Type Here to Get Search Results !

Bottom Ad

കുമ്പളയിലെ ടോള്‍ ബൂത്തിനെതിരെ ജനരോഷം ശക്തമാവുന്നു; പില്ലറിനെടുത്ത കുഴികള്‍ സമരക്കാര്‍ മൂടി


കുമ്പള: ദേശീയപാത 66ല്‍ കുമ്പളയില്‍ സ്ഥാപിക്കുന്ന ടോള്‍ ബൂത്തിനെതിരെ ജനകീയ സമരം ശക്തമാവുന്നു. പ്രതിഷേധത്തിന്റെ ഭാഗമായി ഇന്നലെ നിര്‍മാണ പ്രവര്‍ത്തനം പബ്ലിക് ആക്ഷന്‍ കമ്മിറ്റിയുടെ നേതൃത്വത്തില്‍ പ്രവൃത്തി തടഞ്ഞു. രാജ്‌മോഹന്‍ ഉണ്ണിത്താന്‍ എം.പി, എം.എല്‍.എമാരായ എന്‍.എ നെല്ലിക്കുന്ന്, എ.കെ.എം അഷ്‌റഫ്, സിഎച്ച് കുഞ്ഞമ്പു, ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് യു.പി താഹിറ, അഷ്‌റഫ് കാര്‍ളെ, നാസര്‍ മൊഗ്രാല്‍, ബിഎ റഹ്മാന്‍ ആരിക്കാടി, സി.എ സുബൈര്‍, ലക്ഷ്മണ പ്രഭു, രഘു ദേവന്‍, അസീസ് മരിക്കെ, എ.കെ ആരിഫ്, സിദ്ധീഖ് ദണ്ഡഗോളി, മനോജ്, അന്‍വര്‍ ഹുസൈന്‍ സമരത്തിന് നേതൃത്വം നല്‍കി. പ്രതിഷേധ സമരത്തിനു പിന്നാലെ തടിച്ചൂകൂടിയ ജനക്കൂട്ടം ടോള്‍ ബൂത്തിനു കോണ്‍ക്രീറ്റ് തൂണുകള്‍ സ്ഥാപിക്കാനെടുത്ത കുഴികള്‍ മണ്ണിട്ടു മൂടി. ഇതിനിടയില്‍ ജോലി സ്ഥലത്തുണ്ടായിരുന്ന തൊഴിലാളികള്‍ സ്ഥലംവിട്ടു.

കഴിഞ്ഞ ദിവസം ചേര്‍ന്ന ജില്ലാ വികസന സമിതി യോഗം ടോള്‍ ബൂത്ത് നിര്‍മ്മാണം നിര്‍ത്തിവയ്ക്കണമെന്നു നിര്‍ദ്ദേശിച്ചിട്ടും ഒരു തടസമില്ലാതെ പണി തുടരുന്ന ധിക്കാരം അംഗീകരിക്കാനാവില്ലെന്നു എം.പി പറഞ്ഞു. ദേശീയ പാതയില്‍ തലപ്പാടിയില്‍ ടോള്‍ ഗേറ്റ് പ്രവര്‍ത്തിച്ചുകൊണ്ടിരിക്കെ 20 കി.മീ ദൂരപരിധിയിലുള്ള കുമ്പളയില്‍ കൂടി ടോള്‍ ഗേറ്റ് സ്ഥാപിക്കരുതെന്നാവശ്യപ്പെട്ട് ജില്ലാ വികസന സമിതി യോഗത്തില്‍ എ.കെ.എം അഷ്‌റഫ് എം.എല്‍.എ പ്രമേയത്തിലൂടെ ആവശ്യപ്പെട്ടിരുന്നു. തുടര്‍ന്ന് പണി നിര്‍ത്തിവെക്കാനും നിര്‍ദേശമുണ്ടായി. ദേശീയപാതയില്‍ 60 കി.മീറ്ററിനുള്ളില്‍ ടോള്‍ പിരിക്കില്ലെന്ന് കേന്ദ്ര ഗതാഗത വകുപ്പ് മന്ത്രി പാര്‍ലമെന്റില്‍ പ്രഖ്യാപിച്ചതാണ്. ഈ നിര്‍ദേശം കാറ്റില്‍പറത്തിയാണ് ദേശീയ പാത അതോറിറ്റി കുമ്പളയില്‍ ടോള്‍ പിരിക്കാന്‍ നീക്കം നടത്തുന്നത്. കുമ്പള നഗരത്തോട് അര കിലോ മീറ്റര്‍ മാറിയാണ് ടോള്‍ ഗേറ്റ് സ്ഥാപിക്കുന്നത്. ഇതു വലിയ രീതിയില്‍ ഗതാഗത തടസമുണ്ടാക്കുമെന്നും ആക്ഷേപമുണ്ട്. രണ്ടുദിവസം മുമ്പ് യൂത്ത് ലീഗിന്റെ നേതൃത്വത്തിലും നിര്‍മാണ പ്രവൃത്തി തടഞ്ഞിരുന്നു.
Tags

Post a Comment

0 Comments

Top Post Ad

Below Post Ad