തൃക്കരിപ്പൂര്‍: കേരള ആശാ ഹെല്‍ത്ത് വര്‍ക്കേഴ്‌സ് അസോസിയേഷന്റെ ആഭിമുഖ്യത്തില്‍ മെയ് 5 മുതല്‍ ജൂണ്‍ 17 വരെ കാസര്‍കോട് മുതല്‍ തിരുവനന്തപുരം വരെ നടത്തുന്ന ആശമാരുടെ രാപകല്‍ സമരയാത്രയുടെ ജില്ലാതല സമാപനം തൃക്കരിപ്പൂരില്‍ നടന്നു. സംഘടനയുടെ സംസ്ഥാന ജനറല്‍ സെക്രട്ടറി എം.എ ബിന്ദു നയിക്കുന്ന സമരയാത്രയുടെ ജില്ലാതല സമാപന സ്വീകരണ യോഗം ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് വി.കെ ബാവ ഉദ്ഘാടനം ചെയ്തു. മുസ്്‌ലിം ലീഗ് തൃക്കരിപ്പൂര്‍ പഞ്ചായത്ത് ജനറല്‍ സെക്രട്ടറി വി.വി അബ്ദുല്ല ഹാജി അധ്യക്ഷത വഹിച്ചു. സമരയാത്ര ലീഡര്‍ എം.എ ബിന്ദു, വി.കെ രവീന്ദ്രന്‍, എം. രജീഷ് ബാബു, സത്താര്‍ വടക്കുമ്പാട്, കെ. ശ്രീധരന്‍, ടി.എസ് നജീബ്, ഇ.വി ദാമോദരന്‍, ഉമേശന്‍ പ്രസംഗിച്ചു.
നീലേശ്വരത്ത് നല്‍കിയ സ്വീകരണത്തില്‍ കേരള മഹിളാ ഫെഡറേഷന്‍ സംസ്ഥാന വൈസ് പ്രസിഡന്റ് എം.പി കമലാക്ഷി അധ്യക്ഷത വഹിച്ചു. യുഡിഎഫ് നഗരസഭാ കണ്‍വീനര്‍ ഇഎം കുട്ടി ഹാജി, നഗരസഭാ കൗണ്‍സിലര്‍ ഇ ഷജീര്‍, വനിതാ ലീഗ് നേതാവ് പിപി നസീമ, സ്വാഗത സംഘം ജില്ലാ ചെയര്‍മാന്‍ വികെ രവീന്ദ്രന്‍, സിഎംപി സെന്‍ട്രല്‍ എക്‌സിക്യൂട്ടീവ് അംഗം ടി.വി ഉമേശന്‍, കേരള ആശ ഹെല്‍ത്ത് വര്‍ക്കേഴ്‌സ് അസോസിയേഷന്‍ നേതാക്കളായ കെ.പി റോസമ്മ, എം.എ ശാന്തമ്മ, കെ.ജെ ഷീല പ്രസംഗിച്ചു. യാത്രയ്ക്ക് നേതൃത്വം നല്‍കുന്ന കേരള ആശ ഹെല്‍ത്ത് വര്‍ക്കേഴ്‌സ് അസോസിയേഷന്‍ സംസ്ഥാന ജനറല്‍ സെക്രട്ടറി എം എ ബിന്ദു നന്ദി പറഞ്ഞു.
കാസര്‍കോട് പുതിയ ബസ് സ്റ്റാന്റില്‍ നിന്നും തിങ്കളാഴ്ച ആരംഭിച്ച യാത്ര ജില്ലയിലെ വിവിധ കേന്ദ്രങ്ങളില്‍ പര്യടനം നടത്തി. കഴിഞ്ഞ ദിവസം രാത്രി കാഞ്ഞങ്ങാട് സ്റ്റേഷന് സമീപം അന്തിയുറങ്ങിയാണ് ആശമാര്‍ പ്രതിഷേധം തുടര്‍ന്നത്. ഇന്നലെ രാവിലെ കാഞ്ഞങ്ങാട് നിന്നാരംഭിച്ച സമരയാത്ര രാത്രിയോടെ തൃക്കരിപ്പൂരില്‍ സമാപിച്ചു. യാത്രയില്‍ അനുഗമിക്കുന്ന അറുപതു അംഗങ്ങളും തൃക്കരിപ്പൂര്‍ ബസ് സ്റ്റാന്റില്‍ അന്തിയുറങ്ങി ഇന്ന് രാവിലെ കണ്ണൂര്‍ ജില്ലയിലേക്ക് പ്രവേശിപ്പിക്കും.
Post a Comment
0 Comments