത്തുന്നത്. ചെങ്കുത്തായ മേഖലയില്‍ ഒരുവശം കുത്തനെ മണ്ണെടുത്ത കുന്നും മറുവശം താഴ്ചയുമാണ്. അതിനാല്‍ തന്നെ റോഡിന്റെ വിള്ളല്‍ കൂടിയാല്‍ വലിയ അപകടമായിരിക്കും നടക്കുകയെന്ന് നാട്ടുകാര്‍ പറയുന്നു. നാട്ടുകാരുടെ പ്രതിഷേധത്തിനു മുന്നില്‍ കണ്ണില്‍പൊടിയിടുന്ന അറ്റകുറ്റപ്പണി മാത്രമാണ് കഴിഞ്ഞ ദിവസം നടന്നതെന്നാണ് നാട്ടുകാരുടെ ആരോപണം. മഴ ശക്തമാകുന്ന സാഹചര്യത്തില്‍ മറ്റൊരു ഷിരൂര്‍ ആവര്‍ത്തിക്കുമോ എന്ന ആശങ്കയിലാണ് പരിസരവാസികളും യാത്രക്കാരും.
Post a Comment
0 Comments