മഞ്ചേശ്വരം: കാസര്‍കോടിന്റെ സമാധാനാന്തരീക്ഷത്തിന് കരിനിഴല്‍ വീഴ്ത്തുന്ന തരത്തില്‍ തീവ്രഹിന്ദുത്വ വാദിയും ആര്‍.എസ്.എസ് നേതാവുമായ കല്ലട്ക്ക പ്രഭാകര ഭട്ട് വോര്‍ക്കാടിയിലെ ശ്രീ മാതാസേവ ആശ്രമത്തില്‍ നടത്തിയ വിദ്വേഷ പ്രസംഗവുമായി ബന്ധപ്പെട്ട് അദ്ദേഹത്തിനെതിരെ ജാമ്യമില്ലാ വകുപ്പ് ചുമത്തി കേസെടുക്കണമെന്നാവശ്യപ്പെട്ട് മുസ്‌ലിം യൂത്ത് ലീഗ് മഞ്ചേശ്വരം മണ്ഡലം കമ്മിറ്റി മഞ്ചേശ്വരം പൊലിസില്‍ പരാതി നല്‍കി.
യാതൊരു പ്രകോപനവും കൂടാതെയാണ് പ്രഭാകര ഭട്ട് മതസ്പര്‍ദ്ധ വളര്‍ത്തുന്ന പ്രസംഗം നടത്തിയത്. കലാപ ആഹ്വാനം നടത്തുക വഴി, മതസൗഹാര്‍ദവും ഐക്യവും തകര്‍ത്ത് നാട്ടിലും സമൂഹത്തില്‍ ഛിദ്രത വളര്‍ത്തുകയാണ് ലക്ഷ്യം.
വര്‍ഗീയതയുടെ പരിപ്പ് ഒരിക്കലും വേവാത്ത മഞ്ചേശ്വരത്തെ മതേതര മനസില്‍ വര്‍ഗീയതയുടെ പുതിയ വേര്‍ഷന്‍ പുറത്തിറക്കാനാണ് ആര്‍.എസ്.എസ് നീക്കം. മുസ്‌ലിം ലീഗുള്ള കാലത്തോളം മഞ്ചേശ്വരത്തിന്റെ സമാധനാന്തരീക്ഷം തകര്‍ക്കാന്‍ കഴിയില്ലെന്നും ഇത്തരം വര്‍ഗീയ വിഷം തുപ്പുന്ന ആളുകളെ പൊലിസ് ഉടന്‍ അറസ്റ്റ് ചെയ്ത് ജയിലിലടക്കണമെന്നും മുസ്‌ലിം ലീഗ് മണ്ഡലം പ്രസിഡന്റ് ബി.എം മുസ്തഫ, ജനറല്‍ സെക്രട്ടറി സിദ്ധീഖ് ദണ്ഡഗോളി, മജീദ് പച്ചമ്പള, റിയാസ് ഉദ്യാവര്‍ ആവശ്യപ്പെട്ടു.
Post a Comment
0 Comments