Type Here to Get Search Results !

Bottom Ad

ഡോ. എം.കെ മുനീറിനും പ്രേമചന്ദ്രന്‍ എം.പിക്കും മെട്രോ പുരസ്‌കാരം



കാഞ്ഞങ്ങാട്: രാഷ്ട്രീയ- സാമൂഹിക രംഗങ്ങളില്‍ നിറസാന്നിധ്യമായിരുന്ന മെട്രോ മുഹമ്മദ് ഹാജിയുടെ സ്മരണാര്‍ഥം കാഞ്ഞങ്ങാട് മുസ്്‌ലിം വെല്‍ ഫെയര്‍ സൊസൈറ്റി ഏര്‍പ്പെടുത്തിയ മെട്രോ പുരസ്‌കാരങ്ങള്‍ മുസ്ലിംലീഗ് സംസ്ഥാന സെക്രട്ടറി എം.കെ മുനീറിനും എന്‍.കെ പ്രേമചന്ദ്രന്‍ എം.പിക്കും നല്‍കുമെന്ന് പുരസ്‌കാര നിര്‍ണയ കമ്മിറ്റി ചെയര്‍മാന്‍ ഡോ. ഖാദര്‍ മാങ്ങാടും അംഗങ്ങളായ മാധ്യമപ്രവര്‍ത്തകരായ ഇ.വി ജയകൃഷ്ണനും ബഷീര്‍ ആറങ്ങാടിയും പത്രസമ്മേളനത്തില്‍ അറിയിച്ചു.

ജൂണ്‍ പത്തിന് മെട്രോ മുഹമ്മദ് ഹാജി ചരമവാര്‍ഷിക ദിനത്തില്‍ കാഞ്ഞങ്ങാട് ടൗണ്‍ ഹാളില്‍ പുരസ്‌കാരങ്ങള്‍ മുന്‍ സംസ്ഥാന ആഭ്യന്തര മന്ത്രി രമേശ് ചെന്നിത്തല വിതരണം ചെയ്യും. 25000 രൂപയും ഫലകവും പ്രശസ്തി പത്രവുമാണ് നല്‍കുക. പൊതുപ്രവര്‍ത്തകന്‍, കലാസാംസ്‌കാരിക പ്രവര്‍ത്തകന്‍, എഴുത്തുകാരന്‍, പ്രഭാഷകന്‍, ഗായകന്‍, കാര്‍ട്ടൂണിസ്റ്റ്, പ്രസാധകന്‍, മികച്ച പാര്‍ല മെന്ററിയന്‍ തുടങ്ങി വിവിധ മേഖലയില്‍ മുന്‍ മുഖ്യമന്ത്രി സി.എച്ച് മുഹമ്മദ് കോയയുടെ മകനായ എം.കെ മുനീര്‍ നല്‍കിയ സംഭാവനങ്ങള്‍ മുന്‍നിര്‍ത്തിയാണ് അദ്ദേഹത്തിന് അവാര്‍ഡ് നല്‍കാന്‍ തീരുമാനിച്ചതെന്ന് പുരസ്‌കാര കമ്മിറ്റി അംഗങ്ങള്‍ പറഞ്ഞു.

മുനീര്‍ രണ്ടു ഗ്രന്ഥങ്ങള്‍ എഴുതിയിട്ടുണ്ട്. കോഴിക്കോട്ടെ ഒലീവ് പുസ്തക പ്രസാധനം മുനീര്‍ തുടക്കമിട്ട സംരഭമാണ്. പൊതുമരാമത്ത്, പഞ്ചായത്ത് സാമൂഹിക ക്ഷേമ വകുപ്പുകളിലായി രണ്ടു തവണ മന്ത്രിയായി തിളങ്ങിയിട്ടുണ്ട്. മികച്ച പാര്‍ലമെന്ററിയന്‍, പ്രഭാഷകന്‍, ഭരണകര്‍ത്താവ് എന്നീ നിലകളില്‍ പ്രശസ്തനാണ് പ്രേമചന്ദ്രന്‍. ആര്‍.എസ്.പിയുടെ നേതാവായ പ്രേമചന്ദ്രന്‍ നിലവില്‍ കൊല്ലം ലോക്സഭ മണ്ഡലത്തി നെ പ്രതിനിധീകരിക്കുന്നു. നേരത്തെ ജലവിഭവ വകുപ്പ് മന്ത്രിയായിരുന്നിട്ടുണ്ട്. ഒ. ഇറാഖ് എന്ന പേരില്‍ പുസ്തകവും പ്രേമചന്ദ്രന്‍ പ്രസിദ്ധീകരിച്ചിട്ടുണ്ട്. ഇതെല്ലാം മുന്‍നിര്‍ത്തിയാണ് പ്രേമചന്ദ്രന് അവാര്‍ഡ് കൊടുക്കാന്‍ തീരുമാനിച്ചിരിക്കുന്നതെന്നും കമ്മിറ്റി അംഗങ്ങള്‍ പറഞ്ഞു. പത്രസമ്മേളനത്തില്‍ വെല്‍ഫെയര്‍ സൊസൈറ്റി ചെയര്‍മാന്‍ ടി. അബൂബക്കര്‍ ഹാജി, കണ്‍വീനര്‍ ടി. റംസാന്‍, ഡയറക്ടര്‍മാരായ എ. ഹമീദ് ഹാജി സംബന്ധിച്ചു.

Tags

Post a Comment

0 Comments

Top Post Ad

Below Post Ad