Type Here to Get Search Results !

Bottom Ad

സംസ്ഥാനത്ത് വീണ്ടും കോളറ മരണം, ചികിത്സയിലുണ്ടായിരുന്ന ആലപ്പുഴ സ്വദേശി മരിച്ചു


സംസ്ഥാനത്ത് വീണ്ടും കോളറ മരണം. ആലപ്പുഴ തലവടിയില്‍ കോളറ ബാധിച്ച് ചികിത്സയിലായിരുന്ന യുവാവ് മരിച്ചു. തലവടി സ്വദേശി ടി ജി രഘു (48) ആണ് മരിച്ചത്. തിരുവല്ലയിലെ സ്വകാര്യ മെഡിക്കല്‍ കോളേജില്‍ ചികിത്സയിലിരിക്കെയാണ് മരണം. അര്‍ദ്ധരാത്രിയോടെയാണ് മരണം സ്ഥിരീകരിച്ചത്. ഈ വര്‍ഷം സംസ്ഥാനത്ത് സ്ഥിരീകരിക്കുന്ന രണ്ടാമത്തെ കേസാണിത്. കോളറ ബാധിച്ച് കഴിഞ്ഞ മാസം തിരുവനന്തപുരം കവടിയാര്‍ സ്വദേശിയായ കാര്‍ഷിക വകുപ്പിലെ മുന്‍ ഉദ്യോഗസ്ഥന്‍ മരിച്ചിരുന്നു.

മരണാനന്തരം നടത്തിയ രക്ത പരിശോധനയിലാണ് കോളറ സ്ഥിരീകരിച്ചത്. കഴിഞ്ഞ ഏപ്രില്‍ 20ന് തിരുവനന്തപുരത്തെ സ്വകാര്യ ആശുപത്രിയില്‍ വെച്ചായിരുന്നു മരണം. 2024 ഓഗസ്റ്റില്‍ വയനാട്ടില്‍ കോളറ ബാധിച്ച് സുല്‍ത്താന്‍ ബത്തേരി നൂല്‍പ്പുഴ സ്വദേശി വിജില (30) മരിച്ചിരുന്നു.

എന്താണ് കോളറ?

വിബ്രിയോ കോളറെ എന്ന ബാക്ടീരിയയുടെ വകഭേദങ്ങള്‍ കാരണം ചെറുകുടലില്‍ ഉണ്ടാകുന്ന അണുബാധയാണ് കോളറ. ഈ ബാക്ടീരിയ മൂലം മലിനമായ വെള്ളമോ ഭക്ഷണമോ ഉപയോഗിക്കുന്നതിലൂടെ കോളറ പിടിപ്പെട്ടേക്കാം. ഇത് ശരീരത്തിലെ പ്രധാന ധാതുക്കള്‍ (ഇലക്ട്രോലൈറ്റുകള്‍) വേഗത്തില്‍ നഷ്ടപ്പെടുന്നതിനും നിര്‍ജ്ജലീകരണം സംഭവിക്കുന്നതിനും കാരണമാകും. മുതിര്‍ന്നവരെയും കുട്ടികളെയും ഒരുപോലെ ബാധിക്കുന്ന രോഗം കൂടിയാണ് ഇത്.

വയറിളക്കമാണ് പ്രധാനപ്പെട്ട ലക്ഷണം. ഇത് മൂലം വളരെ പെട്ടെന്ന് നിര്‍ജലീകരണം സംഭവിച്ച് ഗുരുതരാവസ്ഥയില്‍ ആകുവാനും മരണം വരെ സംഭവിക്കാനും സാധ്യത കൂടുതലാണ്. കോളറ മിക്കപ്പോഴും ശുദ്ധജലമോ ടോയ്‌ലറ്റ് സൗകര്യങ്ങളോ ലഭ്യമല്ലാത്ത പ്രദേശങ്ങളിലാണ് പടരുക. വയറിളക്കം പിടിപെട്ടാല്‍ ആരംഭത്തില്‍ തന്നെ പാനീയ ചികിത്സ തുടങ്ങുന്നത് വഴി രോഗം ഗുരുതരമാകാതെ തടയാം. ഉപ്പിട്ട കഞ്ഞിവെള്ളം, കരിക്കിന്‍വെള്ളം, എന്നിവ കുടിക്കണം.

വ്യക്തിശുചിത്വവും പരിസര ശുചിത്വവും പാലിക്കുക, പച്ചവെള്ളവും, തിളപ്പിച്ച വെള്ളവും കുട്ടിച്ചേര്‍ത്ത് ഉപയോഗിക്കരുത്, നന്നായി തിളപ്പിച്ചാറ്റിയ വെള്ളം മാത്രം കുടിക്കുക, ഭക്ഷണം കഴിക്കുന്നതിനു മുന്‍പും ശേഷവും ശൗചാലയം ഉപയോഗിച്ചതിന് ശേഷവും കൈകള്‍ സോപ്പ് ഉപയോഗിച്ച് നന്നായി കഴുകുക, മത്സ്യം, കക്ക, കൊഞ്ച് തുടങ്ങിയവ വൃത്തിയായി കഴുകി നന്നായി പാകം ചെയ്ത ശേഷം മാത്രം കഴിക്കുക, ആഹാരസാധനങ്ങള്‍ ഒരിക്കലും തുറന്ന് വയ്ക്കരുത് എന്നീ കാര്യങ്ങള്‍ ശ്രദ്ധിക്കണം
Tags

Post a Comment

0 Comments

Top Post Ad

Below Post Ad